അഷ്‌റഫ് ഹംസ അഭിമുഖം: ശ്രീനിവാസനെ സമൂഹം അപകര്‍ഷതയില്‍ തളച്ചതാണ് ചിന്തിച്ചത്, പേരിട്ടത് ഷൈജു ഖാലിദ്
തമാശ എന്ന പേര് സിനിമയ്ക്കിട്ട്, എന്താണ് നമ്മള്‍ ചിരിക്കാനും, ചിരിപ്പിക്കാനുമായി ഉപയോഗിക്കുന്ന തമാശയെന്നതിനെ തന്നെ വിമര്‍ശിക്കുകയാണ് സിനിമ. എന്തുകൊണ്ട് തമാശപ്പടമെന്ന് ചിന്തിപ്പിക്കുന്ന ഈ പേരിട്ടു?
തമാശ എന്ന് പേരിട്ടത് ഷൈജു ഖാലിദ് ആണ്. കുറേ പേരുകള്‍ ആലോചിച്ചു. കുറച്ചധികം അന്വേഷിച്ചു എന്ന് പറയാം. നമ്മള്‍ ഈ സിനിമയിലൂടെ തമാശയുടെ മേമ്പൊടി ചേര്‍ത്താണ് പ്രമേയം പറയുന്നത്. അത് തമാശ തന്നെയാണോ എന്ന് ചിന്തിച്ചിട്ടുണ്ടെങ്കില്‍, അങ്ങനെയൊരു ചോദ്യം പ്രേക്ഷകരില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് സിനിമയുടെ വിജയമാണ്. അത് തന്നെയാണ് തമാശ എന്ന പേര് കൊണ്ട് ലക്ഷ്യമിട്ടത്.
സി അയ്യപ്പനിലൂടെയാണ് നായകന്റെ തിരിച്ചറിവ് കമ്യൂണിക്കേറ്റ് ചെയ്യുന്നത്. ജീവിച്ചിരിക്കെ ആരാലും ആഘോഷിക്കപ്പെടാതെ പോയ ഒരാള്‍ കല്ലറ തകര്‍ത്തുകൊണ്ട് ഉയര്‍ത്തെഴുന്നേറ്റു വരുന്നത് കണ്ടെന്നാണ് അബിന്‍ ജോസഫ് പറഞ്ഞത്. എന്തുകൊണ്ടാണ് അയ്യപ്പനെ കൊണ്ടുവന്നത്.
ശ്രീനിവാസന്‍ ക്ലാസില്‍ ധനഞ്ജയന്റെ ദശരൂപകത്തെ കുറിച്ച് പഠിപ്പിക്കുന്നുണ്ട്. കഥ പറഞ്ഞുപോകുന്നതിനിടെ പലപ്പോഴും ശ്രീനിവാസന്റെ ക്ലാസ് റൂമില്‍ നമ്മള്‍ ചെല്ലുന്നുണ്ട്. ആ ക്ലാസ് മുറികളില്‍ ശ്രീനിവാസന്‍ നമ്മുടെ പൊതുബോധത്തിലുള്ള നായക സങ്കല്‍പ്പത്തെക്കുറിച്ച് ഒരു ആശങ്കയുമില്ലാതെ ക്ലാസെടുക്കുന്നുണ്ട്. അത് പുള്ളിക്ക് സിലബസിന്റെ ഭാഗമാണ്. പൊതുബോധം ഊട്ടിയുറപ്പിച്ച കാര്യത്തെക്കുറിച്ച് നമ്മള്‍ എത്ര വട്ടം തിരിച്ച് ആലോചിക്കുമെന്നറിയില്ല. ശ്രീനിവാസന്‍ കഥ മുന്നോട്ട് പോകുമ്പോള്‍ നേരിട്ടിട്ടുള്ള പ്രതിസന്ധികള്‍ എനിക്ക് സി അയ്യപ്പന്‍ ജാതീയമായി നേരിട്ട പ്രതിസന്ധികളുമായി ബന്ധിപ്പിക്കാവുന്നതായിരുന്നു. വളരെ വൈകിയാണ് ഞാന്‍ സി അയ്യപ്പനെ വായിക്കുന്നത്. എന്റെ സുഹൃത്ത് അയ്യപ്പനെ കുറിച്ച്് എഴുതിയതും അതോടൊപ്പം വായിച്ചിരുന്നു. ശ്രീനിവാസന്‍ ഒരു പ്രതിസന്ധിക്കകത്ത് ചെന്ന് പെട്ടപ്പോള്‍ ആരാണ് വേട്ടക്കാരന്‍, ആരാണ് ഇര എന്ന് അയാള്‍ സംശയിക്കുമ്പോള്‍ സ്വാഭാവികമായും അയ്യപ്പനെ ഓര്‍മ്മിക്കുമെന്നാണ് തോന്നിയിട്ടുള്ളത്. ഒരു ദളിത് അവസ്ഥയില്‍ ഇതും ഉള്‍പ്പെടുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
വിനയ് ഫോര്‍ട്ട് പ്രേമത്തില്‍ അഭിനയിക്കുന്ന സമയത്ത് ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നത് കണ്ടു. അന്നേ ഈ നടനില്‍ ഇനിയും സാധ്യതയുണ്ടെന്ന് മനസിലാക്കിയിരുന്നോ?
