വടകര കോലീബി സഖ്യം രാജീവ് ഗാന്ധിയുടെ അറിവോടെ: കെ.പി ഉണ്ണിക്കൃഷ്ണന്‍

വടകര കോലീബി സഖ്യം രാജീവ് ഗാന്ധിയുടെ അറിവോടെ: കെ.പി ഉണ്ണിക്കൃഷ്ണന്‍
Published on

കോണ്‍ഗ്രസ്-ബിജെപി-മുസ്ലീം ലീഗ് സഖ്യത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളും വിവാദങ്ങളും ചര്‍ച്ചയാകുമ്പോള്‍ തുറന്നുപറച്ചിലുമായി മുന്‍ കേന്ദ്രമന്ത്രി കെ.പി ഉണ്ണിക്കൃഷ്ണന്‍. കോലീബി സഖ്യം വടകരയിലെ പ്രാദേശിക ധാരണ അല്ലായിരുന്നുവെന്നും രാജീവ് ഗാന്ധിയെ വരെ അറിയിച്ചാണ് സഖ്യമുണ്ടാക്കിയതെന്നും കെ.പി ഉണ്ണിക്കൃഷ്ണന്‍. മനോരമ ചാനലിലാണ് പ്രതികരണം.

അഞ്ച് വട്ടം ജയിച്ച തന്നെ പാര്‍ലമെന്റിലെത്തിക്കുന്നത് തടയാനായാരുന്നു കോലിബീ സഖ്യം. 1971 മുതല്‍ തുടരെ ജയിച്ച മണ്ഡലമായിരുന്നു വടകര. തന്റെ രാഷ്ട്രീയ ജീവിതം താറുമാറാക്കി. കോണ്‍ഗ്രസില്‍ ഉള്ളവര്‍ വീഴ്ത്താന്‍ ശ്രമിച്ച തെരഞ്ഞെടുപ്പായിരുന്നു. എ രത്‌നസിംഗിനെയാണ് കോ-ലീ-സഖ്യം പിന്തുണച്ചത്. എന്നാല്‍ പതിനേഴായിരം വോട്ടില്‍ സഖ്യത്തെ തകര്‍ത്ത് താന്‍ ജയിക്കുകയായിരുന്നുവെന്നും കെ.പി ഉണ്ണിക്കൃഷ്ണന്‍.

'കെ ജി മാരാര്‍: രാഷ്ട്രീയത്തിലെ സ്‌നേഹസാഗരം' എന്ന പുസ്തകത്തില്‍ കോ-ലീ-ബി സഖ്യത്തെക്കുറിച്ച്

മാര്‍ക്‌സിസ്റ്റ് ഹുങ്കിനിരയായി ഏറെ കഷ്ടനഷ്ടങ്ങള്‍ സഹിക്കുന്ന പ്രസ്ഥാനമെന്ന നിലയ്ക്ക് ബിജെപി അവരുമായി അടുക്കുന്നതിന് ഒരുസാധ്യതയുമില്ല. പിന്നെയുള്ളത് ഐക്യമുന്നണിയാണ്. ഐക്യമുന്നണി കക്ഷികളും വിജയപ്രതീക്ഷ തീരെ ഇല്ലെന്ന് കണക്കുകൂട്ടി നില്‍ക്കുകയായിരുന്നു.

ബിജെപിയുമായി ബന്ധപ്പെടുന്നതില്‍ തെറ്റില്ലെന്ന് അവരും അവരുമായി ബന്ധപ്പെട്ടുപോലും ജയിക്കണമെന്ന് ബിജെപിയും ചിന്തിച്ചു. ഒരു കൂട്ടുകെട്ട് രാഷ്ട്രീയത്തിന്റെ ആദ്യക്ഷരംപോലും അന്ന് ബിജെപിക്ക് വശമുണ്ടായിരുന്നില്ല. 'പൂച്ചയ്ക്കാര് മണികെട്ടും' എന്ന ശങ്കയ്ക്ക് അന്ത്യംകുറിച്ച ഇരുകൂട്ടരും തമ്മിലുള്ള രാഷ്ട്രീയ ബാന്ധവത്തിന് കളമൊരുക്കിയത് രണ്ട് പത്രപ്രവര്‍ത്തകരാണ്.

കോണ്‍ഗ്രസ് മാത്രമല്ല, മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും ബിജെപിയുമായുള്ള ധാരണ പ്രതീക്ഷയോടെയാണ് വീക്ഷിച്ചത്. ലീഗും ബിജെപിയും തമ്മില്‍ അടുക്കുമോ എന്ന സംശയമായിരുന്നു ആദ്യം ചിലര്‍ക്ക്. എന്നാല്‍, ലീഗ് നേതാക്കളും ബിജെപി പ്രതിനിധികളും നിരവധി തവണ ചര്‍ച്ച നടത്തി. മറ്റു കക്ഷികളേക്കാള്‍ സഹകരണാത്മക സമീപനം അവരില്‍ ഉണ്ടായി. കോണ്‍ഗ്രസില്‍ ആന്റണിയും മറ്റും ധാരണ പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടാകുമെന്ന നിലപാടില്‍ ആയിരുന്നുവെങ്കില്‍ ബിജെപി സഹകരണം ഉറപ്പിക്കുന്നതില്‍ കരുണാകരന്‍ അത്യുത്സാഹം കാട്ടി. തിരുവനന്തപുരവും എറണാകുളവും മലപ്പുറവും തൃശൂരും കോഴിക്കോടും കൂടിയാലോചനകള്‍ക്ക് വേദിയായി.

ഒടുവിലുണ്ടായ ധാരണപ്രകാരം സ്വതന്ത്ര സ്ഥാനാര്‍ഥിയായി ബേപ്പൂരില്‍ ഡോ. കെ മാധവന്‍കുട്ടിയെ നിര്‍ത്താനും വടകര ലോക്‌സഭാ മണ്ഡലത്തില്‍ അഡ്വ. രത്‌നസിങ്ങിനെ പൊതുസ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാനും തീരുമാനിച്ചു.

ധാരണയിലെ പരസ്യമായ ഈ നിലപാടിനു പുറമെ മഞ്ചേശ്വരത്ത് കെ ജി മാരാര്‍, തിരുവനന്തപുരം ഈസ്റ്റില്‍ കെ രാമന്‍പിള്ള, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ഒ രാജഗോപാല്‍ എന്നിവര്‍ക്ക് ഐക്യമുന്നണി പിന്തുണ നല്‍കാന്‍ ധാരണയിലെത്തിയിരുന്നു. കെ ജി മാരാര്‍ക്ക് ജയിക്കാനാവശ്യമായ വോട്ട് കോണ്‍ഗ്രസും ലീഗും നല്‍കുമെന്നുറപ്പുണ്ടായി. അതിനായി ഓരോ മുതിര്‍ന്ന നേതാക്കളെത്തന്നെ അവര്‍ ചുമതലപ്പെടുത്തിയതായും അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in