ന്യൂനപക്ഷ പേരുകള്‍ വോട്ടര്‍പ്പട്ടികയില്‍ നിന്ന് സംഘടിതമായി നീക്കി, സര്‍ക്കാര്‍ ഉത്തരം പറയണം: മുല്ലപ്പള്ളി രാമചന്ദ്രന്‍
ക്രിസ്ത്യന്‍, മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്നും സംഘടിതമായി നീക്കം ചെയ്തതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇവരുടെ പേരുകള്‍ നീക്കം ചെയ്യാനുള്ള സാഹചര്യം സംസ്ഥാന സര്‍ക്കാര്‍ വിശദീകരിക്കണം. തിരഞ്ഞെടുപ്പ് കമ്മീഷന് കീഴിലാണ് ഉദ്യേഗസ്ഥരെങ്കിലും അവര്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വയനാട്ടില്‍ ആരോപിച്ചു.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നിര്‍ഭയമായും സ്വതന്ത്രമായും വോട്ട് രേഖപ്പെടുത്താനുള്ള സാഹചര്യം ഉണ്ടാകേണ്ടതുണ്ട്. എന്നാല്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് ഇവിടെ നടന്നത്. ഇതിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരം പറയണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
കരട് പട്ടികയില്‍ വന്നിട്ടും അന്തിമപട്ടികയില്‍ ഉണ്ടായിട്ടില്ല. അര്‍ഹതപ്പെട്ടവരുടെ പേരുകളാണ് നീക്കം ചെയ്തത്. യുഡിഎഫ് പ്രവര്‍ത്തകരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചുണ്ടെങ്കില്‍ പരിശോധിക്കും. ഇത്തവണ കാര്യക്ഷമമായാണ് യുഡിഎഫ് പ്രവര്‍ത്തിച്ചത്.
വയനാട്ടിലും തിരഞ്ഞെടുപ്പ് അട്ടിമറി നടന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. ഇടത് അനുകൂല സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ ഉപയോഗിച്ച് അവസാന നിമിഷമാണ് വയനാട്ടിലും അട്ടിമറി നടത്തിയത്. എന്നാല്‍ ആള്‍മാറാട്ടം വയനാട്ടില്‍ നടന്നിട്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയന്റെയും വടകര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പി ജയരാജന്റെയും ബൂത്തുകളില്‍ കള്ളവോട്ട് നടന്നതായി തെളിവ് യുഡിഎഫ് സഹിതം നല്‍കിയിട്ടും നേതൃത്വം പ്രതികരിക്കുന്നില്ല.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ് തിരഞ്ഞെടുപ്പെങ്കില്‍ മലബാറിലെ ഒറ്റ മണ്ഡലത്തിലും സിപിഎം വിജയിക്കില്ലെന്ന് വെല്ലുവിളിക്കുന്നു. എല്ലാ തിരഞ്ഞെടുപ്പിലും സിപിഎം കൃത്രിമവും അട്ടിമറിയും നടത്തുന്നു. കൃത്രിമ വിജയമാണ് അവര്‍ നേടുന്നത്.