ശബരിമല വിഷയം സജീവ ചർച്ചയാക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സുപ്രീംകോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലം പിൻവലിക്കണം. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും താര പ്രചാരകരായി എത്തുന്നതോടെ യുഡിഎഫിന്റെ ഗ്രാഫ് മാറുമെന്നും കുഞ്ഞാലികുട്ടി മനോരമ ന്യൂസിനോട് പറഞ്ഞു.
കുഞ്ഞാലിക്കുട്ടി പറഞ്ഞത്
ഇടക്കാലത്തുണ്ടായ നിയമന വിവാദവും തീരദേശ സംബന്ധമായ പ്രശ്നങ്ങളും സർക്കാരിന് വലിയ തിരിച്ചടി ഉണ്ടാക്കുവാൻ പോവുകയാണ്. സ്ഥാനാർഥി ലിസ്റ്റ് വന്നപ്പോൾ അഡ്വാന്റേജ്റ് യൂഡിഎഫിനാണ്. എൽഡിഎഫിന് ഭരണത്തുടർച്ച ഉണ്ടായാൽ വരും കാലങ്ങളിൽ ബിജെപി ശക്തിപ്പെടുമെന്ന രാഷ്ട്രീയ അവസ്ഥ ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്. എല്ലാ സ്ഥലത്തും പോയി ജനങ്ങളുടെ അഭിപ്രായങ്ങൾ മനസ്സിലാക്കിയാണ് പ്രകടന പത്രിക ഉണ്ടാക്കിയത്. എൽഡിഎഫിനേക്കാൾ മികച്ച പ്രകടനപത്രികയായിരിക്കും യൂഡിഎഫിന്റേത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചാരണത്തിനെത്തുന്നതോടെ യുഡിഎഫിന്റെ ഗ്രാഫ് മാറും.
ശബരിമല വിഷയം ഈ തിരഞ്ഞെടുപ്പിൽ സജീവ ചർച്ചയാക്കാനാണ് യുഡിഎഫ് ഉദ്ദേശിക്കുന്നത്. ഈ വിഷയത്തിൽ യുഡിഎഫിന് ഒരു സ്റ്റാൻഡ് ഉണ്ട്. ആചാരാനുഷ്ഠാനങ്ങൾ തുടരട്ടെയെന്നതാണ് യുഡിഎഫിന്റെ സ്റ്റാൻഡ്. എന്നാൽ എൽഡിഎഫിന് അങ്ങനെയല്ല. ശബരിമലയിലെ എൽഡിഎഫിന്റെ സ്റ്റാൻഡ് എന്താണെന്ന് അവരുടെ അഖിലേന്ത്യ സെക്രട്ടറി പറഞ്ഞതാണ്. കോടതിയിൽ ഈ വിഷയത്തിൽ യുഡിഎഫിന്റെ സ്റ്റാൻഡിലേക്ക് എൽഡിഎഫ് വന്നേ പറ്റൂ. അതിനായി അവർ കോടതിയിൽ സമർപ്പിച്ച അഫിഡവിറ്റ് പിൻവലിക്കണം. അതിൽ അവർ പ്രസ്റ്റീജും കൊണ്ടിരിന്നിട്ട് കാര്യമില്ല.