രാഹുലിന് അല്ല ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്യേണ്ടത്, മാവോയിസ്റ്റുകള്‍ ആദിവാസി സംരക്ഷകരല്ല: സി.കെ ജാനു അഭിമുഖം 

രാഹുലിന് അല്ല ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്യേണ്ടത്, മാവോയിസ്റ്റുകള്‍ ആദിവാസി സംരക്ഷകരല്ല: സി.കെ ജാനു അഭിമുഖം 

ഭരണഘടനയെ സംരക്ഷിക്കുമെന്നുറപ്പുള്ളവര്‍ക്കൊപ്പം നില്‍ക്കുക എന്ന നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇടതുചേരിക്കൊപ്പം ചേര്‍ന്നത്   
Published on
Q

ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വിരുദ്ധ മുന്നണിക്ക് വോട്ട് ചെയ്യണമെന്ന് സി.കെ.ജാനുവും പാര്‍ട്ടിയും പറയുന്നത് എന്തുകൊണ്ടാണ്?

A

കഴിഞ്ഞ രണ്ടര വര്‍ഷം എന്‍.ഡി.എ മുന്നണിയുടെ ഭാഗമായിരുന്നു. അവരുടെ കൂടെ നില്‍ക്കുന്ന സമയത്താണ് ശബരിമല വിഷയത്തില്‍ സുപ്രിംകോടതി വിധി വരുന്നത്. ആ വിധിയില്‍ വ്യക്തമായി പറയുന്നത് സ്ത്രീകളുടെ തുല്യാവകാശത്തെക്കുറിച്ചാണ്. ആ ഉത്തരവിനെത്തുടര്‍ന്ന് ശബരിമലയുമായി ബന്ധപ്പെട്ട് കുറെ ഇഷ്യൂസ് ഉണ്ടായി. ഞങ്ങള്‍ സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ പ്രതിനിധികളാണ്. ഭരണഘടന സംരക്ഷിക്കപ്പെടേണ്ടത് ഞങ്ങളുടെ ആവശ്യമാണ്. അതിലുപരി ഇന്ത്യയിലെ മുഴുവന്‍ ആളുകളുടെയും ആവശ്യമാണ് ഭരണഘടന നിലനിര്‍ത്തേണ്ടത്. ആ ഭരണഘടനയെത്തന്നെ വെല്ലുവിളിക്കുന്ന തരത്തില്‍ നിലപാട് സ്വീകരിക്കുന്നത് രാജ്യത്തിന് തന്നെ നല്ലതല്ലെന്നതാണെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. മഹത്തായ ഭരണഘടനയുടെ രൂപീകരണത്തില്‍ ഭാഗമായവരാണ് നമ്മളൊക്കെ. ഭരണഘടനയെ സംരക്ഷിക്കേണ്ടതും നിലനിര്‍ത്തേണ്ടതും ഓരോ ഇന്ത്യന്‍ പൗരന്റെയും കടമയാണ്. ഭരണഘടനയുടെ സംഭാവനയായി ജീവിക്കുന്നവരാണ് ഞങ്ങള്‍. ആര് ഭരണഘടനയ്ക്ക് വിരുദ്ധ നിലപാട് സ്വീകരിച്ചാലും അവര്‍ക്കൊപ്പം നില്‍ക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. അത്തരമൊരു സാഹചര്യം വന്നപ്പോള്‍ ഇടത് ചേരിയിലുള്ളവരാണ് അതിനെതിരെ വ്യക്തമായ നിലപാട് സ്വീകരിക്കുകയും വ്യതിചലമില്ലാതെ തുടരുകയും ചെയ്തത്. മാത്രമല്ല തോട്ടം തൊഴിലാളികള്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും ആദിവാസികള്‍ക്കും ദളിതര്‍ക്കും വേണ്ടി എന്തെങ്കിലും ചെയ്യുകയും അതിനായി ശ്രമിക്കുകയും ചെയ്തത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്. അത് എത്രത്തോളം പ്രയോജനപ്പെട്ടു എന്നതൊക്കെ രണ്ടാമത്തെ വിഷയം. അത് പറയാന്‍ തയ്യാറായി എന്നതാണ് പ്രധാന വിഷയം. ഭരണഘടനക്കെതിരായ വെല്ലുവിളിയെ ധീരമായി നേരിടുകയും കര്‍ശനമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. ഭരണഘടനയെ സംരക്ഷിക്കുമെന്നുറപ്പുള്ളവര്‍ക്കൊപ്പം നില്‍ക്കുക എന്ന നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇടതുചേരിക്കൊപ്പം ചേര്‍ന്നത്.

