നേമത്ത് കെ.മുരളീധരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യതയേറി. രണ്ട് സീറ്റില്‍ മത്സരിക്കില്ലെന്നും പുതുപ്പള്ളിയില്‍ തന്നെ മല്‍സരിക്കണമെന്നും ഉമ്മന്‍ചാണ്ടി നേതൃത്വത്തെ അറിയിച്ചതിന് പിന്നാലെയാണ് കെ.മുരളീധരനെ ഹൈക്കമാന്‍ഡ് നേമത്ത് നിര്‍ദേശിച്ചത്. നേമത്തിന്റെ കാര്യത്തില്‍ എം.പി മാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന വ്യവസ്ഥയില്‍ ഹൈക്കമാന്‍ഡ് ഇളവ് വരുത്തിയെന്നും അറിയുന്നു.
നേമത്ത് വിജയിക്കാന്‍ കഴിയുമെന്നാണ് യുഡിഎഫ് വിശ്വാസം. ആ മണ്ഡലത്തില്‍ എന്തോ അത്ഭുതം നടന്നെന്ന മട്ടില്‍ പ്രചരിപ്പിക്കേണ്ട ആവശ്യമില്ലെന്നും മുരളീധരന്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണെങ്കില്‍ അവിടെ നിശ്ചയമായും ജയിക്കുമെന്നും കെ.മുരളീധരന്‍. നിലവില്‍ വടകരയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് കെ.മുരളീധരന്‍.
രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെല്ലാം ഇന്നലെ തന്നെ ബന്ധപ്പെട്ടിരുന്നതായും കെ.മുരളീധരന്‍. നേമത്ത് മത്സരിക്കുമോയെന്ന കാര്യം ഇന്ന് തീരുമാനിക്കും. ബിജെപിയുടെ ഏക നിയമസഭാ മണ്ഡലമായ നേമം പിടിച്ചെടുക്കുമെന്നാണ് കോണ്‍ഗ്രസ് നിലപാട്. നേമത്ത് മത്സരിക്കാന്‍ കെ.സി വേണുഗോപാലും തുടക്കം മുതല്‍ സന്നദ്ധത അറിയിച്ചിരുന്നു. പാര്‍ട്ടി പറഞ്ഞാല്‍ നേമത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് മുരളീധരനും നേരത്തെ വ്യക്തമാക്കിയിരുന്നു.
സത്യത്തില്‍ കോണ്‍ഗ്രസ് നേമം ഏറ്റെടുത്താല്‍ വിവാദം അവിടെ തീരേണ്ടതാണെന്ന് കെ.മുരളീധരന്‍ ഏഷ്യാനെറ്റ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ അവിടെ ശക്തന്‍, ദുര്‍ബലന്‍ എന്നിങ്ങനെയൊക്കെ അനാവശ്യ ചര്‍ച്ചകള്‍ വന്നു. ഉമ്മന്‍ ചാണ്ടിയുടെ പേര് നേമത്തേക്ക് വന്നതിന് പിന്നില്‍ സംഘടിത ശ്രമങ്ങളുണ്ട്.
പണ്ട് തിരുവനന്തപുരത്ത് സീറ്റ് വേണമെന്ന് വീരേന്ദ്രകുമാര്‍ വിഭാഗം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അവര്‍ക്ക് നേമം നല്‍കിയത്. 2011,2016-ലും യുഡിഎഫ് നേമത്ത് മൂന്നാമാതാവന്‍ അതു കാരണമായി. അതുവരെ നേമത്തെ അവസ്ഥ അങ്ങനെ ആയിരുന്നില്ല.