എംബി രാജേഷിനെ തോല്‍പ്പിച്ചത് വിഭാഗീയതയോ? പരാജയപ്പെടുത്താന്‍ പികെ ശശി പ്രവര്‍ത്തിച്ചെന്ന് ആരോപണം
സംസ്ഥാനത്ത് ദയനീയ തോല്‍വിയിലേക്ക് പിന്തള്ളപ്പെട്ടപ്പോഴും സിപിഐഎമ്മിന് കൂടുതല്‍ ആഘാതമുണ്ടാക്കിയ പരാജയം പാലക്കാട്ടെ എം ബി രാജേഷിന്റേതാണ്. യുഡിഎഫ് കേന്ദ്രങ്ങള്‍ പോലും പ്രതീക്ഷിക്കാത്ത അട്ടിമറിയാണ് മണ്ഡലത്തില്‍ ഉണ്ടായത്. 2014ല്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച എം ബി രാജേഷ് മണ്ഡലം നിലനിര്‍ത്തുമെന്നാണ് പ്രീ പോള്‍ സര്‍വേകളും എക്‌സിറ്റ് പോളും പ്രവചിച്ചിരുന്നത്. ഇടതിനൊപ്പം ഉറച്ചു നില്‍ക്കുമെന്ന് വിശ്വസിച്ചിരുന്ന മണ്ഡലം പാലക്കാട് അട്ടിമറിക്കപ്പെട്ടതെങ്ങനെയെന്നത് സിപിഎമ്മിനുള്ളില്‍ വലിയ ചര്‍ച്ചയ്ക്കാണ് തുടക്കമിട്ടിരിക്കുന്നത്. ജില്ലയിലെ വിഭാഗീയത എം ബി രാജേഷിന്റെ പരാജയത്തിന് കാരണമായെന്ന ആരോപണമാണ് നിലനില്‍ക്കുന്നത്.
പി കെ ശശി എം എല്‍ എയും ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ആരോപണമുയരുന്നത്. അടിയൊഴുക്കുകളുണ്ടായെന്നാണ് നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. മണ്ണാര്‍ക്കാട് നിയമസഭ മണ്ഡലത്തിലാണ് വി കെ ശ്രീകണ്ഠന്‍ ഏററവും കൂടുതല്‍ ലീഡ് നേടിയത്. ഷൊര്‍ണൂരിലും കൊങ്ങാടും പ്രതീക്ഷിച്ച ഭൂരിപക്ഷം നേടാന്‍ എം ബി രാജേഷിന് കഴിഞ്ഞുമില്ല. എം ബി രാജേഷിനെ തോല്‍പ്പിക്കാന്‍ പി കെ ശശിയുടെ നേതൃത്വത്തില്‍ രഹസ്യമായി പ്രവര്‍ത്തിച്ചുവെന്നാണ് ആരോപണം ഉയരുന്നത്. പി കെ ശശിക്ക് സ്വാധീനമുള്ള മണ്ണാര്‍ക്കാടും പ്രതിനിധീകരിക്കുന്ന ഷൊര്‍ണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലും രാജേഷിന് വോട്ട് കുറഞ്ഞത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായി കഴിഞ്ഞു.
പ്രചരണഘട്ടത്തിലും വോട്ടെടുപ്പിന് ശേഷവും പാര്‍ട്ടിക്കെതിരെ ആരോപണവുമായി എത്തിയ സ്ഥാനാര്‍ത്ഥിയാണ് വികെ ശ്രീകണ്ഠന്‍. ഡിസിസി പ്രസിഡന്റ് കൂടിയായ വികെ ശ്രീകണ്ഠന്‍ പ്രചരണത്തിന് ഫണ്ട് ഉണ്ടായിരുന്നില്ലെന്നും കൃത്യമായ ഏകോപനത്തിന്റെ അഭാവമുണ്ടായെന്നും വേണ്ട രീതിയിലുള്ള പ്രവര്‍ത്തനം നേതൃത്വത്തില്‍ നിന്നുണ്ടായില്ലെന്നും പരാതിപ്പെട്ടിരുന്നു.
