തലശ്ശേരിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.എന്‍ ഷംസീര്‍ ഒരു കാരണവശാലും ജയിക്കരുതെന്ന നടനും തൃശ്ശൂര്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയുടെ പരാമർശത്തിന് മറുപടിയുമായി എ.എന്‍ ഷംസീര്‍. വർഗീയകലാപത്തെ അടിച്ചമർത്തിയ തലശ്ശേരിയാണെന്നും, ഇവിടെ കോലീബിയെ വേരോടെ പിഴുതെറിയുമെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ എ.എന്‍ ഷംസീര്‍ വ്യക്തമാക്കി. ന്യൂസ് 18 ചാനലിന്റെ ഗ്രൗണ്ട് റിപ്പോര്‍ട്ട് എന്ന പരിപാടിയിലായിരുന്നു എ.എന്‍ ഷംസീറിനെക്കുറിച്ചുള്ള സുരേഷ്‌ഗോപിയുടെ പരമാർശം.
തലശ്ശേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയില്ലാത്ത പശ്ചാത്തലത്തില്‍ ആര് ജയിക്കണമെന്നാണ് ആഗ്രഹമെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ആരൊക്കെയാണ് എതിർ സ്ഥാനാർഥികൾ എന്ന് സുരേഷ്‌ഗോപി മറുചോദ്യം ചോദിച്ചിരുന്നു. എ എൻ ഷംസീർ ആണെന്ന് മാധ്യമപ്രവർത്തകൻ പറഞ്ഞപ്പോൾ ഷംസീർ ഒരു കാരണവശാലും ജയിക്കാൻ പാടില്ലെന്ന് സുരേഷ്‌ഗോപി മറുപടി നൽകി. സുരേഷ്‌ഗോപിയുടെ മറുപടിയും ഷംസീറിന്റെ തിരഞ്ഞെടുപ്പ് പ്രകടനത്തിന്റെ ഭാഗങ്ങൾ ഉൾപ്പെടുത്തിയ വീഡിയോയും സോഷ്യൽ മീഡിയയിൽ എ എൻ ഷംസീർ പങ്കുവെച്ചു.
ഇത് തലശ്ശേരിയാണ് സർ... വർഗീയകലാപത്തെ അടിച്ചമർത്തിയ തലശ്ശേരി... മതനിരപേക്ഷതക്ക് പേരുകേട്ട തലശ്ശേരി.. ആ തലശ്ശേരിയിൽ ഒരു കോലീബി സഖ്യവും വിജയിച്ച ചരിത്രമില്ല... അതേ ചരിത്രമാവർത്തിക്കും... അവിശുദ്ധ കോലീബി സഖ്യത്തെ ഞങ്ങൾ വേരോടെ പിഴുതെറിയും.
എ എൻ ഷംസീർ
നാമനിര്‍ദേശ പത്രികയുടെ സൂക്ഷമ പരിശോധനയില്‍ തലശ്ശേരിയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും ബിജെപിയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റൂകൂടിയായ എന്‍. ഹരിദാസിന്റെ നാമനിര്‍ദേശ പത്രിക തള്ളിപ്പോയിരുന്നു. ഇതിന് പിന്നാലെ യു.ഡി.എഫ്-ബി.ജെ.പി ധാരണയുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നിലനിന്നിരുന്നു. ഇതിനിടെയാണ് ഷംസീര്‍ ജയിക്കരുതെന്ന് പരസ്യമായി സുരേഷ് ഗോപി പ്രഖ്യാപിച്ചത്.