സ്ത്രീവിരുദ്ധത ആഘോഷിക്കുന്ന നേതാക്കളോട്, വോട്ടര്‍മാര്‍ പാതിയിലേറെ സ്ത്രീകളെന്ന് മറക്കരുത്
പരിഷ്‌കൃതസമൂഹമെന്ന നമ്മുടെ അവകാശവാദം കേവല മേനിപറച്ചിലാണെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് സ്ത്രീവിരുദ്ധതയ്ക്ക് തെല്ലും മാറ്റമില്ലെന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയതുമുതല്‍ സ്ത്രീവിരുദ്ധതയുടെ പച്ചയായ പ്രതിഫലനങ്ങള്‍ക്കാണ് രാഷ്ട്രീയ കേരളം സാക്ഷിയാകുന്നത്. വീടിന്റെ അകത്തളങ്ങളില്‍ നിന്ന് തുടങ്ങി രാഷ്ട്രീയസാംസ്‌കാരിക സാമൂഹ്യ രംഗങ്ങളിലെല്ലാം നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധ ആശയങ്ങളെ തൂത്തെറിയാന്‍ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും അധ്യാപകരും മാധ്യമപ്രവര്‍ത്തകരുമടങ്ങുന്ന വലിയ സമൂഹം ശ്രമിച്ചുവരികയാണ്. എന്നിട്ടും മുഖ്യധാരാ രാഷ്ട്രീയം മാത്രം അത് കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുന്നു. അവിടെ ഇന്നും സ്ത്രീവിരുദ്ധത ശക്തവും പ്രകടവുമായി കൊടികുത്തി വാഴുന്നു.
സ്ത്രീ പ്രാതിനിധ്യം കുറഞ്ഞ മേഖലയാണ് രാഷ്ട്രീയ രംഗം. വനിതാ സമൂഹത്തിന് അപ്രാപ്യമായ ഒന്നാണ് രാഷ്ട്രീയം എന്ന ചിന്താഗതി വച്ചുപുലര്‍ത്തുന്നവരാണ് കൂടുതലും .സ്ത്രീകള്‍ രാഷ്ട്രീയം പറയുന്നതും പ്രവര്‍ത്തിക്കുന്നതും ആ രംഗത്ത് തിളങ്ങുന്നതും പുച്ഛത്തോടെ കാണുന്നവരാണ് ഏറെയും. ഇനി അഥവാ സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ സജീവമായാല്‍, സ്വന്തമായി അഭിപ്രായം പറയാനും തീരുമാനങ്ങളെടുക്കാനും കഴിയാത്ത വിധത്തില്‍ അവളെ ഭരിക്കുന്നത് ആണധികാര ലോബിയായിരിക്കും.
ആണഹന്തയുടെ ഭാരം പേറുന്ന മേഖലയാണ് രാഷ്ട്രീയം. മഹാഭൂരിപക്ഷം വരുന്ന സ്ത്രീകളെ ഉള്‍ക്കൊള്ളാനാവാത്ത ഒന്ന്. രാഷ്ട്രീയത്തില്‍ സ്ത്രീ പ്രാതിനിധ്യത്തിന്റെ അടയാളപ്പെടുത്തല്‍ കുറഞ്ഞ ശതമാനം മാത്രമാണ്. അവള്‍ക്ക് വഴങ്ങാത്ത മേഖലയാണ് രാഷ്ട്രീയം എന്നുള്ള പുരുഷാധിപത്യ സമൂഹത്തിന്റെ ശക്തമായ മനോഭാവമാണ് അതിനുകാരണം. സ്ത്രീ ദുര്‍ബലയാണ്, അബലയാണ്,അശക്തയാണ്,അജ്ഞയാണ് തുടങ്ങിയ പരിവേഷങ്ങള്‍ നല്‍കി അവളെ മാറ്റി നിര്‍ത്തും. പെണ്ണിനെ കേവലം ശരീരമായി മാത്രം കാണുന്ന അവസ്ഥ. അതിന്റെ അനുരണങ്ങള്‍ മുഖ്യധാരാരാഷ്ട്രീയത്തിലും പ്രതിഫലിക്കുന്നു.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് അതിനൊരു ചെറിയ ഉദാഹരണം മാത്രമാണ് .പൊതുവിടങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന നേതാക്കള്‍ മുതല്‍ പ്രവര്‍ത്തകര്‍ വരെയുള്ളവരുടെ സംസാരങ്ങളും പ്രസംഗങ്ങളും ശ്രദ്ധിച്ചാല്‍ അതില്‍ എത്രമാത്രം സ്ത്രീവിരുദ്ധത നിറഞ്ഞുനില്‍ക്കുന്നുവെന്ന് വ്യക്തമാകും. അവരുടെ വീടുകളിലെ വനിതകളുടെ അവസ്ഥ എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാനുമാകും. ആണഹന്തയുടെ തുറുപ്പ് ചീട്ടുകള്‍ കൊണ്ടാണ് എക്കാലവും പുരുഷാധിപത്യ സമൂഹം പെണ്‍വിരുദ്ധ നീക്കങ്ങള്‍ നടത്തിയിട്ടുള്ളത്.
