രാഹുല്‍ തരംഗമില്ല, മതേതര മുന്നണി കേന്ദ്രത്തില്‍ അധികാരത്തില്‍ വരും: എം എ ബേബി   

രാഹുല്‍ തരംഗമില്ല, മതേതര മുന്നണി കേന്ദ്രത്തില്‍ അധികാരത്തില്‍ വരും: എം എ ബേബി  

പിണറായി വിജയന്‍ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ തിരഞ്ഞെടുപ്പില്‍ മുതല്‍ക്കൂട്ടാവും 
Published on
Q

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കേരളത്തില്‍ തരംഗമുണ്ടാക്കിയിട്ടുണ്ടോ

A

രാഹുല്‍ ഗാന്ധിയോ രാഹുല്‍ഗാന്ധിയുടെ അമ്മ സോണിയ ഗാന്ധിയോ മത്സരിക്കുമ്പോള്‍ തരംഗമുണ്ടാകുമെന്ന് ചിലര്‍ അവതരിപ്പിക്കുന്നുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ പുതുതായി ഇവര്‍ക്ക് എന്തെങ്കിലും സിദ്ധി വിശേഷം കിട്ടിയിട്ട് തരംഗ സൃഷ്ടിക്കുള്ള ദിവ്യ ശക്തി ഈ അഞ്ച് വര്‍ഷം കൊണ്ട് കിട്ടിയെന്ന് പറയേണ്ടി വരും. അഞ്ച് വര്‍ഷം മുന്‍പ് അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയും ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിയും ഉത്തര്‍പ്രദേശില്‍ നിന്ന് മത്സരിച്ചിട്ട് 80 സീറ്റുണ്ടായിട്ടും എന്ത് സ്വാധീനമാണ് ചെലുത്താന്‍ കഴിഞ്ഞത്. അവരുടെ രണ്ട് പേരുടെയും സീറ്റില്‍ ജയിക്കാന്‍ കഴിഞ്ഞു. അത്രമാത്രം. അങ്ങനെയുള്ള തരംഗം കേരളത്തിലോ ദക്ഷിണേന്ത്യയിലോ അവര്‍ക്ക് ഉണ്ടാക്കാന്‍ കഴിയുമെന്ന് ഞങ്ങളാരും കരുതുന്നില്ല. അത് വളരെ തെറ്റായ രാഷ്ട്രീയ വിലയിരുത്തലാണ്.

Q

സംസ്ഥാന സര്‍ക്കാറിന്റെ വിലയിരുത്തലാകുമോ തിരഞ്ഞെടുപ്പ്

A

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മുഖ്യമായും ദേശീയ രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യുക. അതേസമയം സംസ്ഥാനത്തെ ഗവണ്‍മെന്റിന്റെ കാര്യങ്ങളും ജനങ്ങള്‍ക്ക് മുമ്പില്‍ ചര്‍ച്ചയ്ക്ക് വരും. സ്വാഭാവികമായി വന്നിട്ടില്ലെങ്കില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി പിണറായി വിജയന്‍ സര്‍ക്കാരിന്റെ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയ്ക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു. കാരണം കേന്ദ്രം ഭരിച്ച ബിജെപിയുടെയും കോണ്‍ഗ്രസിന്റെയുമൊക്കെ ഗവണ്‍മെന്റുകളില്‍ നിന്ന് വ്യത്യസ്തമായി ഒരുപാട് അധികാര വിഭവ പരിമിതികള്‍ ഉണ്ടായിട്ടും ജനങ്ങളുടെ ആശ്വാസത്തിനും ക്ഷേമത്തിനും വേണ്ടി ആത്മാര്‍ത്ഥമായി ജനകീയമായ രാഷ്ട്രീയ പ്രവര്‍ത്തന സംസ്‌കാരം ഭരണത്തില്‍ കൊണ്ടു വരാന്‍ കഴിഞ്ഞു. എങ്ങനെ പുതിയൊരു മാതൃക സൃഷ്ടിക്കാമെന്ന് കാണിച്ച് കൊടുക്കാന്‍ പിണറായി വിജയന്‍ ഗവണ്‍മെന്റിന് കഴിഞ്ഞുവെന്നത് നിശ്ചയമായും ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് മുതല്‍ക്കൂട്ടായിരിക്കുമെന്നാണ് ഞങ്ങള്‍ കരുതുന്നത്.