Q

രാഹുല്‍ ഗാന്ധിയും ഇടതുപക്ഷവും വയനാട്ടില്‍ ഏറ്റുമുട്ടുന്നു. ഇത് മോദി വിരുദ്ധ സഖ്യത്തെ ദുര്‍ബലപ്പെടുത്തുമെന്ന വാദം ഇരുപക്ഷവും ഉയര്‍ത്തുന്നുണ്ട്. താങ്കളുടെ നിലപാടെന്താണ്?

A

ഇടതുപക്ഷം വളരെ കൃത്യമായി മോദി വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്. അതിന് വേണ്ടിയാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. പാര്‍ലമെന്റില്‍ യുപിഎയ്‌ക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് ഇടതുപക്ഷം കഴിഞ്ഞ കാലങ്ങളില്‍ സ്വീകരിച്ചിട്ടുള്ളത്. ഇപ്പോഴും ആ നിലപാടില്‍ മാറ്റമില്ല. പലയിടത്തും ഒരുമിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അതില്‍ നിന്ന് വ്യത്യസ്തമായ സംവിധാനമുള്ളത് വയനാട്ടില്‍ മാത്രമാണ്. നമ്മള്‍ കൃത്യമായ നിലപാട് സ്വീകരിച്ച് ഒരു മുന്നണിയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ അവര്‍ക്കൊപ്പം തന്നെയാണ് നില്‍ക്കേണ്ടത്. അതിനിടയില്‍ അപ്പുറത്തും ഇപ്പുറത്തുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് നമ്മുടെ നിലപാട് മാറ്റാന്‍ പാടില്ല. അത് രാഷ്ട്രീയ നയമല്ല. അതുകൊണ്ട് ഇടതുപക്ഷത്തോടൊപ്പം തന്നെ നില്‍ക്കുന്നു.

Q

അങ്ങനെയെങ്കില്‍ ആരുടെ നേതൃത്വത്തിലായിരിക്കും ബി.ജെ.പി വിരുദ്ധ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുക?

A

ഇപ്പോഴത്തെ സാഹചര്യത്തില്‍ യു.പി.എയുടെ നേതൃത്വത്തിലായിരിക്കും സര്‍ക്കാര്‍ രൂപീകരിക്കുവാന്‍ കഴിയുക. വയനാട്ടില്‍ രാഹുല്‍ഗാന്ധിയും ഇടതുപക്ഷവും നേരിട്ട് ഏറ്റുമുട്ടുന്നത് കൊണ്ടാണല്ലോ നമ്മള്‍ എതിര്‍ക്കുന്നത്. യു.ഡി.എഫ് മറ്റ് ആരെ നിര്‍ത്തിയാലും നമ്മള്‍ എതിര്‍ക്കുമല്ലോ. ബി.ജെ.പിക്ക് വയനാട്ടില്‍ ശക്തിയില്ല. ബിഡിജെഎസാണ് എന്‍ഡിഎയില്‍ മത്സരിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയലല്ലോ. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ ആവശ്യമെങ്കില്‍ ഇടതുപക്ഷം പിന്തുണയ്ക്കുമല്ലോ. യു.ഡി.എഫിന്റെ ഭാഗമായി മത്സരിക്കുന്ന രാഹുല്‍ഗാന്ധിയെയാണ് എതിര്‍ക്കുന്നത്. രാഹുല്‍ഗാന്ധിയെന്ന നേതാവിനെയല്ല.

