പിണറായിയുടെ നവോത്ഥാന ചര്‍ച്ചയ്ക്ക് തുടര്‍ച്ചയുണ്ടാക്കുന്നതില്‍ ഇടതുപക്ഷം പരാജയപ്പെട്ടു: സണ്ണി എം കപിക്കാട് 

പിണറായിയുടെ നവോത്ഥാന ചര്‍ച്ചയ്ക്ക് തുടര്‍ച്ചയുണ്ടാക്കുന്നതില്‍ ഇടതുപക്ഷം പരാജയപ്പെട്ടു: സണ്ണി എം കപിക്കാട് 

ജാതി, മതം, ദൈവം എന്നിവയുടെ പേരില്‍ വോട്ട് പിടിക്കരുതന്ന് പറയുമ്പോള്‍ അതുണ്ടാക്കുന്ന സാമൂഹ്യപ്രശ്‌നങ്ങളെക്കുറിച്ച് പറയരുതെന്ന് അര്‍ത്ഥമില്ല.
Published on

ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ഉന്നയിക്കാത്തത് ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടാക്കുമെന്ന് ദളിത് ചിന്തകന്‍ സണ്ണി എം കപിക്കാട്. സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് രാഷ്ട്രീയമായി മുന്നോട്ട് കൊണ്ടുപോകാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞില്ലെന്നും സണ്ണി എം കപിക്കാട് പറഞ്ഞു. ഇടതുപക്ഷത്തിന്റെ തകര്‍ച്ചയ്ക്ക് അത് കാരണമാകും. നവോത്ഥാനവും ഭരണഘടനയും മുന്‍നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ട് വെച്ച ചര്‍ച്ചയ്ക്ക് തുടര്‍ച്ചയുണ്ടാക്കുന്നതില്‍ ഇടതുപക്ഷം പരാജയപ്പെട്ടുവെന്നും അദ്ദേഹം ദ ക്യുവിനോട് പറഞ്ഞു.

Q

ശബരിമല വിഷയം ഈ തിരഞ്ഞെടുപ്പില്‍ സ്വാധീനിക്കുമോ?

A

ശബരിമല ഈ തിരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട വിഷയം തന്നെയാണ്. ബി.ജെ.പി അതിനെ ഫലപ്രദമായി ഉപയോഗിച്ച് കുറച്ച് വോട്ടുകള്‍ സമാഹരിക്കാന്‍ സാധ്യതയുണ്ട്. കോണ്‍ഗ്രസും നിശബ്ദമായി ക്യാംപെയ്ന്‍ ചെയ്യുന്നുണ്ട്. ചര്‍ച്ചയായാല്‍ വലിയ നഷ്ടമുണ്ടാകുമെന്ന് ഭയക്കുന്നത് ഇടതുപക്ഷമാണ്. ഇടതുപക്ഷം ആ സംവാദത്തില്‍ നിന്ന് പിന്‍മാറിയത് രാഷ്ട്രീയമായ അബദ്ധമാണ്. മറിച്ച് ആ ചര്‍ച്ചയെ മുന്നോട്ട് കൊണ്ടുപോകാനും ശബരിമലയിലൂടെ രൂപപ്പെട്ട് വന്ന സവര്‍ണ്ണ സമൂഹത്തിന്റെ ആധിപത്യത്തെ രാഷ്ട്രീയമായി നേരിടുമെന്നും പറഞ്ഞിരുന്നുവെങ്കില്‍ പിന്നോക്കക്കാരുടെ പിന്തുണ ലഭിക്കുമായിരുന്നു.

Q

ശബരിമല കേരളീയ നവോത്ഥാനത്തെക്കുറിച്ച് പുനര്‍ചിന്തനത്തിന് വഴിയൊരുക്കിയിരുന്നല്ലോ? അതിന് തുടര്‍ച്ചയുണ്ടാകുമോ?

A

തുടര്‍ച്ച വേണം. ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ജനങ്ങളെ ആളുകളെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത് രാജ്യവ്യാപകമായി ചെയ്ത ഭീകരമായ ആള്‍ക്കൂട്ട അതിക്രമമാണ്. അതിനെ കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടു പോകണം. അതിനുള്ള സാധ്യതയാണ് ശബരിമല ചര്‍ച്ച തുറന്നിട്ടത്. വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറായില്ലെങ്കിലും വെളിയിലുള്ള ജനാധിപത്യ വിശ്വാസികള്‍ അത് ചെയ്യും.

Q

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ സി.പി.എം ശബരിമല വിഷയം തിരിച്ചടിയാകുമെന്ന് ഭയക്കുന്നത് സ്വാഭാവികമല്ലേ?

