എന്‍ഡിഎ ശക്തിപ്രകടനം, വാരണാസിയില്‍ നേതാക്കളുടെ അകമ്പടിയോടെ മോദി പത്രിക സമര്‍പ്പിച്ചു 

എന്‍ഡിഎ ശക്തിപ്രകടനം, വാരണാസിയില്‍ നേതാക്കളുടെ അകമ്പടിയോടെ മോദി പത്രിക സമര്‍പ്പിച്ചു 

Published on

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്ന് മല്‍സരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വാരണാസിയില്‍ എന്‍ഡിഎ ശക്തിപ്രകടിപ്പിച്ചാണ് ജില്ലാ കളക്ടറേറ്റില്‍ പ്രധാനമന്ത്രി പത്രിക സമര്‍പ്പിച്ചത്. എന്‍ഡിഎ നേതാക്കളെല്ലാം മോദിക്ക് ആശംസകളുമായി നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനെത്തി.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ കളക്ടറേറ്റില്‍ നേരത്തെ തന്നെയെത്തി മോദിയെ കാത്തുനിന്നു. ഒപ്പം എന്‍ഡിഎ സഖ്യകക്ഷികളുടെ നേതാക്കളും മോദിയുടെ പത്രികാ സമര്‍പ്പണത്തിനെത്തി.വാരണാസിയിലെ കാലഭൈരവ ക്ഷേത്രത്തിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് മോദി കളക്ടറേറ്റിലെത്തിയത്.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ശിവസേനാ അധ്യക്ഷന്‍ ഉദ്ദവ് താക്കറെ, ശിരോമണി അകാലിദള്‍ നേതാവ് പര്‍കാശ് സിങ് ബാദല്‍, എഐഎഡിഎംകെ നേതാക്കളായ ഒ പനീര്‍ശെല്‍വം, എം തമ്പിദുരൈ എന്നിവര്‍ മോദിയുടെ പത്രികാ സമര്‍പ്പണത്തിന് സാക്ഷികളായി.

പത്രികാ സമര്‍പ്പണത്തിന് മുമ്പ് ബിജെപി അണികളെ അഭിസംബോധന ചെയ്ത മോദി കേരളത്തെ കടന്നാക്രമിക്കാന്‍ വാരണാസിയിലും മറന്നില്ല. കേരളത്തില്‍ ജീവന്‍ പണയം വച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്നാണ് നരേന്ദ്ര മോദി വാരണാസിയില്‍ പറഞ്ഞത്.കേരളത്തില്‍ വോട്ട് തേടുന്ന പ്രവര്‍ത്തകര്‍ ജീവനോടെ മടങ്ങുമെന്ന് പോലും ഉറപ്പില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പശ്ചിമ ബംഗാളിലും സമാന സ്ഥിതിയാണെന്നും ഇത്തരം സാഹചര്യങ്ങളെ ഭയപ്പെടാതെ അതിജീവിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്നാണ് മോദി ഭാഷ്യം.

വാരണാസിയില്‍ മോദിക്കെതിരെ കോണ്‍ഗ്രസ് പ്രിയങ്ക ഗാന്ധിയെ നിര്‍ത്തുമെന്ന് പ്രചരണങ്ങളുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത് അജയ് റായിയേ ആണ്. 2014ലും മോദിക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായത് റായ് ആണ്. 75,614 വോട്ടാണ് അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത്. ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളായിരുന്നു മോദിക്ക് എതിരെ ശക്തമായ പോരാട്ടം കാഴ്ചവെച്ചത്. മൂന്നാം സ്ഥാനത്തായിരുന്നു കോണ്‍ഗ്രസ്.

ഇക്കുറി എസ്പി- ബിഎസ്പി സഖ്യം മോദിക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്. പ്രിയങ്ക ഗാന്ധി മല്‍സരിക്കുമെങ്കില്‍ പ്രിയങ്കയെ പിന്തുണയ്ക്കാനായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിച്ചിരുന്ന മഹാസഖ്യം ഒടുവില്‍ പ്രിയങ്ക ഗാന്ധി മല്‍സരിക്കുന്നില്ലെന്ന് വ്യക്തമായതോടെയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. മുന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന ശാലിനി യാദവാണ് മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി.

logo
The Cue
www.thecue.in