പരസ്യത്തിന് കൂടുതല്‍ തുക ചിലവിട്ട് ബിജെപി, മോദി പേജുകള്‍ക്കായി നാല് കോടി 

പരസ്യത്തിന് കൂടുതല്‍ തുക ചിലവിട്ട് ബിജെപി, മോദി പേജുകള്‍ക്കായി നാല് കോടി 

രാഷ്ട്രീയ പാര്‍ട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ ചിലവാക്കിയത് 53 കോടി രൂപ 
Published on

തിരഞ്ഞടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ ചിലവാക്കിയത് 53 കോടി രൂപ. തിരഞ്ഞെടുപ്പ് പ്രചാരണം നടന്ന ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള നാല് മാസം ഗൂഗിളിലും ഫേസ്ബുക്കിലുമായി പരസ്യം നല്‍കിയ ഇനത്തിലാണ് ഈ തുക. ഭരണകക്ഷിയായ ബിജെപിയാണ് ഏറ്റവും കൂടുതല്‍ തുക ചിലവിട്ടിരിക്കുന്നത്.

ആഡ് ലൈബ്രററി റിപ്പോര്‍ട്ട് പ്രകാരം 1.21 ലക്ഷം രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി 26.5 കോടി രൂപ ഫേസ്ബുക്കിന് നല്‍കിയിട്ടുണ്ട്. മെയ് 15 വരെയുള്ള കണക്കാണിത്. ഗൂഗളിലെ 14837 പരസ്യങ്ങള്‍ക്കായി 27.36 കോടി രൂപ ചിലവഴിച്ചു.

ഫേസ്ബുക്കിലെ 2500 പരസ്യങ്ങള്‍ക്കായി 4.23 കോടി രൂപയാണ് ബിജെപി ചിലവിട്ടത്. മൈ ഫസ്റ്റ് വോട്ട് ഫോര്‍ മോദി, ഭാരത് കേ മന്‍ കീ ബാത് , നാഷന്‍ വിത്ത് നമോ എന്നീ പേജുകളിലൂടെ നാല് കോടി രൂപ ചിലവിട്ടു. ഗൂഗിള്‍ പ്ലാറ്റ്‌ഫോമില്‍ ഇത് 17 കോടി രൂപയാണ്. 3686 പരസ്യങ്ങള്‍ക്കായി 1.46 കോടി രൂപയാണ് ഫേസ്ബുക്കിന് കോണ്‍ഗ്രസ് നല്‍കിയത്. 425 പരസ്യങ്ങള്‍ക്കായി 2.71 കോടി രൂപ ഗൂഗിളിലും ചിലവിട്ടു.

ഫേസ്ബുക്ക് ഡാറ്റ പ്രകാരം തൃണമൂല്‍ കോണ്‍ഗ്രസ് 29.28 ലക്ഷം രൂപ പരസ്യങ്ങള്‍ക്കായി ചിലവാക്കിയിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ 176 പരസ്യങ്ങള്‍ക്കായി 13.62ലക്ഷം നല്‍കി.

തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ പരസ്യങ്ങളുടെ വിശദാംശങ്ങള്‍ പുറത്ത് വിടുമെന്ന് ഗൂഗിളും ഫേസ്ബുക്ക് ഈ വര്‍ഷം തുടക്കത്തില്‍ പ്രഖ്യാപിച്ചിരുന്നു. സുതാര്യത ഉറപ്പു വരുത്തുന്നതിനായിട്ടായിരുന്നു ഇത്. സത്യസന്ധമായി തിരഞ്ഞെടുപ്പ് നടക്കാനുള്ള സാഹചര്യം ഉറപ്പ് വരുത്തുന്നതിനായിട്ടുള്ള മാറ്റങ്ങള്‍ ഈ പ്ലാറ്റ്‌ഫോമുകള്‍ കഴിഞ്ഞ മാസങ്ങളില്‍ വരുത്തിയിരുന്നു.

logo
The Cue
www.thecue.in