നേമത്ത് ഇന്നലെ നടന്ന ബിജെപി- കോണ്‍ഗ്രസ് സംഘര്‍ഷത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് നേമം എംഎല്‍എയും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ രാജഗോപാല്‍. അഭിപ്രായ വ്യത്യാസങ്ങൾ അക്രമത്തിലൂടെയല്ല പരിഹരിക്കേണ്ടതെന്ന് വോട്ടുചെയ്ത ശേഷം ഒ രാജഗോപാല്‍ പറഞ്ഞു. ബിജെപിക്കാരാണ് നേമത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്റെ വാഹനം തടഞ്ഞതെന്ന് എതിരാളികൾ അല്ലെ പറയുന്നത് എന്നായിരുന്നു ഓ രാജഗോപാലിന്റെ പ്രതികരണം.
പരാജയഭീതി കൊണ്ടാണോ ബിജെപി പ്രവര്‍ത്തകര്‍ ഇത്തരമൊരു ആക്രമത്തിന് മുതിര്‍ന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തനിക്കൊന്നുമറിയില്ല, താന്‍ നേമത്തെ എംഎല്‍എ ആയിരുന്നു, അത്ര മാത്രമേയുള്ളൂവെന്ന് ഒ രാജഗോപാൽ പറഞ്ഞു.
ഇന്നലെ രാത്രി വളരെ വൈകിയാണ് നേമത്ത് കെ മുരളീധരന്റെ പ്രചരണവാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത്. സംഭവത്തില്‍ ചില യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു. മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് പണം നല്‍കാനാണ് മുരളീധരന്‍ എത്തിയത് എന്നാരോപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വാഹനം തടഞ്ഞത്.