ഹര്‍ഷദ് അഭിമുഖം: ജാതീയത പറയാതെ ഇന്ത്യയില്‍ സിനിമയെടുക്കാനാവില്ല, മമ്മൂക്കയിലേക്ക് എത്തിച്ചത് അന്‍വര്‍ റഷീദ് 

ഹര്‍ഷദ് അഭിമുഖം: ജാതീയത പറയാതെ ഇന്ത്യയില്‍ സിനിമയെടുക്കാനാവില്ല, മമ്മൂക്കയിലേക്ക് എത്തിച്ചത് അന്‍വര്‍ റഷീദ് 

Published on
Summary

മമ്മൂട്ടി നായകനായ ഉണ്ട സമകാലീന രാഷ്ട്രീയം തീവ്രതയോടെ പറയുന്ന ചിത്രമെന്ന നിലയില്‍ കൂടി തിയറ്ററുകളില്‍ സ്വീകരിക്കപ്പെടുമ്പോള്‍ തിരക്കഥാകൃത്ത് ഹര്‍ഷദിന് പറയാനുള്ളത്.

Q

ഖാലിദ് റഹ്മാനാണ് സ്റ്റോറി ക്രെഡിറ്റ്, യഥാര്‍ത്ഥ സംഭവത്തില്‍ നിന്നുള്ള ചലച്ചിത്രാവിഷ്‌കാരവുമാണ് ഉണ്ട. ഭരണകൂട ഹിംസ, മാവോയിസ്റ്റുകള്‍ക്കും സ്റ്റേറ്റിനും ഇടയിലുള്ള മനുഷ്യര്‍, ഭരണകൂടത്തിന് ടൂള്‍ ആയ പോലീസും ആര്‍മിയും, ഖനി മാഫിയയിലൂടെ തുടച്ചുനീക്കപ്പെട്ട മനുഷ്യര്‍, ആ പേപ്പര്‍ കട്ടിംഗില്‍ നിന്ന് ഇത്രയും അടരുകളിലേക്ക് സിനിമ വളര്‍ന്നത് എങ്ങനെയായിരുന്നു?

A

ആ അടരുകള്‍ ഇല്ലെങ്കില്‍ അത് നീതി അല്ലല്ലോ, ബസ്തറില്‍ വച്ച് നടക്കുന്ന കഥയില്‍ ബസ്തറില്‍ എന്തൊക്കെ നടക്കുന്നുണ്ടെന്ന് കാണിക്കാതെ സിനിമ ചെയ്താല്‍ ശരിയാവില്ലല്ലോ.സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ റിസേര്‍ച്ചിലാണ് ഈ വിവരങ്ങള്‍ ഉണ്ടാവുന്നത്, എന്നാല്‍ ആ റിസേര്‍ച്ച് പ്രോസസ്സില്‍ കണ്ടെത്തിയ എല്ലാ വിവരങ്ങളൊന്നും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഒരു പോലീസുകാരന്റെ ആംഗിളില്‍ പറയുമ്പോഴുള്ള വിവരങ്ങളേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ.

ഹര്‍ഷദ് അഭിമുഖം: ജാതീയത പറയാതെ ഇന്ത്യയില്‍ സിനിമയെടുക്കാനാവില്ല, മമ്മൂക്കയിലേക്ക് എത്തിച്ചത് അന്‍വര്‍ റഷീദ് 
പാന്‍ ഇന്ത്യന്‍ സിനിമ, തുളച്ചുകയറുന്ന രാഷ്ട്രീയം 
Q

ദായോം പന്ത്രണ്ടും എന്ന റോഡ് മുവീ സംവിധാനം ചെയ്താണ് സിനിമയിലേക്ക് വന്നത്, ആദിവാസി ജീവിതം, പുറമേക്ക് നിന്ന് അവരിലേക്ക് നുഴഞ്ഞുകയറുന്ന മനുഷ്യരുടെ ചൂഷണമൊക്കെ ആ സിനിമയുടെ പ്രമേയമായിരുന്നു. സംവിധാനത്തില്‍ നിന്ന് തിരക്കഥയിലേക്ക് തിരിഞ്ഞത് എന്ത് കൊണ്ട്.?

A

അതിനുള്ള അവസരമാണ് കിട്ടിയത്, അത് കൊണ്ട് അത് ചെയ്തു എന്നേ ഉള്ളൂ.