Q

ദേശീയ തലത്തില്‍ ആരെ പിന്തുണയ്ക്കും

A

അനവസരത്തില്‍ കയറി ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അവകാശവാദം ഉന്നയിക്കുന്നവരല്ല ഞങ്ങള്‍. ബദല്‍ മതേതര ഗവണ്‍മെന്റ് രൂപീകരിക്കുന്നതിന് ഏറ്റവും ക്രിയാത്മകമായ ഇടപെടല്‍ സിപിഎം, സിപിഐ, മറ്റ് ഇടതുപക്ഷ പാര്‍ട്ടികള്‍ എന്നിവരുടെ ഭാഗത്ത് നിന്നും ഉണ്ടാകും. അത് ഏതെല്ലാം തരത്തിലൊക്കെയായിരിക്കുമെന്നത് തിരഞ്ഞെടുപ്പ് ഫലം കൂടി വന്നതിന് ശേഷം മാത്രമേ പൂര്‍ണ്ണമായും പറയാന്‍ കഴിയുകയുള്ളൂ.

Q

ദേശീയതലത്തില്‍ ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസാണെന്ന് രാഹുല്‍ഗാന്ധിയടക്കമുള്ള നേതാക്കള്‍ ഉയര്‍ത്തിക്കാട്ടുന്നു. സിപിഎം എങ്ങനെയാണ് ബദലാകുന്നത്?

A

ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസാണെന്നത് രണ്ട് തലങ്ങളില്‍ നോക്കുമ്പോള്‍ തെറ്റായ പ്രസ്താവനയായാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി കാണുന്നത്. ഒന്നാമത് കോണ്‍ഗ്രസ് വര്‍ഗ്ഗീയതയുടെ കാര്യത്തില്‍ മാത്രമാണ് ബിജെപിയില്‍ നിന്ന് വ്യത്യസ്തമായ ബദല്‍ നയങ്ങളുള്ളത്. വര്‍ഗ്ഗീയതയുടെ കാര്യത്തില്‍ പോലും ബിജെപിയുടെ ബി ടീമായി മാറുന്നു കോണ്‍ഗ്രസ് എന്ന ആക്ഷേപം നിലവിലുണ്ട്. മധ്യപ്രദേശില്‍ നിലവില്‍ വന്ന കമല്‍നാഥ് ഗവണ്‍മെന്റ് ബിജെപി ഗവണ്‍മെന്റിനെ പോലെയാണ് കാര്യങ്ങളില്‍ പെരുമാറുന്നത്. പശു സംരക്ഷണത്തിന്റെ പേരില്‍ നാല് മുസ്ലിം യുവാക്കളെ ദേശീയ സുരക്ഷ നിയമപ്രകാരം ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചേര്‍ത്ത് ജയിലിലടച്ചിരിക്കുകയാണ്. നയങ്ങളുടെ കാര്യത്തില്‍ കോണ്‍ഗ്രസ് വലിയൊരു ബദലാണെന്ന് പറയാന്‍ കഴിയില്ല. രണ്ടാമത് ജേശീയ തലത്തില്‍ മതേതരമുന്നണിക്ക് നേതൃത്വം കൊടുക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നുണ്ട്. അതില്‍ വലിയ കഴമ്പില്ല. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പാര്‍ലമെന്റ് സീറ്റുള്ള ഉത്തര്‍പ്രദേശില്‍ രണ്ട് സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് നിലവിലുള്ളത്. അവിടുത്തെ പ്രബലമായ വര്‍ഗ്ഗീയ ഇതര പാര്‍ട്ടികള്‍ സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍സമാജ് വാദി പാര്‍ട്ടിയുമാണ്. ബിഹാറില്‍ ലാലു പ്രസാദ് യാദവാണ് പ്രധാനപ്പെട്ട നേതാവ്. മഹാരാഷ്ട്രയില്‍ ശരദ്‌ പവാറാണ് നേതാവ്. ഒറീസയില്‍ ഇപ്പോള്‍ പ്രധാന ശക്തി നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദള്ളാണ്. തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നണിയിലെ മൈനര്‍ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇപ്പോള്‍ ലോകസഭയില്‍ നാല്പത്തിയഞ്ച് സീറ്റ് മാത്രമുള്ള കോണ്‍ഗ്രസ് ഈ തിരഞ്ഞെടുപ്പില്‍ ബിജെപിയെ മാറ്റി ബദല്‍ ഗവണ്‍മെന്റിന് നേതൃത്വം കൊടുക്കുമെന്ന് പറയാന്‍ കഴിയില്ല. ഇന്ത്യയിലെ ഡസണ്‍ കണക്കിന് പ്രദേശിക-മതേതര പാര്‍ട്ടികളാണ്‌കോണ്‍ഗ്രസിനെക്കാള്‍ പ്രധാനമായ പങ്ക് ബിജെപിയെ തോല്‍പ്പിക്കുന്നതില്‍ വഹിക്കുന്നതെന്ന് രാഷ്ട്രീയം സൂക്ഷിച്ച് നിരീക്ഷിക്കുന്ന ആര്‍ക്കും മനസിലാകും.