പിണറായി വിജയനോടും സിപിഐഎം നേതൃത്വവുമായും അടുത്ത ബന്ധമുള്ള പി കെ ശശിക്കെതിരെ പീഡന ആരോപണം ഉയര്‍ന്നപ്പോള്‍ എം ബി രാജേഷ് എതിരായ നിലപാടെടുത്ത് ഉറച്ച് നിന്നിരുന്നു. ഡി വൈഎഫ് ഐ വനിതാ നേതാവിന്റെ പരാതിക്ക് പിന്നില്‍ എം ബി രാജേഷാണെന്നായിരുന്നു പി കെ ശശി പാര്‍ട്ടിക്കുള്ളില്‍ ആരോപിച്ചത്. ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രനും ഒരുവിഭാഗവും പി കെ ശശിക്കൊപ്പവും നിന്നു. പാര്‍ട്ടി ശശിക്കെതിരെ നടപടി സ്വീകരിച്ചു. എന്നാല്‍ മന്ത്രി എ കെ ബാലന്റെയും പി കെ ശ്രീമതിയുടെയും നേതൃത്വത്തിലുള്ള പാര്‍ട്ടി അന്വേഷണ സംഘം കുറ്റവിമുക്തനാക്കിയതോടെ ശശി പാര്‍ട്ടി വേദികളിലും പ്രചരണ പരിപാടികളിലും പ്രധാനിയായി തിരിച്ചെത്തി.
. പ്രചരണ സമയത്ത് തന്നെ എംബി രാജേഷിനെതിരെ പികെ ശശി പ്രവര്‍ത്തിക്കുന്നുവെന്ന രീതിയില്‍ ആരോപണം ഉയര്‍ന്നിരുന്നു. സംസ്ഥാന സമിതി അംഗം എം ചന്ദ്രനായിരുന്നു പാര്‍ലമെന്റ് മണ്ഡലത്തിന്റെ ചുമതല. അദ്ദേഹത്തിന് മണ്ണാര്‍ക്കാട്, ഷൊര്‍ണൂര്‍ മണ്ഡലങ്ങളിലെ പ്രാദേശിക നേതാക്കളാണ് പി കെ ശശിക്കെതിരെ പരാതി നല്‍കിയിരുന്നത്
ന്യൂനപക്ഷ വോട്ടുകളെ സ്വാധീനിക്കാന്‍ കഴിയുന്ന നേതാവാണ് പി കെ ശശി. മുസ്ലിം ലീഗ് നേതൃത്വവുമായി അടുത്ത ബന്ധമുള്ള ജില്ലയിലെ നേതാവ് കൂടിയാണ്. പ്രചരണ സമയത്ത് തന്നെ എംബി രാജേഷിനെതിരെ പികെ ശശി പ്രവര്‍ത്തിക്കുന്നുവെന്ന രീതിയില്‍ ആരോപണം ഉയര്‍ന്നിരുന്നു. സംസ്ഥാന സമിതി അംഗം എം ചന്ദ്രനായിരുന്നു പാര്‍ലമെന്റ് മണ്ഡലത്തിന്റെ ചുമതല. അദ്ദേഹത്തിന് മണ്ണാര്‍ക്കാട്, ഷൊര്‍ണൂര്‍ മണ്ഡലങ്ങളിലെ പ്രാദേശിക നേതാക്കളാണ് പി കെ ശശിക്കെതിരെ പരാതി നല്‍കിയിരുന്നത്. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെന്നും വോട്ട് കുറയ്ക്കാനുള്ള നീക്കങ്ങള്‍ നടത്തിയതായും ഇവര്‍ നേതൃത്വത്തെ അറിയിച്ചിരുന്നതാണെന്നാണ് അറിയുന്നത്.