വിനയ് ഫോര്‍ട്ടിലെ നടന്റെ സാധ്യത അദ്ദേഹം അഭിനയം തുടങ്ങിയ ഘട്ടം മുതല്‍ക്കേ പലര്‍ക്കും തോന്നിയിട്ടുണ്ടാകും. തമാശയിലേക്ക് വിനയ് ഫോര്‍ട്ടിനെ കാസ്റ്റ് ചെയ്തത് വളരെ എളുപ്പത്തില്‍ നടന്നതാണ്. തീവ്രം എന്ന സിനിമയിലെ വിനയ് ഫോര്‍ട്ടിന്റെ പോലീസ് എനിക്ക് ഇഷ്ടപ്പെട്ട കാരക്ടര്‍ ആണ്. പ്രേമം ഇറങ്ങിയപ്പോള്‍ എല്ലാവരും മലരിനെക്കുറിച്ചും മറ്റ് കഥാപാത്രങ്ങളെക്കുറിച്ചും പറഞ്ഞുകൊണ്ടിരിക്കെ എന്നെ ചിരിപ്പിച്ചതും ആകര്‍ഷിച്ചതും വിമല്‍ സാര്‍ ആയിരുന്നു. അതാണ് മലര്‍ മാത്രമല്ല വിമല്‍ സാര്‍ കൂടെയുണ്ട് എന്ന് പോസ്റ്റിട്ടത്
ടീം കനകാലയ ബംഗ്ലാവിലുള്ളവരാണ് ഉണ്ടയുടെയും വൈറസിന്റെയും സുഡാനിയുടെയും പിന്നിലുള്ളവര്‍. തമാശയും സംവിധായകനെക്കാള്‍ ആഘോഷിക്കുന്നത് വൈറസിന്റെ എഴുത്തുകാരും സുഡാനിയുടെ സംവിധായകനും ഉണ്ടയുടെ എഴുത്തുകാരനുമൊക്കെയാണ് സൗഹൃദത്തെക്കുറിച്ച്
ഞങ്ങളെല്ലാം ഷോര്‍ട്ട് സിനിമകളൊക്കെ എടുക്കുന്ന സമയത്ത് പരിചയപ്പെട്ടവരാണ്. ഹര്‍ഷദും രാജേഷ്് രവിയും ചേര്‍ന്ന് കോഴിക്കോട് ഒരു വീടെടുത്തിട്ടുണ്ടായിരുന്നു.ജോലിയുടെയും പോക്കുവരവിന്റെയും സൗകര്യത്തില്‍ അവിടെ പലരും ഒരുമിക്കാറുണ്ടായിരുന്നു. രാപ്പകല്‍ ഇല്ലാതെ സിനിമ ചര്‍ച്ച ചെയ്യപ്പെടുന്ന സ്ഥലമായിരുന്നു. സിനിമയുടെ രാഷ്ട്രീയ ബോധങ്ങളെക്കുറിച്ചൊക്കെ ചര്‍ച്ച വരും, തല്ലുണ്ടാകും, ഫാന്‍ ബേസ്ഡ് ആയ കാര്യങ്ങളും ചര്‍ച്ചയാകും. ചായ, പൈസയില്ലായ്മ, ജോലി അങ്ങനെ പല രീതിക്കുള്ള ജീവിതമാണ്.
കന്നഡ പതിപ്പില്‍ നിന്ന് അടിമുടി മാറിയാണ് മലയാളം പതിപ്പ് എന്തുകൊണ്ടാണ്
ഒരു പാട് തരം അപകര്‍ഷത പേറുന്ന മനുഷ്യരുടെ കഥകള്‍ മലയാളിക്ക് നന്നായി അറിയാം. ശ്രീനിവാസന്‍ സാര്‍ ചെയ്ത കുറേ സിനിമകള്‍ തന്നെയുണ്ട്. വടക്കുനോക്കിയന്ത്രം, പാവം പാവം രാജകുമാരന്‍ ഒക്കെയുണ്ടല്ലോ. അത് കണ്ട ശീലിച്ച മലയാളിക്ക് മുന്നില്‍ ഒരു സാധാരണ നായകന്‍ അത് പോലെ കുറേ കോംപ്ലക്‌സുകളുമൊക്കെയായിട്ടുള്ള കഥ വീണ്ടും പറയേണ്ടതില്ലല്ലോ. ശ്രീനിവാസന്‍ എന്ന അപകര്‍ഷത ബാധിച്ചയാള്‍ സമൂഹത്തെ നോക്കികാണുന്നതല്ല, എന്തുകൊണ്ട് അയാളിലേക്ക്് സമൂഹം ഭയപ്പാടായി കടന്നുവരുന്നു എന്നതും കട്ടിമീശയിലും മറ്റൊരു കാലത്തെ കോസ്റ്റിയൂമിലൂം അയാള്‍ തളയ്ക്കപ്പെട്ടതില്‍ സമൂഹത്തിന്റെ സ്വാധീനം പറയാമെന്ന് തോന്നി.