Q

എന്ത് കൊണ്ട് ലുക്ക്മാന്റെ കഥാപാത്രത്തിന്റെ പോയിന്റ് ഓഫ് വ്യൂവില്‍ കഥ പറയാന്‍ തീരുമാനിച്ചു?, തിരക്കഥാ രചനയില്‍ തന്നെ അങ്ങനെയൊരു തീരുമാനം ഉണ്ടായിരുന്നോ?

A

അത് നേരത്തേ എടുത്ത തീരുമാനമാണ്, നേരത്തെ പറഞ്ഞത് പോലെ ബസ്തറിലുള്ള ആദിവാസികളുടെ കഥ പറയുമ്പോള്‍ അതേ വിഭാഗത്തിലുള്ള ആളുകളുടെ റെപ്രസന്റേഷന്‍ ഇവിടെയും പ്ലെയിസ് ചെയ്താല്‍ ആളുകള്‍ക്ക് അത് റിലേറ്റ് ആവും, അല്ലെങ്കില്‍ അതൊരു പാട്രൊനൈസിങ്ങ് പരിപാടി ആയി പോവും എന്നൊരു ചിന്തയില്‍ നിന്ന് ആദ്യമേ തീരുമാനിച്ചെടുത്ത കാര്യമാണ്. അതും അങ്ങനെ ജാതീയത പറഞ്ഞ് കളയാം എന്ന് വിചാരിച്ച് ഉള്‍പ്പെടുത്തിയതല്ല. ജാതീയത പറയാതെ ഇന്ത്യയില്‍ സിനിമയെടുക്കാനാവില്ല എന്ന ചിന്തയില്‍ നിന്നാണ് അത് വരുന്നത്. നിലവിലുള്ള എല്ലാ ഇന്ത്യന്‍ സിനിമയിലും,സമൂഹത്തിലും അതുണ്ടല്ലോ.

ജാതീയത പറഞ്ഞ് കളയാം എന്ന് വിചാരിച്ച് ഉള്‍പ്പെടുത്തിയതല്ല. ജാതീയത പറയാതെ ഇന്ത്യയില്‍ സിനിമയെടുക്കാനാവില്ല എന്ന ചിന്തയില്‍ നിന്നാണ് അത് വരുന്നത്. നിലവിലുള്ള എല്ലാ ഇന്ത്യന്‍ സിനിമയിലും,സമൂഹത്തിലും അതുണ്ടല്ലോ.
Q

ആ ഒരു ആംഗിളില്‍ കഥ പറയുമ്പോഴുള്ള റിസ്‌കിനെ ഏറ്റെടുക്കാന്‍ കാരണം?

A

അവരുടെ ആംഗിള്‍ പറയാന്‍ നമുക്കൊരു സൂപ്പര്‍ താരമില്ലാത്തിടത്തോളം അത് റിസ്‌ക് തന്നെയാണ്, എന്നാല്‍ അതിനെ മറികടക്കാനുള്ള ഒരു ശ്രമമെന്ന രീതിയില്‍ ഇത് വര്‍ക്കായിട്ടുണ്ടെന്ന് തന്നെയാണ് വിശ്വാസം.

Q

ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് ഉള്‍പ്പെടെ മാവോയിസ്റ്റുകളെ നേരിടാന്‍ വിവിധ പദ്ധതികള്‍ ഉണ്ടായിട്ടുണ്ട്. ബസ്തര്‍ മാവോയിസ്റ്റുകളുടെ ആക്രമണവും കൊലയും നടക്കുന്ന സ്ഥലവുമാണ്. മാവോയിസ്റ്റുകള്‍ ജനാധിപത്യം അട്ടിമറിക്കാതിരിക്കാനാണ് മണിയും സംഘവും പോകുന്നത്. ഉണ്ടയില്‍ മാവോയിസ്റ്റുകള്‍ എന്നത് ഭരണകൂടം അവരുടെ താല്‍പ്പര്യം നടപ്പാക്കാന്‍ വേണ്ടിയുണ്ടാക്കിയ കെട്ടുകഥയാണെന്ന് പറയാന്‍ ശ്രമിച്ചില്ലേ?

