ഒമ്പതാം ക്ലാസിലെ കുട്ടികള്‍ ‘ജനാധിപത്യം’ പഠിക്കേണ്ട, ഇലക്ഷന്‍ കാലത്ത് തലതിരിഞ്ഞ പരിഷ്‌കാരവുമായി എന്‍സിഇആര്‍ടി
രാജ്യം പൊതു തെരഞ്ഞെടുപ്പിന് വേദിയാകുമ്പോള്‍ ജനാധിപത്യത്തെ സംബന്ധിക്കുന്ന സുപ്രധാന പാഠഭാഗം നീക്കി എന്‍സിഇആര്‍ടി. ഒന്‍പതാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിലെ 'സമകാലിക ലോകത്തെ ജനാധിപത്യം' എന്ന അദ്ധ്യായമാണ് നീക്കിയിരിക്കുന്നത്. ദ വയറിന് വേണ്ടി അക്ഷയ മുകുള്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുന്‍പ് രണ്ടാമത്തെ പാഠമായാണ് ഈ അദ്ധ്യായം ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ പുസ്തകത്തില്‍ നിന്ന് ഈ അദ്ധ്യായം മാത്രം നീക്കുകയായിരുന്നു. എന്താണിതിന്റെ കാരണമെന്ന് അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അറിവില്ല. എന്‍സിഇആര്‍ടിയിലെ പ്രത്യേക സമിതിയാണ് തീരുമാനമെടുത്തതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ സമിതിയില്‍ ഈ രംഗത്തെ വിദഗ്ധരാരുമില്ലെന്നാണ് വിവരം. രാജ്യം പൊതുതെരഞ്ഞെടുപ്പിനെ തേരിടുമ്പോള്‍ തന്നെ ജനാധിപത്യത്തെക്കുറിച്ചുള്ള അദ്ധ്യായം നീക്കിയത് തെറ്റായ സന്ദേശം നല്‍കുന്നതാണെന്ന് 2005 ല്‍ എന്‍സിഇആര്‍ടിയുടെ ടെക്സ്റ്റ് ബുക്ക് കമ്മിറ്റിയുടെ നേതൃസ്ഥാനത്തുണ്ടായിരുന്ന ചരിത്രകാരന്‍ ഹരി വാസുദേവന്‍ പറയുന്നു.
‘യുപിഎ ഭരണകാലത്തും ടെക്‌സ്ബുക്കുകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ചില കാര്‍ട്ടൂണുകളിലും മാറ്റും വാദകോലാഹലങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ ഉപദേശകര്‍ ഉള്‍ക്കൊള്ളുന്ന വിലയിരുത്തല്‍ സമിതിയാണ് ഇക്കാര്യങ്ങളില്‍ തീരുമാനമെടുത്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുസ്തകത്തില്‍ നിന്ന് ഒരദ്ധ്യായം നീക്കുന്നത് ആരെയും അറിയിച്ചിട്ടില്ല. സ്‌കൈപ്പിലൂടെയടക്കം ഞങ്ങള്‍ ലഭ്യമാകുമായിരുന്നു. വെറും അരമണിക്കൂര്‍ മതിയായിരുന്നു. പക്ഷേ എന്‍സിഇആര്‍ടിയില്‍ നിന്ന് അത്തരമൊരു നീക്കവും ഉണ്ടായില്ല. ഇത്തരത്തില്‍ പാഠഭാഗം നീക്കം ചെയ്യേണ്ടതിന്റെ തിടുക്കം എന്താണെന്ന് മനസ്സിലാകുന്നില്ല. നിര്‍ഭാഗ്യകരമാണ് ഇപ്പോഴത്തെ സംഗതികള്‍ ‘.
ഹരി വാസുദേവന്‍, ചരിത്രകാരന്‍
പാഠപുസ്തകത്തില്‍ മാറ്റം വരുത്തിയത് ജനാധിപത്യ രീതിയിലാണെന്നായിരുന്നു എന്‍സിഇആര്‍ടിയുടെ ഡയറക്ടര്‍ ഹൃഷികേഷ് സേനാപതിയുടെ പ്രതികരണം. പൊതു അഭിപ്രായം തേടിയാണ് പാഠഭാഗം ഒഴിവാക്കിയത്. 27,000 പേരില്‍ നിന്നായി ഒരു ലക്ഷത്തോളം നിര്‍ദേശങ്ങള്‍ ഇതുസംബന്ധിച്ച് ലഭിച്ചു. എന്‍സിഇആര്‍ടിയിലെ കരിക്കുലം കമ്മിറ്റി ഇത് പരിശോധിച്ച് മാറ്റങ്ങള്‍ വരുത്തുകയായിരുന്നു. എന്നാല്‍ എന്തുകൊണ്ട് പുസ്തകങ്ങള്‍ തയ്യാറാക്കിയവരെ അറിയിച്ചില്ലെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.
