മോദി വീണ്ടും ഭരിക്കുമെന്ന് യോഗേന്ദ്ര യാദവ്, മഹാസഖ്യ സര്‍ക്കാറിന് സാധ്യതയില്ല 

മോദി വീണ്ടും ഭരിക്കുമെന്ന് യോഗേന്ദ്ര യാദവ്, മഹാസഖ്യ സര്‍ക്കാറിന് സാധ്യതയില്ല 

ബാലക്കോട്ട് ആക്രമണത്തിന് ശേഷം സ്ഥിതി മാറി 
Published on

പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധനും സ്വരാജ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റുമായ യോഗേന്ദ്ര യാദവ്. എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷമായ 272 സീറ്റുകള്‍ നേടാനാണ് കൂടുതല്‍ സാധ്യത. നരേന്ദ്രമോദിക്ക് രണ്ടാമതും പ്രധാനമന്ത്രിയാകാന്‍ കഴിയുമെന്ന് ദ പ്രിന്റില്‍ പ്രസിദ്ധീകരിച്ച വിശകലത്തിലാണ് യോഗേന്ദ്രയാദവ് പ്രവചിക്കുന്നത്. എന്നാല്‍ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാന്‍ സാധ്യത കുറവാണ്. എന്‍ഡിഎക്ക് കേവലഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജെഡി എന്നീ പ്രാദേശിക കക്ഷികളെ കൂട്ട് പിടിച്ച് അധികാരത്തിലെത്താന്‍ സാധ്യതയുണ്ട്.

കടപ്പാട് ദ പ്രിന്റ് 

മോദി ഇതര ബിജെപി നേതാക്കള്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്താന്‍ സാധ്യതയില്ല. മുതിര്‍ന്ന ബിജെപി നേതാവും മോദി മന്ത്രിസഭയിലെ അംഗവുമായ നിധിന്‍ ഗഡ്ഗരിയുടെ നേതൃത്വത്തിലോ മഹാസഖ്യ സര്‍ക്കാറിനോ സാധ്യത ഇപ്പോള്‍ ഇല്ലെന്നും അദ്ദേഹം വിലയിരുത്തുന്നു. എക്‌സിറ്റ് പോളുകളിടെയോ അഭിപ്രായ സര്‍വേയുടെയോ അടിസ്ഥാനത്തിലല്ല പ്രവചനമെന്നും യോഗേന്ദ്ര യാദവ് വ്യക്തമാക്കുന്നുണ്ട്.

കടപ്പാട് ദ പ്രിന്റ് 

തന്റെ പേരില്‍ ശനിയാഴ്ച വാട്‌സ് അപ്പ് സന്ദേശം പ്രചരിച്ചിരുന്നു. ബിജെപി 146 ഉം കോണ്‍ഗ്രസ് 137 സീറ്റും നേടുമെന്നായിരുന്നു സന്ദേശം. വ്യാജ പ്രചരണം നടക്കുന്നതിനാലാണ് എക്‌സിറ്റ് പോളുകള്‍ വരുന്നതിന് മുമ്പായി തന്റെ വിലയിരുത്തലുകള്‍ ജനങ്ങളോട് പറയുന്നത്. ആറ് മാസം മുമ്പ് 100 സീറ്റ് വരെ ബിജെപിക്ക് നഷ്ടപ്പെട്ടേക്കാമെന്ന് താന്‍ പ്രവചിച്ചിരുന്നു. എന്നാല്‍ ബാലക്കോട്ട് ആക്രമണത്തിന് ശേഷം സ്ഥിതി മാറി. ആദ്യഘട്ട തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പായി എന്‍ഡിഎയുടെ സാധ്യത വര്‍ദ്ധിച്ചു.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍, പശ്ചിമബംഗാള്‍, ഒഡീഷ എന്നിവിടങ്ങളിലാണ് ബിജെപി നേട്ടമുണ്ടാക്കുക. എന്നാല്‍ ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ മറ്റിടങ്ങളില്‍ തിരിച്ചടിയുണ്ടാകുമെന്ന് ആറ് മാസം മുമ്പ് പ്രവചിച്ചിരുന്നു. യുപിയിലുണ്ടാകുന്ന നഷ്ടം നികത്താന്‍ മറ്റ് സംസ്ഥാനങ്ങളിലൂടെ കഴിയുമോയെന്നത് പ്രധാനമാണ്. അങ്ങനെ സാധിച്ചാല്‍ എന്‍ഡിഎ സര്‍ക്കാറിന് സാധ്യത കൂടും. എന്നാല്‍ മറ്റിടങ്ങളില്‍ കൂടുതല്‍ സീറ്റ് ബി ജെ പിക്ക് ലഭിച്ചില്ലെങ്കില്‍ പ്രാദേശിക പാര്‍ട്ടികളെ കൂടി ഉള്‍പ്പെടുത്തി എന്‍ഡിഎ സര്‍ക്കാറുണ്ടാകും. യുപിയുടെ നഷ്ടം കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നികത്താന്‍ കഴിഞ്ഞാല്‍ മാത്രമാണ് ബിജെപി ഒറ്റയ്ക്ക് ഭരിക്കാനുള്ള സാധ്യത ഉണ്ടാവുകയെന്നും യോഗേന്ദ്ര യാദവ് നിരീക്ഷിക്കുന്നു.

logo
The Cue
www.thecue.in