തന്നെ വിജയപ്പിച്ച പാലക്കാട്ടെ ജനങ്ങള്‍ക്ക് പ്രവര്‍ത്തനങ്ങളിലൂടെ നന്ദി പറയുന്നുവെന്ന് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പില്‍. ഈ 3000ത്തിന് 30000ത്തിന്റെ വിലയുണ്ടെന്ന് പ്രവര്‍ത്തനങ്ങളിലൂടെ ഞാന്‍ പാലക്കാട്ടെ ജനങ്ങള്‍ക്ക് കാണിച്ചുകൊടുക്കും. പാലക്കാട്ടെ ജനങ്ങളോടുള്ള നന്ദി വാക്കുകളിലല്ല, പ്രവർത്തനങ്ങളിലൂടെ കാണിച്ചുകൊടുക്കും. ഞാന്‍ ജയിച്ചതല്ല, പാലക്കാട്ടെ ജനങ്ങള്‍ എന്നെ ജയിപ്പിച്ചതാണെന്നും ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ബിജെപി സ്ഥാനാർഥി ഇ ശ്രീധരനെ ഷാഫി പറമ്പിൽ പരാജയപ്പെടുത്തിയത്. 3000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാഫി പറമ്പിൽ ജയിച്ചത്.
വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിപ്പോന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന് പിന്നീടങ്ങോട്ട് ലീഡ് നഷ്ടമായിരുന്നു. ആകെ 180 ബൂത്തുകളാണ് മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. ബി.ജെ.പി കനത്ത പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന ഒമ്പത് മണ്ഡലങ്ങളിലൊന്നായിരുന്നു പാലക്കാട് മണ്ഡലം. അതേസമയം ഷാഫിക്കും ശ്രീധരനുമെതിരെ സി.പി.ഐ.എം കളത്തിലിറക്കിയ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി സി.പി. പ്രമോദിന് മൂന്നാം സ്ഥാനത്ത് ഒതുങ്ങേണ്ടി വന്നു.
കഴിഞ്ഞ രണ്ടു തവണയും പാലക്കാടിന്റെ ജനവിധി ഷാഫി പറമ്പിലിനൊപ്പം തന്നെയായിരുന്നു. 2011ല്‍ ആദ്യ മത്സരത്തില്‍ സി.ഐ.ടി.യു നേതാവ് കെ.കെ. ദിവാകരനെ 7403 വോട്ടിനാണ് തോല്‍പ്പിച്ചത്. 2016ല്‍ ഷാഫിയെ നേരിടാന്‍ നാലുവട്ടം പാലക്കാടിനെ ലോക്‌സഭയില്‍ പ്രതിനിധീകരിച്ച എന്‍.എന്‍. കൃഷ്ണദാസിനെ സി.പി.ഐ.എം രംഗത്തിറക്കിയെങ്കിലും അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. അന്ന് ബി.ജെ.പിയുടെ ശോഭ സുരേന്ദ്രനാണ് രണ്ടാം സ്ഥാനത്തെത്തിയത്. 17,438 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷമാണ് ഷാഫി നേടിയത്.