Q

അര്‍ഹമായ പരിഗണന ഇടത്- വലത് മുന്നണികളില്‍ നിന്ന് ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് താങ്കള്‍ എന്‍ഡിഎയുടെ ഭാഗമായത്. സി.കെ ജാനുവിനും അണികള്‍ക്കും അര്‍ഹമായ പരിഗണന എന്‍ഡിഎയില്‍ ലഭിച്ചിരുന്നോ?

A

എന്‍ഡിഎയിലും അര്‍ഹമായ പരിഗണന ലഭിച്ചിരുന്നില്ല. എന്‍ഡിഎയുടെ കൂടെ ചേര്‍ന്നപ്പോഴാണ് ഞങ്ങള്‍ കേരളത്തില്‍ മുന്നണി സംവിധാനത്തിന്റെ ഭാഗമായത്. അത്തരമൊരു പരിഗണന തന്നത് എന്‍ഡിഎ ആണ്. അതില്‍ തര്‍ക്കമില്ല. എന്നാല്‍ മുന്നണിയിലെ ഘടകകക്ഷിയെ പരിഗണിക്കുന്ന ജനാധിപത്യ രീതിയുണ്ട്. ഇന്ത്യയില്‍ മുന്നണി സംവിധാനത്തിലൂടെയാണ് ഭരണം നിലനില്‍ക്കുന്നത്. ഒറ്റപ്പാര്‍ട്ടിയായി ഒരു സംസ്ഥാനത്തും ഭരിക്കുവാന്‍ കഴിയുന്നില്ല. മുന്നണി രാഷ്ട്രീയ പാര്‍ട്ടികളെ പരിഗണിക്കുന്നതിന് രീതിയുണ്ട്. അത്തരമൊരു പരിഗണന എന്‍ഡിഎയില്‍ ലഭിച്ചില്ല. ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടാതെ പോയപ്പോള്‍ മുന്നണി വിടാന്‍ തീരുമാനിച്ചു. എവിടേക്ക് പോകണമെന്ന് അപ്പോള്‍ തീരുമാനമെടുത്തിരുന്നില്ല. ആ ഘട്ടത്തിലാണ് ഇടതുപക്ഷവുമായി ചര്‍ച്ച നടന്നത്. മുന്നണിയുടെ ഭാഗമാകുന്നതില്‍ ആരുമായും ചര്‍ച്ച നടത്താം. അയിത്തം കല്‍പ്പിക്കേണ്ടതില്ലെന്നായിരുന്നു ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി(ജെആര്‍പി) സ്വീകരിച്ചത്.

Q

മദ്യവും പണവും നല്‍കി ആദിവാസികളുടെ വോട്ട് വാങ്ങുന്നതായി രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം ആരോപണമുന്നയിക്കാറുണ്ട്. അങ്ങനെ വോട്ട് വില്‍ക്കുന്നവരാണോ ആദിവാസികള്‍?

A

ആ അവസ്ഥയ്ക്ക് ഇപ്പോള്‍ മാറ്റമുണ്ട്. എന്നാല്‍ പൂര്‍ണ്ണമായും മാറിയിട്ടില്ല. നമ്മള്‍ മുന്നണിയുടെ ഭാഗമായപ്പോള്‍ അതിലൊക്കെ മാറ്റം വന്നിട്ടുണ്ട്. പല കോളനികളില്‍ നിന്നും വിളിച്ച് ചോദിക്കുന്നുണ്ട് ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്ന്. ഇതിന് മുമ്പ് അങ്ങനെ ഉണ്ടായിട്ടില്ല. അത് വലിയൊരു മാറ്റത്തിന്റെ തുടക്കമാണ്.