A

ഇടതുപക്ഷം ഭയക്കേണ്ടതില്ല. പാറ്റേണ്‍ പിന്‍തുടരണമെന്നത് അബദ്ധ ധാരണയാണ്. അന്യമത വിദ്വേഷവും ജാതിമത വിദ്വോഷവും പറഞ്ഞ് നില്‍ക്കാന്‍ കഴിയുന്ന ബി.ജെ.പി കേരളത്തില്‍ ശക്തിപ്രാപിച്ച് കഴിഞ്ഞു. ആ സാഹചര്യത്തില്‍ പഴയ പാറ്റേണില്‍ തന്നെ തുടരാനുള്ള തീരുമാനം ശുദ്ധ അസംബന്ധമാണ്. ശബരിമല വിഷയത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ പ്രഖ്യാപിച്ചിരുന്നത് എത്ര വോട്ട് കിട്ടും ഇല്ലയോ എന്നതോ ജയിക്കുമോ ഇല്ലയോ എന്നത് ഞങ്ങള്‍ക്ക് വിഷയമല്ല. സമൂഹം ജനാധിപത്യപരമായി കഴിയണം. ആ വാക്യത്തെ പിന്തുടരാന്‍ എന്തുകൊണ്ട് പിണറായി വിജയന് കഴിഞ്ഞില്ല എന്നതാണ് ചോദ്യം. ചരിത്രം അവരോട് ചോദിക്കാന്‍ പോകുന്ന പ്രധാനപ്പെട്ട ചോദ്യവും അതാണ്. എന്‍ഡിഎയും ഇടത്-വലത് മുന്നണികളും പരമ്പരാഗതമായി ചെയ്തത്, സവര്‍ണ്ണവും സമ്പന്നവുമായ സാമൂഹ്യവിഭാഗങ്ങളെയും മതവിഭാഗങ്ങളെയും പ്രീണിപ്പിക്കുകയും അവര്‍ക്ക് പരമാവധി അധികാരത്തിന്റെ ഷെയര്‍ കൊടുക്കുകയുമായിരുന്നു. ദളിതര്‍, സ്ത്രീകള്‍, ആദിവാസികള്‍ എന്നിവരെ ഈ തിരഞ്ഞെടുപ്പിന്റെ ഭാഗമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നത് അവരുടെ പരാജയത്തിന്റെ കാരണമായി മാറുമെന്നാണ് ഞാന്‍ കരുതുന്നത്.

Q

ശബരിമല വിഷയം ഉപയോഗിച്ച് വോട്ട് തേടരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമുണ്ടല്ലോ. അതായിരിക്കില്ലേ ഇടതുപാര്‍ട്ടികളെ പിന്തിരിപ്പിക്കുന്നത്?

A

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത് ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വോട്ട് പിടിക്കരുതെന്നാണ്. ജാതി, മതം, ദൈവം എന്നിവയുടെ പേരില്‍ വോട്ട് പിടിക്കരുതന്ന് പറയുമ്പോള്‍ അതുണ്ടാക്കുന്ന സാമൂഹ്യപ്രശ്‌നങ്ങളെക്കുറിച്ച് പറയരുതെന്ന് അര്‍ത്ഥമില്ല. അതിന് ഇലക്ഷന്‍ കമ്മീഷന്‍ തടസ്സമല്ല. ശബരിമല അയ്യപ്പന്റെ പേരില്‍ വോട്ട് പിടിക്കരുതെന്നും പ്രചരണം നടത്തരുതെന്നുമാണ് കമ്മീഷന്‍ പറഞ്ഞത്. ജാതിയോ മതമോ ഉപയോഗിക്കരുതെന്നതിന്റെ വ്യാഖ്യാനം മാത്രമാണത്. തെറ്റിദ്ധരിപ്പിച്ചതാണ്.

Q

പി.എസ്.സി പരീക്ഷയുടെ ചോദ്യ പേപ്പറില്‍ നിന്നും ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച ചോദ്യം നീക്കം ചെയ്തിരിക്കുന്നു. സര്‍ക്കാര്‍ എന്തുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നാണ് താങ്കള്‍ കരുതുന്നത്?

A

ഫാസിസം എല്ലാ കാലത്തും ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇടതുപക്ഷവും കോണ്‍ഗ്രസും അക്ഷരാര്‍ത്ഥത്തില്‍ ബി.ജെ.പിയുടെ ഭീഷണിക്ക് മുന്നില്‍ വഴങ്ങിയെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. അതില്‍ ഒടുവിലത്തേതാണ് പി.എസ്.സി ചോദ്യം പിന്‍വലിച്ചത്. ശബരിമല കയറാന്‍ പോയ സ്ത്രീകളുടെ വീടുകള്‍ അക്രമിച്ചവര്‍ക്കെതിരെ എന്ത് നടപടിയാണ് സ്റ്റേറ്റിന് എടുക്കാന്‍ സാധിച്ചത്. ഗൗരവമുള്ള ചോദ്യമാണ്. ജനാധിപത്യ രാജ്യത്ത് കോടതി അനുമതി നല്‍കിയപ്പോള്‍ അവിടെ കയറാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണ് അക്രമണം നടന്നത്. ഒരു നടപടിയും എടുത്തില്ല. പോലീസും സര്‍ക്കാറിലെ ഉന്നതരും ഫാസിസ്റ്റ് ശക്തികള്‍ക്ക് മുന്നില്‍ പതറി നില്‍ക്കുകയാണ്. ആള്‍ക്കൂട്ടം കടന്നു പോകുമ്പോള്‍ ഒരു പൗരന് ഇത് ശരിയല്ലെന്ന് പറയാനുള്ള അന്തരീക്ഷം കേരളത്തിലില്ല. അങ്ങനെ പറഞ്ഞാന്‍ അക്രമിക്കപ്പെടും.. കൊല്ലപ്പെടും. സര്‍ക്കാര്‍ ഭീതിയിലാണ്. ശബരിമല വിഷയത്തില്‍ എന്തെങ്കിലും പറഞ്ഞാല്‍ ഹിന്ദുക്കളുടെ വോട്ടുകള്‍ മറിഞ്ഞു പോകുമെന്നാണ് ഇടതുപക്ഷം കരുതുന്നതെങ്കില്‍ അവര്‍ക്ക് രാഷ്ട്രീയമായി പക്വതയും വീക്ഷണവും പുലര്‍ത്താന്‍ കഴിയുന്നില്ല. അതുകൊണ്ടാണ് പി.എസ്.സിയുടെ ചോദ്യം പിന്‍വലിക്കുന്നത്.

logo
The Cue
www.thecue.in