പ്രഗ്യക്കെതിരായ പഴയ കൊലക്കേസില്‍ പുനരന്വേഷണത്തിന് മധ്യപ്രദേശ് സര്‍ക്കാര്‍, ‘ഓപ്പറേഷന്‍ താമര’യ്ക്ക് കോണ്‍ഗ്രസിന്റെ തിരിച്ചടി
ബിജെപിയുടെ ഭോപ്പാല്‍ സ്ഥാനാര്‍ത്ഥിയും തീവ്ര ഹീന്ദു സംഘടന അഭിനവ് ഭാരതിന്റെ നേതാവുമായ പ്രഗ്യ സിങ് ഠാക്കൂറിനെതിരെ കൊലപാതക കേസില്‍ പുനരന്വേഷണത്തിനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. 2007ലെ സുനില്‍ ജോഷി വധത്തില്‍ തെളിവുകളുടെ അഭാവത്തില്‍ പ്രഗ്യയെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു. ഈ കേസ് പുനരന്വേഷിക്കാനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്.
മലേഗാവ് സ്‌ഫോടന കേസ് പ്രതിയായ പ്രഗ്യ ഭോപ്പാല്‍ ലോക്‌സഭാ മണ്ഡലത്തില്‍ ജയിക്കുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനം വന്നതിന് പിന്നാലെയാണ് 2007ലെ കൊലപാതക കേസ് വീണ്ടും തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച വിവരം പുറത്തുവന്നത്. നിരവധി കേസുകളില്‍ പ്രതിയായ പ്രഗ്യയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ വലിയ വിമര്‍ശനമുണ്ടായിട്ടും ബിജെപി കുലുങ്ങിയിരുന്നില്ല.
ബിജെപിക്ക് വലിയ വിജയമുണ്ടാകുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനം വന്നതിന് പിന്നാലെ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് താഴെയിറക്കാന്‍ ബിജെപി ശ്രമം തുടങ്ങിയിരുന്നു. എംഎല്‍എമാരെ ചാക്കിട്ടുപിടിച്ച് വലിയ ഭീരിപക്ഷമില്ലാത്ത സര്‍ക്കാരിനെ വീഴ്ത്താനാണ് ബിജെപി ശ്രമം. കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും ഭീരിപക്ഷം തെളിയിക്കാന്‍ വിളിക്കണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് ബിജെപി കത്തയച്ചിരുന്നു.
ബിജെപി ഓപ്പറേഷന്‍ താമര തുടങ്ങിയതോടെയാണ് കോണ്‍ഗ്രസ് തിരിച്ചടിച്ചത്. മുന്‍ ആര്‍എസ്എസ് പ്രചാരകനായിരുന്ന സുനില്‍ ജോഷിയുടെ കൊലപാതകത്തില്‍ പ്രഗ്യയെ കോടതി തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചിരുന്നു. 2007ലെ ഈ കേസ് വീണ്ടും തുറക്കാന്‍ കോണ്‍ഗ്രസ് നിയമോപദേശം തേടി. 2017ല്‍ ആണ് പ്രഗ്യയേയും ഏഴ് പേരേയും കോടതി കേസില്‍ നിന്നും വിടുതല്‍ ചെയ്തത്.
കേസ് വീണ്ടും തുറക്കാന്‍ മേല്‍ക്കോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചിരിക്കുന്നതെന്ന് നിയമമന്ത്രി പി സി ശര്‍മ്മ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ ദിഗ് വിജയ് സിങിനെതിരെ പ്രഗ്യ മല്‍സരിച്ചതിന്റെ പ്രതികാരമാണ് ഈ കേസ് പുനരന്വേഷണത്തിന് എടുക്കുന്നതിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. 2008ലെ മലേഗാവ് സ്‌ഫോടനകേസ് പ്രതിയായ പ്രഗ്യ ഇപ്പോള്‍ ജാമ്യത്തിലാണ് പുറത്തുള്ളത്.
കോണ്‍ഗ്രസ് നേതാവിന്റെ വധത്തില്‍ പങ്കുണ്ടായിരുന്ന ഗുരുജി എന്നറിയപ്പെടുന്ന സുനില്‍ ജോഷി ഒളിവില്‍ കഴിയുന്നതിന് ഇടയിലാണ് ബൈക്കിലെത്തിയ സംഘം കൊലപ്പെടുത്തിയത്.