Q

ശബരിമല ഈ തിരഞ്ഞെടുപ്പില്‍ ഏത് രീതിലായിരിക്കും പ്രതിഫലിക്കുക

A

ശബരിമല വിഷയത്തെ വര്‍ഗ്ഗീയ വത്കരിച്ച് അതിന്റെ പേരില്‍ അസത്യം പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇന്ത്യയിലെ പ്രധാനമന്ത്രി പോലും ഏതറ്റം വരെയും താഴാന്‍ മടികാണിക്കാത്ത സങ്കുചിത രാഷ്ട്രീയക്കാരനായിരുന്നുവെന്ന് വെളിപ്പെടുത്തുന്നതായിരുന്നു അദ്ദേഹം കേരളത്തില്‍ വന്ന് നടത്തിയ ഒരു ആരോപണം. ദൈവത്തിന്റെ പേര് പറഞ്ഞാല്‍ കേരളത്തില്‍ അറസ്റ്റ് ചെയ്യപ്പെടുമെന്നാണ് പറഞ്ഞത്. പ്രധാനമന്ത്രിക്ക് പോലും കേരളത്തില്‍ വന്ന് എല്‍ഡിഎഫിനെതിരെ കള്ളപ്രചാരണം നടത്തേണ്ടി വരുന്നു എന്നതാണ്. കോണ്‍ഗ്രസുകാരും ശബരിമല വിഷയത്തെ കള്ളപ്രചാരവേലക്ക് ഉപയോഗിക്കുന്നുവെന്നതിന്റെ തെളിവായിട്ടാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണി തലയുയര്‍ത്തിപ്പിടിച്ചാണ് ഈ വിഷയത്തിലെ നിലപാട് ജനങ്ങളോട് പറയാന്‍ കഴിയുന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് പുതിയ ജനവിഭാഗങ്ങള്‍ക്കിടയില്‍, സ്ത്രീകള്‍ക്കിടയില്‍,അപകര്‍ഷതാ ബോധമുള്ള അരികുവത്കരിക്കപ്പെട്ട പട്ടികജാതി പട്ടിക വര്‍ഗ്ഗ പിന്നോക്ക ജനവിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിക്കാന്‍ ശബരിമല വിഷയം കാരണമായി. നവോത്ഥാന പാരമ്പര്യത്തെക്കുറിച്ചും കേരളം എവിടെ എത്തി നില്‍ക്കുന്നു, നാളെ എവിടേക്കാണ് പോകേണ്ടത് എന്ന് തുടങ്ങിയ ഗൗരവമുള്ള, ഗഹനമായ വിഷയങ്ങള്‍ സമൂഹത്തിന് ചര്‍ച്ച ചെയ്യാനുള്ള സന്ദര്‍ഭമായി പ്രയോജനപ്പെട്ടുവെന്നും അതിന്റെ നേട്ടം മുന്നണിക്ക് ഉണ്ടാകുമെന്നാണ് ഇപ്പോള്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