A

അത് നിങ്ങളുടെ വ്യാഖ്യാനമാണ്, മാവോയിസ്റ്റുകള്‍ക്കൊപ്പം തന്നെ ഭരണകൂടവും കൂടി ഭീഷണിയാവുന്നുണ്ട് എന്ന് പറഞ്ഞ് വെക്കാനാണ് ശ്രമിച്ചത്. മാവോയിസ്റ്റുകള്‍ ബസ്തറില്‍ ഇല്ല എന്ന് പറഞ്ഞാല്‍ എന്നെ തല്ലണ്ടേ. ഈ സിനിമയില്‍ മാവോയിസ്റ്റുകളുടെ ഭാഗം പറയാതിരുന്നത് എന്റെ സിനിമയിലെ പോലീസുകാര്‍ക്ക് അതറിയില്ല എന്നത് കൊണ്ടാണ്, അവരുടെ പോയിന്റ് ഓഫ് വ്യൂവിലാണല്ലോ കഥ പറയുന്നത്. മാവോയിസ്റ്റുകളുടെ ഭാഗം പറയുന്ന സിനിമകള്‍ പിന്നീട് മറ്റൊരു സിനിമയായി ആലോചിക്കാവുന്നതാണ്,നമ്മുടെ ഭരണകൂടമൊക്കെ സമ്മതിക്കുമെങ്കില്‍.

Q

വോട്ടിംഗ് മെഷീന്‍ തിരിമറി സിനിമയിലുണ്ട്, ഭരണകൂടം അല്ലെങ്കില്‍ ഭരണപക്ഷത്തുള്ള രാഷ്ട്രീയ കക്ഷികള്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നുവെന്നാണ് സിനിമ പറയുന്നത്. ഇത് 2014ലെ കഥയാണ്. ഇപ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഇത്തരത്തില്‍ ആരോപണമുണ്ടായിരുന്നു. വോട്ടിംഗ് മെഷിന്‍ അട്ടിമറി നടന്നിട്ടുണ്ടെന്നാണോ താങ്കളുടെ ബോധ്യം?

A

അത് നടന്നിട്ടുണ്ടല്ലോ, തെളിവ് സഹിതം പുറത്ത് വന്നതാണല്ലോ, ചര്‍ച്ചയായിട്ടുമുണ്ട്.

Q

കെ എല്‍ ടെന്‍ പത്ത് മുതല്‍ വൈറസും തമാശയും ഉണ്ടയും വരെയുള്ള സിനിമകളുടെ പിന്നില്‍ നിങ്ങളുടെ കനകാലയ ബംഗ്ലാവിലെ സൗഹൃദസംഘമാണ്. ജമാ അത്തെ ഇസ്ലാമി രാഷ്ട്രീയം നടപ്പാക്കാന്‍ ഇറങ്ങിയവര്‍, മൗദൂദിയന്‍ സിനിമാ സംഘം എന്ന ആരോപണം വരുന്നുണ്ട്. മതപരതയിലൂന്നി മാത്രം മാനവികത സാധ്യമാകുന്നുവെന്ന് വ്യാഖ്യാനിക്കുന്നുവെന്നത് അടക്കം വിമര്‍ശനമാണ്. പൊളിറ്റിക്കല്‍ ഓഡിറ്റിംഗ് നടക്കുന്നതിനെക്കുറിച്ച് എന്ത് പറയുന്നു

A

അതാകെ കുറച്ച് പേര് പറയുന്നതല്ലേ, അതിനൊക്കെ മറുപടി പറയാന്‍ നിന്നാല്‍ അതിനേ നേരം കാണത്തുള്ളൂ. എനിക്ക് വേറെ പരിപാടിയുണ്ട്.

Q

ചെയ്ത രണ്ട് സിനിമകളിലും സ്ത്രീകളുടെ സാന്നിധ്യമില്ലാത്തത് എന്ത് കൊണ്ടാണ്?

A

ദായോം പന്ത്രണ്ടുമെന്നുള്ള സിനിമ എന്റെ ഫ്രണ്ട് സര്‍ക്കിളിലെ കുറച്ച് പേരെ കൂടെ കൂട്ടി ചെയ്ത സിനിമയാണ്, കഷ്ടകാലത്തിന് എന്റെ ഫ്രണ്ട് സര്‍ക്കിളില്‍ സത്രീകളില്ല, അതിന്റെ പ്രശ്‌നങ്ങളും സിനിമയില്‍ കാണാം. എന്നാല്‍ ഈ സിനിമയുടെ മിഷനില്‍ സ്ത്രീകളില്ലാതിരുന്നിട്ട് കൂടി സാധ്യമായ സ്ഥലങ്ങളില്‍ അവരെ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.

Q

മാവോയിസ്റ്റുകളെക്കാള്‍ അപകടകാരികളായി സ്റ്റേറ്റിനെയും, അവരുടെ രാഷ്ട്രീയ കക്ഷികളെയും അവതരിപ്പിക്കുന്നുണ്ടല്ലോ ഉണ്ടയില്‍?

