മലപ്പുറം ‘വണ്ടൂര്‍ ജില്ല’യായത് സംഘപരിവാര്‍ പ്രചരണത്തെ പേടിച്ചോ? രാഹുലിന് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ 

മലപ്പുറം ‘വണ്ടൂര്‍ ജില്ല’യായത് സംഘപരിവാര്‍ പ്രചരണത്തെ പേടിച്ചോ? രാഹുലിന് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ 

വെബ് സൈറ്റിന് പുറമേ കോണ്‍ഗ്രസിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ ചെയ്ത നോട്ടീസിലും മലപ്പുറം ജില്ലയ്ക്ക് പകരം വണ്ടൂര്‍ എന്ന് എഴുതിയിരിക്കുന്നു.
Published on

രാഹുല്‍ ഗാന്ധി കേരളത്തില്‍ തെരഞ്ഞെടുപ്പ് പര്യടനം തുടരവേ കോണ്‍ഗ്രസിന്റെ ഒഫീഷ്യല്‍ വെബ് സൈറ്റിലെ പര്യടന അറിയിപ്പ് വിവാദമായിരിക്കുകയാണ്. ഏപ്രില്‍ 17ന് രാഹുല്‍ കേരളത്തിലെത്തിയ ശേഷം സന്ദര്‍ശിക്കുന്ന പ്രചരണ വേദികളും സമയവും ജില്ലകളുമാണ് പര്യടന അറിയിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മലപ്പുറം ജില്ലയുടെ സ്ഥാനത്ത് വണ്ടൂര്‍ ജില്ലയെന്ന് തെറ്റായി ചേര്‍ത്തിരിക്കുന്നു. വെബ് സൈറ്റിന് പുറമേ കോണ്‍ഗ്രസിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ ചെയ്ത നോട്ടീസിലും മലപ്പുറം ജില്ലയ്ക്ക് പകരം വണ്ടൂര്‍ എന്ന് എഴുതിയിരിക്കുന്നു. വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലകളെ പരാമര്‍ശിക്കുന്ന നോട്ടീസിലാണ് മലപ്പുറത്തിന് പകരം വണ്ടൂര്‍ എന്ന് എഴുതിയിരിക്കുന്നത്. രണ്ടിടത്തും ഒരേ തെറ്റ് ആവര്‍ത്തിച്ചത് യാദൃശ്ചികമല്ലെന്നും ബിജെപി നേതാക്കളുടെയും സംഘപരിവാറിന്റെയും വിദ്വേഷപ്രചരണത്തെ ഭയന്ന് കോണ്‍ഗ്രസ് ബോധപൂര്‍വം മലപ്പുറത്തെ വെട്ടിയതാണെന്നുമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം.

രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിത്വത്തിനായി വയനാട് തെരഞ്ഞെടുത്തതിന് പിന്നാലെ ഹിന്ദുക്കള്‍ ന്യൂനപക്ഷമായ മണ്ഡലത്തിലേക്ക് ഹിന്ദുരോഷം ഭയന്ന് രാഹുല്‍ ഒളിച്ചോടിയതാണെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തുവന്നിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുതല്‍ എറണാകുളം ലോക്‌സഭാ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം വരെയുള്ള നേതാക്കള്‍ വയനാട്ടില്‍ മുസ്ലീം വോട്ട് ലക്ഷ്യമിട്ടാണ് രാഹുല്‍ മത്സരിക്കുന്നതെന്ന വര്‍ഗീയ ആരോപണം ആവര്‍ത്തിച്ചു. പ്രചരണത്തിന് മുസ്ലീം ലീഗ് പങ്കെടുത്തതിനെതിരെയും ഉത്തരേന്ത്യയില്‍ വ്യാപകമായി ബിജെപി സംഘപരിവാര്‍ ഗ്രൂപ്പുകള്‍ വ്യാജപ്രചരണം നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ മുസ്ലീം ഭൂരിപക്ഷജില്ലയായ മലപ്പുറത്തിന്റെ പേര് പറയാത്തതാണെന്നാണ് ആരോപണം.

രാഹുല്‍ ബുധനാഴ്ച സന്ദര്‍ശിച്ച മറ്റ് സ്ഥലങ്ങള്‍ക്കൊപ്പം ജില്ലകളുടെ പേരും ചേര്‍ത്തിരുന്നു. രാവിലെ എട്ട് മണിക്ക് കണ്ണൂര്‍, കാസര്‍ഗോഡ്, വടകര മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഏകോപനസമിതിയുമായി ചര്‍ച്ച നടത്തിയ ശേഷം വയനാട്ടില്‍ തിരുനെല്ലി ക്ഷേത്രത്തിലേക്കാണ് രാഹുല്‍ എത്തിയത്. പിതാവ് രാജീവ് ഗാന്ധിക്ക് വേണ്ടിയുള്ള പിതൃതര്‍പ്പണ പൂജയ്ക്കായാണ് രാഹുല്‍ തിരുനെല്ലി ക്ഷേത്രത്തില്‍ എത്തിയത്.

വയനാടിനെ മുന്‍നിര്‍ത്തി മുസ്ലീങ്ങളെയും മുസ്ലീം ലീഗിനെയും വര്‍ഗീയമായി ആക്രമിച്ചതിനെ രാഹുല്‍ ഗാന്ധി പ്രതിരോധിച്ചില്ലെന്ന വിമര്‍ശനവുമുണ്ട്. നേരത്തെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ രാഹുല്‍ ഗാന്ധിയുടെ പ്രചരണം ക്ഷേത്രസന്ദര്‍ശമായി മാറിയതിനെതിരെ ആക്ഷേപമുയര്‍ന്നിരുന്നു. ബിജെപിയുടെ ഹിന്ദുത്വ അജണ്ടയെ മൃദുഹിന്ദുത്വയിലൂടെയാണ് കോണ്‍ഗ്രസ് നേരിടുന്നതെന്നായിരുന്നു ഇടത് കക്ഷികളടക്കം ഉയര്‍ത്തിയ വിമര്‍ശനം.

logo
The Cue
www.thecue.in