മണ്ണാര്‍ക്കാട് മണ്ഡലം യുഡിഎഫ് സ്വാധീന മണ്ഡലമാണെങ്കിലും ഇത്ര വലിയ ഭൂരിപക്ഷം അവിടെ ലഭിക്കില്ലെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. ലീഗും കോണ്‍ഗ്രസും തമ്മിലും സിപിഎം സിപിഐ തര്‍ക്കവും വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രദേശമാണ് മണ്ണാര്‍ക്കാട്. സിപിഎമ്മിലെ ഒരുവിഭാഗവും മുസ്ലിംലീഗും സഹകരണത്തോടെ നീങ്ങുന്നുണ്ടെന്നാണ് നേരത്തെ മുതല്‍ ഉയര്‍ന്നിട്ടുള്ള ആരോപണം.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 1,05,300 വോട്ടിന്റെ ലീഡാണ് എം ബി രാജേഷ് പാലക്കാട് മണ്ഡലത്തില്‍ നേടിയത്. മണ്ണാര്‍ക്കാടും പാലക്കാടും മാത്രമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയത്. മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ 12,325 വോട്ടിന്റെ ഭൂരിപക്ഷം നിയമസഭയില്‍ നേടിയ യുഡിഎഫിന് ഈ തിരഞ്ഞെടുപ്പില്‍ 29,625 വോട്ടിലേക്ക് ഭൂരിപക്ഷം ഉയര്‍ത്താന്‍ കഴിഞ്ഞുവെന്നാണ് വിജയത്തില്‍ നിര്‍ണായകമായത്. എന്നാല്‍ പട്ടാമ്പിയില്‍ 7404 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു എല്‍ ഡിഎഫിന്. ഇവിടെ 17,179 വോട്ടിന്റെ ഭൂരിപക്ഷം ശ്രീകണ്ഠന്‍ നേടി. ഷൊര്‍ണ്ണൂരില്‍ 13,455 വോട്ടും ഒറ്റപ്പാലത്ത് 9628 വോട്ടുകളും മലമ്പുഴയില്‍ 5,848 ഉം കോങ്ങാട് 12,915 വോട്ടിന്റെയും കുറവാണ് ഇടതുപക്ഷത്തിന് ഉണ്ടായത്. ഉറച്ച മണ്ഡലമായി കരുതുന്ന കോങ്ങാട് 356 വോട്ട് മാത്രമായി ലീഡ് ചുരുങ്ങിയത് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.
ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിയുടെ ഇടപെടല്‍ തോല്‍വിക്ക് കാരണമായോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആരോപണത്തെ തള്ളാതെയാണ് എം ബി രാജേഷ് മറുപടി നല്‍കിയത്. പ്രാഥമികമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സംസാരിക്കുന്നതെന്നും മറ്റെല്ലാം പിന്നീട് പറയേണ്ട കാര്യങ്ങളാണെന്നുമാണ് രാജേഷ് പറഞ്ഞത്.
പാര്‍ട്ടിയിലെ ഒരു വിഭാഗം എം ബി രാജേഷിനെ തോല്‍പ്പിക്കുവാന്‍ ശ്രമിക്കുന്നുവെന്ന് പ്രാദേശിക നേതൃത്വം പരാതി നല്‍കിയിട്ടും പാര്‍ട്ടി ഗൗരവത്തിലെടുത്തില്ലെന്നാണ് ഉയരുന്ന മറ്റൊരു ആരോപണം. പി കെ ശശി എം എല്‍ എക്കും ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രനുമെതിരെ അന്വേഷണം വേണമെന്നാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്. ഉറച്ച മണ്ഡലത്തിലെ തോല്‍വി പാര്‍ട്ടി സംസ്ഥാന നേതൃത്വവും ഗൗരവത്തിലെടുക്കുമെന്നാണ് അറിയുന്നത്.