A

അതിനേക്കാള്‍ അപകടകാരികളാണെന്നൊന്നും പറയാന്‍ ശ്രമിച്ചിട്ടില്ല, അതും ഒരു അപകടമാണ് എന്നാണ് പറയാന്‍ ഉദ്ധേശിച്ചത്. സിനിമയുടെ ആവശ്യത്തിന് പോയപ്പോഴും അവരെയൊന്നും ഞാന്‍ കണ്ടിട്ടില്ല, കാണാത്തവരെ കാണാന്‍ ശ്രമിക്കാനുള്ള ധൈര്യവും എനിക്കില്ല, ശ്രമിച്ചിരുന്നെങ്കില്‍ നമ്മളിങ്ങനെ സംസാരിക്കുകയും ചെയ്യുമായിരുന്നില്ല.

Q

ഇങ്ങനെയൊരു പാന്‍ ഇന്ത്യന്‍/ഇന്റര്‍നാഷണല്‍ മോഡിലുള്ള സിനിമ ചെയ്യുമ്പോഴുള്ള റെസ്‌പോണ്‍സിബിലിറ്റിയെ കുറിച്ച് ചിന്തിച്ചിട്ടില്ലേ?

A

എനിക്കങ്ങനെയുള്ള സിനിമകള്‍ ചെയ്യാനാണ് താല്‍പര്യം. ഞാന്‍ ഫ്രാന്‍സിലോ,അള്‍ജീരിയയിലൊ ഉള്ള സിനിമാക്കാരന്റെ സിനിമ പെന്‍ഡ്രൈവില്‍ ആക്കി കാണുന്നത് പോലെ, അവിടുള്ളവരും ആവേശത്തോടെ എന്റെ സിനിമ കാണണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതാണെന്റെ സ്വപ്നവും.

ഹര്‍ഷദ് അഭിമുഖം: ജാതീയത പറയാതെ ഇന്ത്യയില്‍ സിനിമയെടുക്കാനാവില്ല, മമ്മൂക്കയിലേക്ക് എത്തിച്ചത് അന്‍വര്‍ റഷീദ് 
പി എഫ് മാത്യൂസ് അഭിമുഖം: മലയാളത്തിലെ നിരൂപകര്‍ മുഖ്യധാരയിലെ ലബ്ധപ്രതിഷ്ഠരെ കൊണ്ടാടുകയാണ് എന്നും ചെയ്തിട്ടുള്ളത്
Q

ഏകദേശം ഒമ്പത് പേരും ഒരേ പോലെ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ്. ആ എഴുത്ത് ബുദ്ധിമുട്ടേറിയതായിരിക്കുമല്ലോ, എന്നാല്‍ അതില്‍ വിജയിച്ചിട്ടുമുണ്ട്. എന്ത് കൊണ്ടാണെന്നാണ് തോന്നുന്നത്?

A

അത് നമ്മുടെ ഹോം വര്‍ക്ക് കൊണ്ട് തന്നെയാണ്. ആദ്യ ഡ്രാഫ്റ്റുകള്‍ക്ക് ശേഷം ഞാനും ഖാലിദും ഒരുമിച്ചിരുന്ന് ഓരോ കഥാപാത്രത്തിലൂടെയും സഞ്ചരിച്ച് , ആ കഥാപാത്രത്തിന്റെ മാനറിസം, വളര്‍ച്ച,സ്വഭാവ സവിശേഷകതള്‍ ഇവയൊക്കെ ചര്‍ച്ച ചെയ്യുമായിരുന്നു. അങ്ങനെയൊരു പ്രൊസസ്സിലൂടെ പോയത് കൊണ്ടാവാം ഇതൊക്കെ വര്‍ക്കായത്.പിന്നീട് ഷൂട്ടിങ്ങില്‍ ഒരു കണ്‍ഫ്യൂശനില്ലാതെ ഇരിക്കാനും ഈയൊരു രണ്ട് വര്‍ഷത്തെ പ്രോസസ്സ് സഹായിച്ചിട്ടുണ്ട്.