Q

ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് ഇടതുപക്ഷത്തിന് ഉറപ്പിച്ച് പറയാന്‍ കഴിയുമോ

A

ബിജെപി അക്കൗണ്ട് തുറക്കാന്‍ കഴിയുന്ന ശക്തിയാണെന്ന മട്ടില്‍ പ്രചരണം നിലവിലുള്ള പ്രധാനമന്ത്രിയൊക്കെ വന്ന് നടത്തുന്നുണ്ട്. കഴിഞ്ഞ തവണ പ്രചരണം നടത്താന്‍ പ്രധാനമന്ത്രി ഉണ്ടായിരുന്നില്ല . ഇത്തവണ പ്രധാനമന്ത്രി കൂടി വന്നിട്ടാണ് അത്തരത്തിലുള്ള പ്രചരണം നടത്തുന്നത്. പക്ഷേ വര്‍ഗ്ഗീയതയുടെ ആപത്തെന്താണെന്ന് കഴിഞ്ഞ അഞ്ച് വര്‍ഷം ഇന്ത്യയിലെയും കേരളത്തിലെയും ജനങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു. ആ അനുഭവങ്ങളുടെ വെളിച്ചത്തില്‍ മതേതര-ജനാധിപത്യ മൂല്യങ്ങള്‍ പിന്‍തുടരുന്ന കേരളത്തില്‍ നിന്ന് ബിജെപി എം പിയെ ജയിപ്പിച്ചു വിട്ടുവെന്ന പേരുദോഷം അപമാനകരമായിരിക്കുമെന്ന് ഇവിടുത്തെ വോട്ടര്‍മാര്‍ മനസ്സിലാക്കും. കേരളത്തിന്റെ കരുത്തുറ്റ മതേതര പാരമ്പര്യം ഈ തിരഞ്ഞെടുപ്പിലും മുറുകെ പിടിക്കാന്‍ ഇവിടുത്തെ പ്രബുദ്ധരായ വോട്ടര്‍മാര്‍ തയ്യാറാകുമെന്നാണ് ഇടതുപക്ഷം പ്രതീക്ഷിക്കുന്നത്.

Q

തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പ്രതീക്ഷ എന്താണ്

A

ഇടതുപക്ഷം മികച്ച പ്രകടനം കാഴ്ചവെയ്ക്കും. 2004ല്‍ തകര്‍പ്പന്‍ വിജയമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ഉണ്ടായിരുന്നത്. 20 ല്‍ 18 സീറ്റും നേടിയെടുക്കാന്‍  ഇടതുപക്ഷത്തിന് കഴിഞ്ഞു. യുപിഎ  സര്‍ക്കാറിന്റെ പുരോഗമന നടപടികള്‍  ഇടതുപക്ഷം ഇടപെട്ട് നടത്തിയെന്നതും പ്രധാനമാണ്. 2004ന് സമാനമായ വിജയം ഈ തിരഞ്ഞെടുപ്പില്‍  ഇടതുപക്ഷത്തിനുണ്ടാകും.

logo
The Cue
www.thecue.in