പാലക്കാട്ടെ ഇടത് കോട്ടകളിലും ശ്രീകണ്ഠന് ലീഡ്
സിപിഎമ്മിനെ ഞെട്ടിച്ച് പാലക്കാട് ലോകസഭ മണ്ഡലത്തിലെ നിയമസഭ മണ്ഡലങ്ങളില്‍ യുഡിഎഫ് ആധിപത്യം. മലമ്പുഴ ഒഴികെയുള്ള ആറ് മണ്ഡലങ്ങളിലും യുഡിഎഫ് ലീഡ് ചെയ്യുന്നതാണ് ഇടത് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകുന്നത്. മണ്ണാര്‍ക്കാടും പാലക്കാടും മാത്രമാണ് യുഡിഎഫിന് ലീഡ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ മലമ്പുഴ ഒഴികെയുള്ള മണ്ഡലങ്ങളില്‍ യുഡിഎഫ് ലീഡ് നേടിയിരുന്നു. ഒറ്റപ്പാലവും ഷൊര്‍ണ്ണൂരും കോങ്ങാടും ഇടതുപക്ഷത്തോടൊപ്പം ഉറച്ചു നില്‍ക്കുന്ന മണ്ഡലങ്ങളാണ്. ഇവിടെ തിരിച്ചടിയാകുന്നത് സിപിഎം നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
എം ബി രാജേഷ് ആദ്യ മത്സരിച്ച 2009ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സതീശന്‍ പാച്ചേനിയെ തോല്‍പ്പിച്ചത് 1820 വോട്ടുകള്‍ക്കാണ്. എന്നാല്‍ 2014ല്‍ എം പി വീരേന്ദ്രകുമാറിനെ 105300 വോട്ടുകള്‍ക്കാണ് എം ബി രാജേഷ് പരാജയപ്പെടുത്തിയത്. നിയമസഭ തിരഞ്ഞെടുപ്പിലും പട്ടാമ്പി തിരിച്ചു പിടിച്ച ഇടതുപക്ഷം മണ്ഡലത്തില്‍ ഉറച്ച വിജയപ്രതീക്ഷയാണ് തുടക്കം മുതല്‍ കാണിച്ചത്.
പാലക്കാട് ഇടത്പക്ഷത്തിന് നിര്‍ണ്ണായകമായ സ്വാധീനമുള്ള മണ്ഡലമായാണ് കണക്കാക്കപ്പെടുന്നത്. മണ്ഡലത്തില്‍ ചരിത്രത്തില്‍ 11 തവണ ഇടത് പ്രതിധികള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നാലു തവണ മാത്രമാണ് കോണ്‍ഗ്രസിന് ഇവിടെ ജയിക്കാനായിട്ടുള്ളത്. ഇടത്പക്ഷത്തിന്റെ ഈ മേല്‍ക്കോയ്മയ്ക്കിടയിലും ഉന്നതരായ രണ്ട് നേതാക്കള്‍, മുന്‍ ധനമന്ത്രി ടി.ശിവദാസമേനോനും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ.വിജയരാഘവനും, ഇവിടെ അടിതെറ്റി വീണിട്ടുമുണ്ട്. 2009 ല്‍ മണ്ഡലം പുനസംഘടിപ്പിച്ചപ്പോഴും ഇടതു സ്വഭാവത്തില്‍ മാറ്റം വന്നിട്ടില്ല. കൂട്ടിച്ചേര്‍ക്കപ്പെട്ട ഷൊര്‍ണൂരും ഒറ്റപ്പാലവും പട്ടാമ്പിയും ഇടതുപാരമ്പര്യം നിലനിര്‍ത്തുന്ന പ്രദേശങ്ങളാണ്. പട്ടാമ്പി, ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട്,മലമ്പുഴ, പാലക്കാട് എന്നീ നിയമസഭാമണ്ഡലങ്ങള്‍ ചേര്‍ന്നതാണ് പാലക്കാട് ലോക്സഭാ മണ്ഡലം.