ഭക്ഷണം പോലുമില്ലാതെ രണ്ടുനാള്‍, കാലുപിടിച്ച് ഡോക്ടര്‍മാര്‍, അത്രകണ്ട് ലാലുവിനെ ഞെട്ടിച്ച് മേയ് 23

ഭക്ഷണം പോലുമില്ലാതെ രണ്ടുനാള്‍, കാലുപിടിച്ച് ഡോക്ടര്‍മാര്‍, അത്രകണ്ട് ലാലുവിനെ ഞെട്ടിച്ച് മേയ് 23

Published on

രാഷ്ട്രീയ ജനതാ ദളിന് ബിഹാറിലും ജാര്‍ഖണ്ഡിലുമേറ്റ കനത്ത പരാജയത്തില്‍ തകര്‍ന്ന് ലാലു പ്രസാദ് യാദവ്. മേയ് 23ന് തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ഊണും ഉറക്കവും ഉപേക്ഷിച്ച ലാലു പ്രസാദ് യാദവ് ഡോക്ടറുടെ നിര്‍ബന്ധത്തിന് വഴങ്ങി ഞായറാഴ്ചയാണ് ഉച്ചഭക്ഷണം കഴിച്ചത്. വ്യാഴാഴ്ച തെരഞ്ഞെടുപ്പ് ഫലം വന്ന് ബിജെപിയുടെ വിജയം കണ്ട ലാലുവിന് സംപൂജ്യരായി തന്റെ മക്കളും പാര്‍ട്ടിയും മാറിയത് ഉള്‍ക്കൊള്ളാനായില്ല. 1997ന് ആര്‍ജെഡി രൂപീകരിച്ചതിന് ശേഷം ആദ്യമാണ് പാര്‍ട്ടിക്കൊരു പാര്‍ലമെന്ററി സീറ്റ് ഇല്ലാതായത്.

കാലിത്തീറ്റ കുംഭകോണത്തിന് അറസ്റ്റിലായി ജയിലിലായതിന് പിന്നാലെ 2017ല്‍ രാജേന്ദ്ര പ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വൃക്ക രോഗത്തിനും ബിപിയ്ക്കും ചികില്‍സയിലാണ് ലാലു. ഭക്ഷണം കഴിക്കാതെ ആരോഗ്യസ്ഥിതി വഷളാകുമെന്ന് കണ്ടതോടെ ചികില്‍സിക്കുന്ന ഡോക്ടര്‍ ഉമേഷ് യാദവ് കാലുപിടിച്ചാണ് ഭക്ഷണം കഴിപ്പിച്ചത്. ഫലം വന്ന വ്യാഴാഴ്ച മുതല്‍ ഭക്ഷണം കഴിക്കാതിരുന്ന ലാലു പ്രസാദ് യാദവിനെ ഞായറാഴ്ചയാണ് അനുനയിപ്പിക്കാന്‍ ഡോക്ടര്‍ക്കായത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവും വിജയിച്ച് കയറിയതോടെ ബിഹാറില്‍ റാബറി ദേവിയും തേജസ്വി യാദവും നയിച്ച ആര്‍ജെഡി തകര്‍ന്നടിഞ്ഞു. കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാഗ്ഡ്ബന്ധനൊപ്പം ചേര്‍ന്ന് മല്‍സരിച്ച ആര്‍ജെഡി 19 സീറ്റുകളിലും തോറ്റമ്പി. 40 സീറ്റുകളുള്ള ബിഹാറില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസ് വിജയിച്ച കിഷന്‍ഗഞ്ച് മാത്രമാണ് പ്രതിപക്ഷനിരയ്ക്ക് സ്വന്തമാക്കാനായത്.

മോദി തരംഗത്തില്‍ 2014ല്‍ പോലും നാല് സീറ്റുകള്‍ വിജയിക്കാന്‍ ആര്‍ജെഡിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ പാര്‍ട്ടി ലാലു പ്രസാദ് യാദവ് തെരഞ്ഞെടുപ്പിന് പഴയപോലെ ഇറങ്ങാതിരുന്ന ആദ്യഘട്ടത്തില്‍ തന്നെ പാര്‍ട്ടി മൂക്കുകുത്തി വീണത് യാദവിനെ തകര്‍ത്തു. ഭക്ഷണം പോലും കഴിക്കാതെയുള്ള ലാലു പ്രസാദ് യാദവിന്റെ നിരാശ പടുകുഴിയിലേക്ക് വീണ പാര്‍ട്ടിയെ എങ്ങനെ പൊക്കിയെടുക്കുമെന്നോര്‍ത്താണ്.

പരാജയം പാര്‍ട്ടി നേതൃത്വത്തെ പാഠം പഠിപ്പിച്ചുവെന്നും വിശദമായി പരാജയ കാരണം വിശകലനം ചെയ്യുമെന്നും പാര്‍ട്ടി വക്താവ് മൃത്യുഞ്ജയ് തീവാരി പറഞ്ഞു.

logo
The Cue
www.thecue.in