Q

പരിക്ഷീണനായ, പോലീസിംഗിനെക്കാള്‍ സഹാനുഭൂതിക്ക് പ്രാധാന്യം കല്‍പ്പിക്കുന്ന പോലീസ് ഓഫീസറാണ് മണി. മമ്മൂട്ടിക്ക് പെര്‍ഫോര്‍മന്‍സില്‍ അപ്രത്യക്ഷമാക്കേണ്ടത് എതിര്‍ദിശയില്‍ അദ്ദേഹം ചെയ്തുവച്ച് മാസ് പോലീസ് ഓഫീസറെയാണ്. മമ്മൂട്ടിയെ നായകനാക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇത്തരത്തില്‍ പാവം പോലീസ് നായകനാക്കണമെന്ന് തീരുമാനിച്ചത് എന്തുകൊണ്ട്? അല്ലെങ്കില്‍ എന്തുകൊണ്ട് മണിയായി മമ്മൂട്ടി

A

ഒന്നാമത് നമ്മളൊരു സൂപ്പര്‍ ഹീറോ പടമല്ല ചെയ്യുന്നത്, പിന്നെ മമ്മൂക്കയെ ഒരു പാവം പോലീസൊന്നുമാക്കിയിട്ടില്ല. ആവശ്യമുള്ളിടത്ത് ധൈര്യം കാണിക്കുന്ന അല്ലാത്തപ്പൊ നോര്‍മല്‍ പോലീസുകാരനായ സാധാരണക്കാരന്‍, അങ്ങനെയൊക്കെ തന്നെയല്ലേ നമ്മളെല്ലാരുംവണ്‍ ലൈനൊക്കെ പൂര്‍ത്തിയായതിന് ശേഷമാണ് സിനിമയില്‍ മമ്മൂക്ക വരുന്നത്.അന്‍വര്‍ റഷീദാണ് മമ്മൂക്കയിലേക്ക് ഈ പ്രൊജക്റ്റ് എത്തിക്കുന്നത്.മമ്മൂക്കക്ക് ഇഷ്ടപ്പെട്ടു, അങ്ങനെ സിനിമയായി, ഇങ്ങനെയൊരു വിജയമായി.

ഹര്‍ഷദ് അഭിമുഖം: ജാതീയത പറയാതെ ഇന്ത്യയില്‍ സിനിമയെടുക്കാനാവില്ല, മമ്മൂക്കയിലേക്ക് എത്തിച്ചത് അന്‍വര്‍ റഷീദ് 
ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെന്ന് വിളിക്കുന്നത് ഇഷ്ടമല്ല: വാഗ് വിചാരം 
Q

മമ്മൂക്കയുടെ കഥാപാത്രത്തിന്റെ മണികണ്ഠന്‍ എന്ന പേരും ,ഒരു സവര്‍ണ്ണനല്ലാത്ത കഥാപാത്രത്തെ പ്രതിനിധീകരിക്കുന്നുവെന്ന സൂചനയാണ് തരുന്നത്, അങ്ങനെയാണോ?

A

തീര്‍ച്ചയായും, അത് കൊണ്ട് തന്നെയാണ് അയാളുടെ കീഴുദ്യോഗസ്ഥര്‍ പോലും അയാളോട് കയര്‍ക്കുന്നത്. അധികാര ശ്രേണിയില്‍ ജാതിയെങ്ങനെയൊക്കെ വര്‍ക്കാവുന്നു എന്ന് കാണിക്കാനുള്ള ശ്രമമായിരുന്നു. വര്‍ക്കായെന്ന് തോന്നുന്നു.

Q

സിനിമയിലെ ‘ഗുരുക്കന്‍മാര്‍ എന്ന് കരുതുന്നത് ആരെയൊക്കെയാണ്.

A

എന്നോടൊപ്പം വര്‍ക്ക് ചെയ്തവരാണ് എന്റെ ഗുരുക്കന്‍മാര്‍. ഖാലിദ് റഹ്മാന്‍ ആണെന്റെ ഇത് വരെയുള്ളതില്‍ അവസാനത്തെ ഗുരു. സിനിമയുടെ വിഷ്വലൈസേഷനെ കുറിച്ച് അസാധ്യ വിഷനുള്ളയാളാണ് ഖാലിദ്, എന്നെ പോലെ ഇങ്ങനെ തള്ളില്ലെന്നേ ഉള്ളൂ. പിന്നെ ലിജോ ജോസ് പെല്ലിശ്ശേരി, അന്‍വര്‍ റഷീദൊക്കെ ഉണ്ട്. മുന്‍പ് ഒരു തിരക്കഥയുമായി ജോണ്‍പോള്‍ സാറുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്നു, അന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ പറ്റിയിട്ടുണ്ട്. ഇവരൊക്കെയാണ് ഗുരുക്കള്‍.

logo
The Cue
www.thecue.in