ശബരിമല വിഷയത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഏറെയുണ്ടായി. ആര്‍ത്തവം അശുദ്ധമാണെന്ന പ്രസ്താവനയിലൂടെ കടുത്ത സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ നേതാവാണ് കെപിസിസിയുടെ വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരന്‍. പിണറായി വിജയന്‍ മുഖ്യമന്ത്രി ആയാല്‍ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യും എന്ന് വിചാരിച്ചെങ്കിലും പണ്ണുങ്ങളെക്കാള്‍ മോശമായി എന്നാണ് സുധാകരന്‍ പിന്നീടൊരിക്കല്‍ നടത്തിയ പ്രസ്താവന. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ പെണ്ണ് മോശക്കാരിയാണ്. പരാമര്‍ശങ്ങങ്ങളുടെ പേരില്‍ രൂക്ഷമായ എതിര്‍പ്പുയര്‍ന്നപ്പോള്‍ അദ്ദേഹം തിരുത്തി. വനിതകളെയെല്ല ആക്ടിവിസ്റ്റുകളൈയാണ് ഉദ്ദേശിച്ചതെന്നായിരുന്നു വിശദീകരണം. സ്ത്രീകള്‍ രണ്ടാം പൗരരാണോ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്താന്‍ ..? പോരാത്തതിന് വനിതാ ആക്ടിവിസ്റ്റുകളുടെ നിരന്തര പോരാട്ടങ്ങളെ നിസ്സാരവല്‍ക്കരിക്കുകയുമാണ് അദ്ദേഹം.
അടുത്തിടെ അദ്ദേഹത്തിന്റെ സോഷ്യല്‍മീഡിയ പേജില്‍ പോസ്റ്റ് ചെയ്ത തിരഞ്ഞെടുപ്പ് പരസ്യ വീഡിയോയിലെ പരാമര്‍ശം ഇങ്ങനെയായിരുന്നു.'ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി'. ഏത് യുഗത്തില്‍ നിന്നാണ് ഇങ്ങനെ പറയുന്നതെന്ന് ആലോചിക്കേണ്ടതുണ്ട്. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക സാംസ്‌കാരിക ഇടങ്ങളിലെ ശക്തമായി ഇടപെടലുകളിലൂടെയും മുന്നേറുമ്പോഴാണ് ഇത്തരത്തിലുള്ള പിന്‍തിരിപ്പന്‍ പരാമര്‍ശങ്ങള്‍.
ആ വീഡിയോയില്‍, ചായ കൊണ്ടു വന്ന പെണ്‍കുട്ടി രണ്ട് ആണുങ്ങള്‍ സംസാരിക്കുന്നത് കേള്‍ക്കുകയാണ്. ചായ കൊടുത്തശേഷം ദൂരെ മാറി നിന്നാണ് അവള്‍ സംസാരം കേള്‍ക്കുന്നത്. എന്തുകൊണ്ട് അവള്‍ക്ക് അവര്‍ക്കൊപ്പം നിന്നു കൂടാ ? ..അതിനുശേഷം ആണ്‍കുട്ടി തന്നെ പാര്‍ലമെന്റില്‍ പോകണമെന്നുള്ള നിഗമനത്തില്‍ അവര്‍ എത്തുന്നു. ആണ്‍കുട്ടിയാകുകയെന്നാല്‍ അധികയോഗ്യതയാണെന്ന് പറഞ്ഞുവെയ്ക്കുകയാണ് വീഡിയോ. ഈ പരസ്യവീഡിയോ അദ്ദേഹം കാണാതെ പോസ്റ്റ് ചെയ്തതാണെന്ന് വിശ്വസിക്കാനാകില്ല. വാ തുറന്നാല്‍ പറയുന്നതത്രയും സ്ത്രീവിരുദ്ധതയായതിനാല്‍ ബോധത്തിലും അബോധത്തിലും അദ്ദേഹത്തെ കീഴ്പ്പെടുത്തിയ ആണഹന്തയാണ് ഇത്തരത്തില്‍ നിഴലിക്കുന്നത്.
