മാണിയുടെ രാഷ്ട്രീയജീവിതം,ഒരു പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിയുടെ ചരിത്രവും
കെ എം മാണിയുടെ ജീവിതം, കേരളാ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുള്ള കേരളാ കോണ്‍ഗ്രസ് എന്ന പ്രാദേശിക പാര്‍ട്ടിയുടെ ചരിത്രം തന്നെയാണ്.
ഒരേ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി 13 വട്ടം നിയമസഭയിലേക്ക്, ഏറ്റവും കൂടുതല്‍ കാലം മന്ത്രിപദവി എന്നീ അപൂര്‍വതകള്‍ മാണി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്ത കേരളാ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ നായകത്വത്തിനൊപ്പമാണ്.
പിളര്‍പ്പും ലയനവുമാണ് കേരള കോണ്‍ഗ്രസ് എന്നത് എതിരാളികളുടെ പരിഹാസം മാത്രമല്ല ചരിത്രം അങ്ങനെയാണ്. കോണ്‍ഗ്രസ് പിളര്‍ന്നാണ് കേരള കോണ്‍ഗ്രസ് രൂപീകരിച്ചത്. 1964ല്‍ ആര്‍.ശങ്കര്‍ മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയായിരുന്ന പി.ടി ചാക്കോയുടെ രാജിയും അതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പുമാണ് കേരള കോണ്‍ഗ്രസിന്റെ പിറവിയിലേക്ക് നയിച്ചത്. ചാക്കോയോട് അനുഭാവം പ്രകടിപ്പിച്ച് കെ.എം ജോര്‍ജ്ജിന്റെയും ആര്‍.ബാലകൃഷ്ണപിള്ളയുടെയും നേതൃത്വത്തിലുള്ള 15 എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തുവന്നു. കെ.എം ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ 1964ല്‍ കേരള കോണ്‍ഗ്രസ് രൂപീകരിച്ചു.
ജോര്‍ജ്ജും ആര്‍. ബാലകൃഷ്ണപിള്ളയും മാണിയും പി.ജെ ജോസഫും ജേക്കബും പി.സി തോമസും പി.സി ജോര്‍ജ്ജും ഓരോ കാലത്തായി നേതൃത്വത്തിലേക്ക് വന്നു. കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ നിര്‍ണ്ണായക രാഷ്ട്രീയ ശക്തിയായി മാറി. ഇടത്-വലത് മുന്നണികള്‍ മാറി മാറി പരീക്ഷിച്ചു. കെ.എം മാണി നിയമസഭയില്‍ റെക്കോര്‍ഡുകളിട്ടു. ഇതിനിടയിലും ഈ നേതാക്കളെല്ലാം വിവിധ കാലങ്ങളിലായി വഴിപിരിയുകയും ലയിക്കുകയും ചെയ്തു.
1972 ലാണ് ആദ്യത്തെ പിളര്‍പ്പ്. ഇ.ജോണ്‍ ജേക്കബും ജെ.എ ചാക്കോയും പാര്‍ട്ടി വിട്ട് പുതിയ കേരള കോണ്‍ഗ്രസ് രൂപീകരിച്ചു. 1976 കെ.എം ജോര്‍ജ്ജും കെ.എം മാണിയും തെറ്റിപ്പിരിഞ്ഞു.1977 ല്‍ ആര്‍ ബാലകൃഷ്ണപിള്ള പാര്‍ട്ടിയില്‍ നിന്ന് പുറത്ത് വന്ന് കേരളാ കോണ്‍ഗ്രസ് ബി രൂപീകരിച്ചു. .
1979 ല്‍ മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് എമ്മും പി.ജെ ജോസഫിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് ജെയും രൂപീകരിച്ചു
1982ല്‍ കെ.എം മാണിയും ബാലകൃഷ്ണപിള്ളയും ഒന്നിച്ചു. യു.ഡി.എഫിന്റെ ഭാഗമായി.1985ല്‍ മാണിയും ജോസഫും ലയിച്ചു. 1987ല്‍ മാണിയും ജോസഫും പിരിഞ്ഞു.
1993ല്‍ കേരള കോണ്‍ഗ്രസ് ജേക്കബും പിറന്നു. പി.സി ജോര്‍ജ്ജ് സെക്കുലര്‍, പി.സി തോമസിന്റെ ഐഎഫ്ഡിപി എന്നിവയും ഉണ്ടായി. മാണി ഗ്രൂപ്പില്‍ നിന്നും പുറത്ത വന്ന് പി.സി തോമസ് ഐ.എഫ്.ഡി.പി രൂപീകരിക്കുകയും 2005ല്‍ എന്‍.ഡി.എയുടെ ഭാഗമാകുകയും ചെയ്തു.