1973 ല്‍ ചിലിയിലെ സാല്‍വേദര്‍ അലന്‍ഡെയ്‌ക്കെതിരെ അമേരിക്കന്‍ സഹായത്തോടെ ജനറല്‍ അഗസ്റ്റോ പിനോഷേറ്റ് നടത്തിയ പട്ടാള അട്ടിമറിയാണ് പ്രസ്തുത പാഠഭാഗത്തില്‍ പ്രധാനമായും വിവരിക്കുന്നത്. തന്റെ 17 വര്‍ഷം നീണ്ട ഭരണകാലയളവില്‍ പിേേനാഷേറ്റ് ഏതുവിധമാണ് അലന്‍ഡേ അനുകൂലികളെ ഉപദ്രവിച്ചതെന്ന് വ്യക്തമാക്കുന്നുണ്ട്. ആയിരക്കണക്കിനാളുകളെയാണ് ഇക്കാലയളവില്‍ കാണാതായത്. ശേഷം 1988 ല്‍ ജനാധിപത്യ പ്രതിരോധം ഉണ്ടാകുകയും പിനോഷേറ്റ് റഫറണ്ടത്തില്‍ പരാജയപ്പെടുകയും ചെയ്തു. തുടര്‍ന്ന് രാജ്യഭരണത്തില്‍ നിന്ന് അദ്ദേഹം നിഷ്‌കാസിതനായി. അലന്‍ഡെയുടെ അടുപ്പക്കാരനായിരുന്ന ജനറല്‍ ആല്‍ബര്‍ട്ടോ ബാച്ച്‌ലെറ്റിന്റെ മകള്‍ മിഷേലേ ബാച്ച്‌ലെറ്റ് 2006 ല്‍ ജനാധിപത്യ രീതിയില്‍ വിജയിച്ചുവന്നതിനെക്കുറിച്ചും ഈ അദ്ധ്യായത്തില്‍ വിശദീകരിക്കുന്നു. പിനോഷേറ്റ് ഭരണത്തില്‍ ആല്‍ബര്‍ട്ടോ ബാച്ച്‌ലെറ്റ് തടവിലടക്കപ്പെട്ടിരുന്നു.
പോളണ്ടിലെ ലെനിന്‍ ഷിപ്പ്‌യാര്‍ഡിലെ ശ്രദ്ധേയമായ തൊഴിലാളി സമരം പ്രതിപാദിക്കുന്ന ഭാഗവും ഈ അദ്ധ്യായത്തില്‍ വരുന്നുണ്ട്. ശമ്പള വര്‍ധന ആവശ്യപ്പെട്ടതി ന് ലെച്ച് വലേസ എന്ന വനിതാ ജീവനക്കാരിയെ ജോലിയില്‍ നിന്ന് പുറത്താക്കിയതിനെതിരെയായിരുന്നു പ്രക്ഷോഭം. ഇത് രാജ്യം മുഴുവന്‍ വ്യാപിച്ചു. ഒടുവില്‍ സര്‍ക്കാര്‍ മുട്ടുമടക്കി. സ്വതന്ത്ര തൊഴിലാളി സംഘടനാ പ്രവര്‍ത്തനത്തെയും അവരുടെ അവകാശപോരാട്ടത്തെക്കുറിച്ചും വ്യക്തമാക്കുന്ന ഭാഗമായിരുന്നു ഇത്. ഇതാണ് സോളിഡാരിറ്റിയെന്ന ആദ്യ സ്വതന്ത്ര തൊഴിലാളി യൂണിയന്റെ പിറവിക്ക് വഴിതെളിച്ചത്.
1988 ല്‍ രണ്ടാമതും തൊഴിലാളി പ്രക്ഷോഭമുണ്ടായി. 88 ലും 89 ലും സമരത്തിന് മുന്‍പില്‍ സര്‍ക്കാരിന് കീഴടങ്ങേണ്ടി വന്നു. ഇതോടെ സ്വതന്ത്ര തെരഞ്ഞെടുപ്പിന് കളമൊരുങ്ങി. അതായത് 1950 ന് ശേഷം ലോകത്ത് എങ്ങിനെയാണ് ജനാധിപത്യം വികസിക്കുകയും പുരോഗമിക്കുകയും ചെയ്തതെന്ന് വ്യക്തമാക്കുന്നതായിരുന്നു പാഠഭാഗം. പാകിസ്താന്‍, മ്യാന്‍മാര്‍, നേപ്പാള്‍ എന്നിവിടങ്ങളിലെ ജനാധിപത്യ പ്രകിയ എങ്ങിനെയാണെന്നും പാഠത്തില്‍ വ്യക്തമാക്കുന്നുണ്ടായിരുന്നു. ഇതേ രീതിയില്‍ മുന്‍പ് ജാതി, വസ്ത്രരീതികള്‍, ക്രിക്കറ്റ് എന്നിവയെ സംബന്ധിക്കുന്ന ഭാഗങ്ങളും എന്‍സിഇആര്‍ടി തങ്ങളുടെ പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കിയിരുന്നു.