വര്‍ഗീയവാദിയായ ശ്രീധരന്‍പിള്ളയെ ലീഗ് പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന് പികെ ഫിറോസ്, ബിജെപിയും ആര്‍എസ്എസും ദേശവിരുദ്ധരുടെ കൂട്ടം
രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ മുസ്ലിം ലീഗിനെതിരെ വര്‍ഗ്ഗീയ പ്രചരണം നടത്തുന്ന പി.എസ് ശ്രീധരന്‍പിള്ളയടക്കമുള്ള ബിജെപി നേതാക്കളെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന് പി.കെ ഫിറോസ്. മുസ്ലിം വേദികളില്‍ മാത്രമല്ല സെക്കുലറിസത്തില്‍ വിശ്വസിക്കുന്ന എല്ലാവരും ഭ്രഷ്ട് കല്‍പ്പിക്കണം. അത്തരം ആലോചനകള്‍ ആരംഭിക്കണം. മുസ്ലിം ലീഗ് നേതൃത്വവുമായി ഇക്കാര്യം സംസാരിക്കും. ഇത്തരം മനോഭാവം വച്ച് പുലര്‍ത്തുന്നവരെ ജനാധിപത്യത്തിന്റെ വലിപ്പം കൊണ്ടാണ് മുസ്ലിം ലീഗ് ചര്‍ച്ചകളിലും പരിപാടികളിലും പങ്കെടുപ്പിക്കുന്നത്. മാറ്റിനിര്‍ത്താറില്ല. ആ ജനാധിപത്യ ബോധം ഇവര്‍ക്കില്ലെങ്കില്‍ പരിപാടികളില്‍ ഇവരെ പങ്കെടുപ്പിക്കുന്നത് കൊണ്ട് ഒരു നേട്ടവും ഇല്ല. ലീഗ് ബഹിഷ്‌കരിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും ഫിറോസ് ദ ക്യൂവിനോട് പറഞ്ഞു.
ശ്രീധരന്‍പിള്ളയും രാജഗോപാലും മിതവാദിനേതാക്കളാണെന്ന പ്രചരണം ബിജെപിയുടെ തന്ത്രമാണ്. മുസ്ലിം നേതാക്കളുമായി ആശയവിനിമയം നടത്തിയും പരിപാടികളില്‍ പങ്കെടുത്തും തന്ത്രപരമായ നീക്കം നടത്താറുണ്ട്. അത്തരം മിതവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ബിജെപി നിയോഗിച്ച വ്യക്തിയാണ് ശ്രീധരന്‍പിള്ള. ശ്രീധരന്‍പിള്ളയെ പോലുള്ളവരുടെ മുഖംമൂടി കൂടി അഴിഞ്ഞു വീഴുകയാണ് ഈ തിരഞ്ഞെടുപ്പില്‍ അഴിഞ്ഞു വീഴുകയാണ്. മിതവാദപരമായ സമീപനം പോലും ഇനി ആവശ്യമില്ലെന്ന നിലപാടിലേക്ക് ആര്‍എസ്എസും സംഘപരിവാറും എത്തുന്നുവെന്നതാണ് ശ്രീധരന്‍പിള്ളയുടെ മുഖംമൂടി അഴിച്ചുവെക്കലിലൂടെ ബോധ്യമാകുന്നത്.
പലരും പറയാനുണ്ട് ബിജെപിക്കകത്തെ നല്ല നേതാക്കളാണ് ശ്രീധരന്‍പിള്ളയും രാജഗോപാലുമൊക്കെയെന്ന്. സത്യത്തില്‍ ബിജെപിക്കകത്ത് അത്തരം രണ്ടുതരം ആള്‍ക്കാരില്ല. ബിജെപിക്കകത്ത് മിതവാദികളും തീവ്രവാദികളുമില്ല. എല്ലാവരും തീവ്രവാദികളാണ്. മിതവാദികളുടെ മുഖംമൂടി അണിയുകയാണ്. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് പോളിസിയാണ് എല്ലാ തിരഞ്ഞെടുപ്പിലും അവര്‍ പ്രയോഗിക്കുന്നത്. ഈ തിരഞ്ഞെടുപ്പിലും അതുതന്നെയാണ്. ബിജെപിയെ ബ്രിട്ടീഷ് ജനതാ പാര്‍ട്ടിയെന്നാണ് വിളിക്കേണ്ടത് ഭാരതീയ ജനതാ പാര്‍ട്ടിയെന്നല്ല. പഴയ ബ്രിട്ടീഷുകാരന്റെ തന്ത്രം പഴറ്റിയിട്ട് ഹിന്ദുവിനെയും മുസ്ലിമിനെയും തമ്മിലടിപ്പിക്കുകയെന്നതാണ് അവര്‍ പ്രയോഗിക്കുന്ന തന്ത്രം.
ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നു, ഹിന്ദു ഭൂരിപക്ഷമുള്ളിടത്ത് നിന്ന് ഒളിച്ചോടുന്നുവെന്നും പ്രചരിപ്പിക്കുമ്പോള്‍ അത്തരം പ്രചരണം ആര്‍എസ്എസ് നടത്തുമെന്ന് അറിയാത്ത ആളല്ല യഥാര്‍ത്ഥത്തില്‍ രാഹുല്‍ഗാന്ധി. അങ്ങനെ ആര്‍എസ്എസ് പ്രചരിക്കുമ്പോള്‍ ന്യൂനപക്ഷങ്ങളെ ചേര്‍ത്ത് പിടിക്കുകയെന്ന രാഷ്ട്രീയമാണ് രാഹുല്‍ഗാന്ധി അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം വഴി നല്‍കുന്ന സന്ദേശം. ന്യൂനപക്ഷങ്ങളെയും ദളിതരെയും ആദിവാസികളെയും ചേര്‍ത്ത് പിടിക്കുന്ന രാഷ്ട്രീയം രാഹുല്‍ഗാന്ധി ഇവിടെ അവതരിപ്പിക്കുന്നു. ഭിന്നിപ്പിച്ച് അധികാരത്തിലേക്കുള്ള വഴിവെട്ടാന്‍ ബിജെപി ശ്രമിക്കുന്നു. അതില്‍ ശ്രീധരന്‍പിള്ളയും യോഗി ആദിത്യനാഥും കണക്കാണ്. ഇവരുടെയൊക്കെ രാഷ്ട്രീയം വര്‍ഗ്ഗീയ രാഷ്ട്രീയമാണ്. ഇത്രയും കാലം ബിജെപിയിലെ മാന്യനെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ച ശ്രീധരന്‍പിള്ളയടക്കം അങ്ങേയറ്റം വര്‍ഗ്ഗീയവാദിയാണെന്നും ദേശവിരുദ്ധരുടെ ഒരുകൂട്ടമാണ് ബിജെപിയും ആര്‍എസ്എസും എന്നതുമാണ് ഇപ്പോള്‍ അവര്‍ ഒരിക്കല്‍ കൂടി അടിവരയിട്ട് ഉറപ്പിച്ചത്. കാരണം രാജ്യത്തെ എല്ലാ പൗരന്മാരെയും ഒരുപോലെ കാണാന്‍ കഴിയുന്നില്ലെങ്കില്‍ അവരാണ് ഏറ്റവും വലിയ ദേശദ്രോഹികളെന്നും ഫിറോസ് പറഞ്ഞു.
അതേസമയം മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്ന ആര്‍ക്കും വര്‍ഗ്ഗീയമായോ ആദിത്യനാഥ് വിശേഷിപ്പിക്കുന്നത് പോലെ രാജ്യദ്രോഹപരമായോ ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് മനസ്സിലാകുമെന്ന് വയനാട് മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനറും മുസ്ലിം ലീഗിന്റെ ഉന്നതാധികാര സമിതി അംഗവുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
യോഗി ആദിത്യനാഥ് മുസ്ലിം ലീഗിനെക്കുറിച്ച് അറിയാതെയാണ് ഇത്തരം പരാമര്‍ശം നടത്തിയത്. രാജ്യസ്‌നേഹപരമായ നിലപാടുകളും മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന നടപടികളുമാണ് സ്വീകരിച്ചിട്ടുള്ളത്. മതസൗഹാര്‍ദ്ദവും മതസഹിഷ്ണുതയും കാത്തുസൂക്ഷിക്കുന്നതില്‍ മറ്റ് ഏത് പാര്‍ട്ടിയേക്കാളും പ്രാമുഖ്യം കൊടുത്താണ് മുന്നോട്ട് പോകുന്നതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
എന്നാല്‍ ആരെങ്കിലും ആരോപണമുന്നയിച്ചാല്‍ നിരാശയോ അപകര്‍ഷതാബോധമോ ഉണ്ടാകുന്ന പാര്‍ട്ടിയല്ല മുസ്ലിം ലീഗ്. കാരണം മുസ്ലിം ലീഗിന് അതിന്റെ കഴിഞ്ഞ കാല നടപടികളെക്കുറിച്ച് പരിപൂര്‍ണ്ണ ബോധ്യമുണ്ട്. തുറന്ന പുസ്തകമാണ് ലീഗ് ആര്‍ക്കും പരിശോധിക്കാം. സമൂഹത്തിലെ ജാതി-മത ചിന്തകള്‍ക്ക അതീതമായാണ് മുസ്ലിം ലീഗ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. മുസ്ലിം ലീഗ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അതില്‍ ജാതിയും മതവും നോക്കാറില്ല. അര്‍ഹതപ്പെട്ട ആളുകള്‍ക്ക് സഹായമെത്തിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആര് ആരോപണമുന്നയിച്ചാലും ഭയപ്പാടില്ല. പ്രവര്‍ത്തനങ്ങള്‍ അത്രത്തോളം സുതാര്യമാണ്. മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ പഠിക്കുന്നവര്‍ കുറ്റപ്പെടുത്തില്ല എന്ന ഉറച്ച വിശ്വാസവും ഞങ്ങള്‍ക്കുണ്ട്.
മുസ്ലിം ലീഗിനെതിരെ മറ്റൊരു ആരോപണവും ഉന്നയിക്കാനില്ലാത്തത് കൊണ്ടാവും. പ്രകോപനം ഉണ്ടാക്കാനായിരിക്കും ശ്രമം. രാഹുല്‍ഗാന്ധി മത്സരിക്കുന്ന അമേഠിയിലെ വോട്ടര്‍മാരെ കൂടി തെറ്റിദ്ധരിപ്പിക്കാനാവും ഇത്. ഇത്തരം ആരോപണം ഉന്നയിച്ച് വൈകാരികത ഇളക്കിവിടാനാണ് ശ്രമം. വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.