കെ. എം മാണി നേതൃനിരയിലേക്ക് എത്തിയതും പാര്‍ട്ടിയിലെ നിര്‍ണായക ശക്തിയായി മാറിയതും കലഹങ്ങള്‍ക്ക് വഴിവെച്ചു. കെ.എം ജോര്‍ജ്ജിന്റെയും ആര്‍.ബാലകൃഷ്ണപിള്ളയുടെയും നേതൃത്വത്തിലാണ് പാര്‍ട്ടി രൂപീകരിച്ചത്.
പിളര്‍പ്പ് കാലത്ത് കോണ്‍ഗ്രസിനൊപ്പമായിരുന്നു കെ.എം മാണി. കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. കോട്ടയം മരങ്ങാട്ടുപള്ളി വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റായാണ് തുടക്കം
1959ല്‍ കെ.പി.സി.സി അംഗമായി. കേരള കോണ്‍ഗ്രസിലേക്ക് ചേക്കേറുമ്പോള്‍ ഡി.സി.സി സെക്രട്ടറിയായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ പാലയില്‍ മത്സരിച്ച് മാണി കേരള കോണ്‍ഗ്രസിനൊപ്പം കൂടി. പിന്നെ പാല മാണിക്കൊപ്പം ഉറച്ചു നിന്നു.
ജോര്‍ജ്ജിനൊപ്പം നിന്ന് മാണി മന്ത്രിയായി. ജോര്‍ജ്ജിന് ശേഷം പാര്‍ട്ടിയും മാണിയുടെ കൈകളിലായി. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കരുണാകരന്‍ വിജയിച്ചപ്പോള്‍ആ സര്‍ക്കാറില്‍ ആഭ്യന്തരമന്ത്രിയായി മാണി. രാജന്‍ കേസിലെ കോടതി നടപടിയെത്തുടര്‍ന്ന് കരുണാകരന്‍ രാജിവെക്കുകയും ആന്റണി മുഖ്യമന്ത്രിയാകുകയും ചെയ്തപ്പോഴും മാണി ആഭ്യന്തരമന്ത്രിയായി തുടര്‍ന്നു. എന്നാല്‍ പാലായിലെ തിരഞ്ഞെടുപ്പ് കേസ് മാണിക്ക് തിരിച്ചടിയായി. മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നു. പകരം വന്നതാവട്ടെ പി.ജെ ജോസഫ്. കേസ് ജയിച്ച് തിരിച്ചെത്തിയ മാണിക്ക് ജോസഫ് മന്ത്രി സ്ഥാനം തിരിച്ചു നല്‍കി. പകരം ചോദിച്ചത് ചെയര്‍മാന്‍ പദവി. ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മാണിയുടെ പിന്തുണയോടെ പി.ജി സെബാസ്റ്റ്യന് വിജയിച്ചു. ഇതോടെ മാണിയും ജോസഫും തമ്മിലുള്ള അകല്‍ച്ച ആരംഭിച്ചു. എ.കെ ആന്റണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിലെ വിമത വിഭാഗം ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് നിന്നപ്പോള്‍ മാണിയും ജോസഫും കൂടെനിന്നു. അങ്ങനെ നായനാര്‍ സര്‍ക്കാറിന്റെ ഭാഗവുമായി. എന്നാല്‍ വൈകാതെ ഇവര്‍ യു.ഡി.എഫിലേക്ക് തിരിച്ചു പോയി.
1989 ല്‍ പി.സി ജോര്‍ജ്ജിനേയും കെ.സി ജോസഫിനേയും കൂട്ടി പി.ജെ ജോസഫ് ഇടതുമുന്നണിയേക്ക് മാറി. വി.എസ് അച്യുതാനന്തന്‍ നടത്തിയ രാഷ്ട്രീയ ഇടപെടലുകളില്‍ ഒപ്പം നിന്ന് പി.സി ജോര്‍ജ്ജ് സി.പി.എമ്മിലെ ഒരുവിഭാഗത്തിന് അനഭിമതനാകുകയും ചെയ്തു.2004 ല്‍ ജോസഫുമായി പിരിഞ്ഞ പി.സി ജോര്‍ജ്ജ് കേരള കോണ്‍ഗ്രസ് സെക്കുലര്‍ രൂപീകരിച്ചു. ഇടതുപക്ഷത്ത് തന്നെ നിന്നു. പിന്നീട് കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിച്ച് യു.ഡി.എഫിലെത്തി. പിന്നീട് അതും വിട്ടു. 2016ല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പൂഞ്ഞാറില്‍ നിന്നും വിജയിച്ചു. 2010ല്‍ ജോസഫും കൂട്ടരും ഇടതുമുന്നണി വിട്ട് കേരള കോണ്‍ഗ്രസ് മാണിയില്‍ ലയിച്ചു. ഇതിന് മുന്‍കൈയ്യെടുത്തത് പി.സി ജോര്‍ജ്ജായിരുന്നു.
