ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് മറിച്ച് നല്‍കാത്തതിലുള്ള പി.രാജീവിന്റെ പ്രതികാരമാണ് പാലാരിവട്ടം അഴിമതി കേസെന്നെ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ ആരോപണത്തെ അനുകൂലിച്ച് ഹൈബി ഈഡന്‍ എം.പി. ലോക്‌സഭ തെരഞ്ഞെടുപ്പിനിടെ ഇബ്രാഹിം കുഞ്ഞിനെ രാജീവ് ഭീഷണിപ്പെടുത്തുന്നത് താന്‍ നേരിട്ട് കണ്ടതാണെന്ന് ഹൈബി ഈഡന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
'തിരഞ്ഞെടുപ്പിന്റെ ക്യാമ്പയിൻ സമയത്ത് എതിർ സ്ഥാനാർഥി ഇബ്രാഹിം കുഞ്ഞ് സാഹിബിനോട് ഇത്രയും ആവേശം ആവശ്യമുണ്ടോ എന്ന് ചോദിച്ചിരുന്നു. വൈരാഗ്യബുദ്ധിയോടെ പ്രവർത്തിക്കുന്ന ക്രൂരമായ മനസ്സോടെ പ്രവർത്തിയ്ക്കുന്ന എതിർ സ്ഥാനാർത്ഥിയിൽ നിന്നും ഇങ്ങനെയുള്ള പ്രവർത്തികൾ ഇബ്രാഹിം സാഹിബ് പ്രതീക്ഷിക്കേണ്ടതാണ് '
ഹൈബി ഈഡൻ
എന്നാൽ വോട്ടു മറിക്കൽ ആരോപണം കളമശ്ശേരിയിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയായ പി രാജീവ് നിഷേധിച്ചു. പരാജയഭീതി മൂലം ഇബ്രാഹിംകുഞ്ഞിന്റെ നില തെറ്റിയിരിക്കുകയാണ് . അന്വേഷണ സംവിധാനവും ജനവുമാണ് ഇബ്രാഹിം കുഞ്ഞിനെ പ്രതിയാക്കിയത്. ജാമ്യത്തിന് വേണ്ടി പറയാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്. പാലാരിവട്ടം പാലത്തില്‍ കമ്പിയില്ലാതായത് ഞങ്ങൾ കാരണമല്ലെന്നും പി.രാജീവ് പ്രതികരിച്ചു.
പാലാരിവട്ടം കേസില്‍ കുടുക്കിയതിന് പിന്നില്‍ ഒരു വിഭാഗം സിപിഎമ്മുകാരാണെന്നും യു.ഡി.എഫ് വോട്ട് മറിച്ചുകൊടുക്കാന്‍ പി. രാജീവ് ആവശ്യപ്പെട്ടുവെന്നുമായിരുന്നു ഇബ്രാഹിം കുഞ്ഞ് ആരോപിച്ചത്. കളമശ്ശേരി മണ്ഡലം ലക്ഷ്യമിട്ടാണ് പാലാരിവട്ടം പാലം അഴിമതി കേസ് ഉണ്ടായതെന്നും ഇബ്രാഹിം കുഞ്ഞ് സൂചിപ്പിച്ചിരുന്നു.
നേരത്തേ പാലാരിവട്ടം പാലം അഴിമതി കേസില്‍ ജാമ്യം നേടാന്‍ ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചതായി സംശയമുണ്ടെന്ന് ഹൈക്കോടതി സൂചിപ്പിച്ചിരുന്നു. ഗുരുതര അസുഖം എന്ന് പറഞ്ഞാണ് ജാമ്യം അനുവദിച്ചതെന്നും എന്നാല്‍ പിന്നീട് പൊതുപരിപാടികളില്‍ ഇബ്രാഹിം കുഞ്ഞിനെ കണ്ടതായും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഏതായാലും ഇബ്രാഹിം കുഞ്ഞിന്റെ ആരോപണത്തോട് കളമശ്ശേരി മണ്ഡലത്തിൽ യുഡിഎഫിന് പുതിയായൊരു പ്രചാരണ ആയുധമാണ് ലഭിച്ചിരിക്കുന്നത്.