ഏതെങ്കിലും ഒരു കൂട്ടരില്‍ നിന്നുമാത്രമല്ല സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും പ്രവൃത്തികളുമുണ്ടാകുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ സ്ത്രീവിരുദ്ധ പരാമര്‍ശത്തിലൂടെ നമ്മെ അമ്പരപ്പിച്ചു. ഇടതുപക്ഷം മറ്റേത് മുന്നണികളേക്കാളും സ്ത്രീമുന്നേറ്റത്തിന് പ്രാധാന്യം നല്‍കുന്നുണ്ട്. വനിതാവിമോചന വിഷയത്തില്‍ ഇടതുപക്ഷത്തിന്റെ ശക്തമായ നിലപാട് ശബരിമല വിഷയം പരിശോധിച്ചാല്‍ മനസിലാക്കാവുന്നതേയുള്ളൂ. യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി ഇടതുസര്‍ക്കാര്‍ സ്വാഗതം ചെയ്യുകയും നടപ്പാക്കാന്‍ ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. നവോത്ഥാന വാദത്തിന്റെ തുടര്‍ച്ചയായി വനിതാമതില്‍ പണിതതും ഇടതുപക്ഷമാണ്. ആര്‍ത്തവം അശുദ്ധമാണെന്ന് നിരന്തരം ആവര്‍ത്തിച്ച് വിറളികൊണ്ട ആള്‍ക്കൂട്ടത്തിന് നേര്‍ക്ക്, അശുദ്ധമല്ലെന്ന് പറഞ്ഞ് പെണ്ണിനെ ചേര്‍ത്തുനിര്‍ത്തിയത് ആ സര്‍ക്കാരിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ്.
ആര്‍ത്തവമെന്ന് ഉച്ചരിക്കാന്‍ പറ്റാതിരുന്ന ഒരു സമൂഹത്തില്‍ ഇന്ന് നാഴികയ്ക്ക് നാല്പത് വട്ടം ആ വാക്ക് ഉറക്കെ ഉച്ചരിക്കാനാകുന്നുണ്ടെങ്കില്‍ ഇത്തരം ഇടപെടലുകളുടെ പരിണതഫലമായാണ്. സ്ത്രീയെ പുരുഷനോട് ചേര്‍ത്തു നിര്‍ത്തുക എന്നത് ഇടതുപക്ഷത്തിന് സംസ്‌കാരമാണ്. എന്നാല്‍ ആ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കേണ്ട എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവനില്‍ നിന്നുണ്ടായ സ്ത്രീവിരുദ്ധ പരാമര്‍ശം ഈ സമൂഹത്തില്‍ ഞെട്ടലുണ്ടാക്കി. 'ആലത്തൂരിലെ സ്ഥാനാര്‍ഥി ആദ്യം പോയി തങ്ങളെ കണ്ടു പിന്നെ പോയി കുഞ്ഞാലിക്കുട്ടിയെ കണ്ടു ഇനി ആ കുട്ടിയുടെ അവസ്ഥ എന്തെന്ന് പറയാന്‍ കഴിയില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഒരു സ്ത്രീയുടെ സ്വത്വത്തെയാണ് അദ്ദേഹം ചോദ്യം ചെയ്തത് .ഇത്രയുംകാലം അദ്ദേഹം പെണ്ണിനെക്കുറിച്ചും അവളുടെ ശരീരത്തെ കുറിച്ചും ഉണ്ടാക്കിവെച്ച വികലമായ ധാരണയാണ് പുറത്തുവന്നത്. സ്ത്രീകള്‍ പൊതുവിടങ്ങളിലേക്ക് എത്തിയാല്‍ ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ ഉപയോഗിക്കുന്ന സദാചാര സമൂഹത്തിന്റ ഭാഗമായി നിന്നുകൊണ്ടാണ് എ വിജയരാഘവന്‍ സംസാരിച്ചത്.
എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെക്കുറിച്ചുള്ള ബിജെപി അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയുടെ പരാമര്‍ശവും ആണഹന്തയില്‍ നിന്നുള്ളതാണ്. 48 വയസ്സുള്ള പ്രിയങ്കയെ യുവസുന്ദരി എന്ന് വിളിക്കുന്നതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത് .നാല്‍പത്തെട്ടു വയസുള്ള പ്രിയങ്ക യുവതി അല്ലെന്നും അങ്ങനെ വിളിക്കരുതെന്നുമുള്ള തിട്ടൂരം ഇറക്കിയ അതേ ശ്രീധരന്‍പിള്ളയാണ് 50 വയസ്സുവരെയുള്ള സ്ത്രീകള്‍ ശബരിമലയില്‍ പോയാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്ന് പറഞ്ഞ് വിലപിച്ചത്. യുവസുന്ദരി എന്ന് വിളിക്കാന്‍ പാടില്ലെന്ന കല്‍പ്പന അദ്ദേഹത്തിന്റെയുള്ളില്‍ അടിഞ്ഞുകൂടിയ ആണധികാര ബോധത്തിന്റെ പ്രതിഫലനമാണ്. ഈ നിലപാടിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രിയങ്ക സുന്ദരിയല്ലേ എന്ന് ചോദിക്കുന്ന, ബിജെപി നേതാവ് സികെ പത്മനാഭന്റെ നിലപാടും നിഷ്‌കളങ്കമല്ല.
ആര്‍ത്തവം അശുദ്ധമാണെന്ന് പ്രഖ്യാപിച്ച ശ്രീധരന്‍പിള്ളയുടെ അതേ നിലപാട് പേറുന്ന നേതാവാണ് ബിജെപിയുടെ സി കെ പത്മനാഭന്‍ .ശബരിമലയില്‍ കയറിയ സ്ത്രീകളെ വിളിക്കേണ്ട പേര് വേറെയാണെന്ന് പറഞ്ഞത് ഇദ്ദേഹമാണ്. പെണ്ണിനെക്കുറിച്ചും അവളുടെ ശരീരത്തെ പറ്റിയും ഉണ്ടാക്കിയിട്ടുള്ള വികലമായ ധാരണയുടെ ബഹിര്‍സ്ഫുരണമാണ് ഇത്തരത്തിലുള്ള പരാമര്‍ശങ്ങളെന്ന് തിരിച്ചറിയുന്ന ഒരു ജനത ഇവിടെയുണ്ട്. ആ സമൂഹം ഒരുകാരണവശാലും സ്ത്രീവിരുദ്ധത സമ്മതിച്ചുതരില്ല. വാക്കിലോ നോക്കിലോ പ്രവൃത്തിയിലോ ബോധ്യത്തിലോ ഉള്ള സ്ത്രീവിരുദ്ധതയെ അനുവദിച്ചുതരില്ല.
ഈ സമൂഹം ആണിന്റേത് മാത്രമല്ല. പെണ്ണിന്റേതുമാണ്. ആണെന്നും പെണ്ണെന്നും അല്ല, വ്യക്തികള്‍ എന്നാണ് ഇന്ത്യന്‍ ഭരണഘടന പൗരസമൂഹത്തെ അഭിസംബോധന ചെയ്തിരിക്കുന്നത്.തുല്യനീതി എന്നും പൗരന്റെ അവകാശമാണ്. തുല്യതയെന്തെന്ന് തിരിച്ചറിവുള്ള ജനത ഇന്നിവിടെയുണ്ട്. ആ സമൂഹം അധിക്ഷേപങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുക തന്നെ ചെയ്യും. അത്തരം നേതാക്കളെ അവര്‍ തമസ്‌കരിക്കും. പാര്‍ട്ടികളിലെ പുരുഷകേസരികള്‍ തങ്ങളില്‍ അടിഞ്ഞുകൂടിയ ആണ്‍ബോധ മാലിന്യം ഉന്‍മൂലനം ചെയ്യുന്നില്ലെങ്കില്‍ അവരുയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയം റദ്ദ് ചെയ്യപ്പെടും. അത് സാധ്യമാക്കാന്‍ പോന്ന ജനാധിപത്യ സമൂഹം ഇവിടെയുണ്ട്. നേതാക്കള്‍ അത് തിരിച്ചറിഞ്ഞ് തിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വോട്ടര്‍മാരില്‍ പകുതിയില്‍ അധികം സ്ത്രീകള്‍ ആണെന്ന് ഓര്‍ക്കുന്നത് നന്നാകും.