പല തിരഞ്ഞെടുപ്പുകളിലും സീറ്റുവിഭജനം മാണിക്കും ജോസഫിനും ഇടയില്‍ തര്‍ക്കത്തിന് വഴിവെച്ചു. എന്നാല്‍ അത് പരിഹരിച്ച് മുന്നോട്ട് പോയി. ഇതിനിടെ ബാര്‍ക്കോഴ കേസ് പാര്‍ട്ടിയിലും അസ്വാരസ്യം ഉണ്ടാക്കി. പി. സി ജോര്‍ജ്ജ് പാര്‍ട്ടി വിട്ടു.
ബാര്‍ക്കോഴ കേസില്‍ കെ.എം മാണി രാജിവെച്ചതോടെ യു. ഡി.എഫുമായി അകന്നു. യു.ഡി.എഫ് വിട്ടതിന് ശേഷം സമദൂര നിലപാട് സ്വീകരിക്കാന്‍ മാണി വിഭാഗം തീരുമാനിച്ചു. മാണിയെ കൂടെ നിര്‍ത്താന്‍ ബി.ജെ.പി സംസ്ഥാന നേതൃത്വവും രംഗത്തെത്തി. എന്നാല്‍ ബി.ജെ.പിയോട് സഹകരിക്കാന്‍ പി.ജെ ജോസഫ് വിമുഖത പ്രകടിപ്പിച്ചു.
മലപ്പുറം ലോകസഭ ഉപതെരഞ്ഞെടുപ്പ് വേളയിലാണ് മാണി യു.ഡി.എഫുമായി വീണ്ടും അടുത്തത്. പി.കെ കുഞ്ഞാലിക്കുട്ടിക്ക് മാണി പിന്തുണ പ്രഖ്യാപിച്ചു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലും യു.ഡി.എഫിനൊപ്പമായിരുന്നു മാണി.
ലോകസഭ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് മത്സരിക്കാന്‍ പി. ജെ ജോസഫ് ആഗ്രഹം പ്രകടിപ്പിച്ചതും മാണിയുമായുള്ള തര്‍ക്കത്തിന് ഇടയാക്കി. രണ്ട് സീറ്റ് വേണമെന്ന് യു.ഡി.എഫിനോട് ആവശ്യപ്പെട്ടായിരുന്നു സീറ്റുമോഹം ജോസഫ് പ്രകടിപ്പിച്ചത്. എന്നാല്‍ കോട്ടയത്തിനപ്പുറം സീറ്റില്ലെന്ന് യു.ഡി.എഫ് കേരള കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു
പിളരുന്തോറും വളരുമെന്ന പാര്‍ട്ടിയെന്നത് പരിഹാസമോ, അതിശയോക്തിയോ ആയി തള്ളിക്കളഞ്ഞാല്‍ പോലും അവിഭക്ത
കേരളാ കോണ്‍ഗ്രസില്‍ നിന്നുള്ള പിളര്‍പ്പില്‍ ശോഷിക്കാതെ നിന്ന കേരളാ കോണ്‍ഗ്രസ് മാണിയുടേതായിരുന്നു. യുഡിഎഫുമായുള്ള ചങ്ങാത്തത്തിലും, അകല്‍ച്ചയിലും തന്റെ സ്വാധീന ശേഷി സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായകമാണെന്ന് അനുഭവപ്പെടുത്താന്‍ കെ എം മാണിക്ക് സാധിച്ചിട്ടുണ്ട്. സീറ്റ് ചര്‍ച്ചകളില്‍ സമ്മര്‍ദ്ദമായും വിലപേശലായും, മുന്നണിക്കുള്ളില്‍ മധ്യസ്ഥതയുടെ രൂപത്തിലും ആ സ്വാധീനം തുടര്‍ന്നിരുന്നു.