Q

കോളനികള്‍ കേന്ദ്രീകരിച്ച് ആര്‍എസ്എസ് പ്രവര്‍ത്തിക്കുകയും ആദിവാസികളുടെ തനത് സംസ്‌കാരത്തിലും ആരാധന രീതിയിലും മാറ്റം വരുത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പ്രതിരോധിക്കാന്‍ താങ്കളുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് കഴിയുമോ?

A

കഴിയും. ആദിവാസികളുടെ കാവുകളും ദൈവങ്ങളുടെ അവരുടെ ഐഡിന്റിറ്റിയുടെ ഭാഗമാണ്. അതിനെ സംരക്ഷിക്കേണമെന്ന ചര്‍ച്ച ആദിവസികള്‍ക്കിടയില്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. ഉപേക്ഷിക്കപ്പെട്ട കാവുകള്‍ ആദവാസികളുടെ രീതിയിലുള്ള പൂജ നടത്തി തിരിച്ചു കൊണ്ടു വരുന്നുണ്ട്. നമ്മുടെ ആചാരമനുസരിച്ചുള്ള ആരാധനരീതി വേണമെന്ന് ഞാന്‍ അവരോട് പറയാറുണ്ട്.

Q

സംസ്ഥാന സര്‍ക്കാറിനെ എങ്ങനെ വിലയിരുത്തുന്നു?

A

കുറെ നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. വീഴ്ചകളും ഉണ്ടായിട്ടുണ്ട്. ഏത് സര്‍ക്കാറാണെങ്കിലും അത്തരം വീഴ്ചകളുണ്ടാകാറുണ്ട്. ഈ ഗവണ്‍മെന്റ് വന്നപ്പോള്‍ മാത്രമുണ്ടായ പ്രതിഭാസമല്ല. ഈ സര്‍ക്കാറിന് മാത്രമാണ് വീഴ്ച പറ്റുന്നതാണെങ്കിലെ അതില്‍ ഫോക്കസ് ചെയ്യാന്‍ പറ്റുള്ളു. ആളുകളുമായി ഇടപെട്ട് കുറെ കാര്യങ്ങള്‍ ഈ സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചത് ആളുകള്‍ക്ക് പ്രയോജനപ്പെട്ടിട്ടുണ്ട്. എന്റെ അമ്മ കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ വാങ്ങുന്ന ആളാണ്. ഇപ്രാവശ്യം എന്റെ അമ്മയ്ക്ക് പെന്‍ഷന്‍ ലഭിച്ചത് അയ്യായിരത്തി അറുന്നൂറ് രൂപയാണ്. ഗ്രാസ്‌റൂട്ട് ലെവലില്‍ ആളുകള്‍ക്ക് നേരിട്ട് പ്രയോജനം ചെയ്യുന്നതാണിത്. ജോലിക്ക് പോകാന്‍ കഴിയാത്തവര്‍ക്ക് മാസം ആയിരത്തി ഇരുന്നൂറ് രൂപ ലഭിക്കുന്നത് നല്ല കാര്യമാണ്. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ നല്ലതായി തന്നെ നമ്മള്‍ കാണണം. നല്ലതിനെ നല്ലതായും മോശമായതിനെ മോശമായും കാണണം. ഏത് സര്‍ക്കാറിനെയും അങ്ങനെത്തന്നെ വിലയിരുത്തണം.

Q

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മാവോയിസ്റ്റുകളെ വേട്ടായാടുന്നുവെന്നാണ് സര്‍ക്കാറിനെതിരെയുള്ള ആരോപണങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്. ഈ സര്‍ക്കാറിന്റെ കാലത്ത് ഇതുവരെ മൂന്ന് മാവോയിസ്റ്റുകളാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ആദിവാസികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് തങ്ങളെന്നാണ് മാവോയിസ്റ്റുകളും അവകാശപ്പെടുന്നത്?

A

മുപ്പത്തിയഞ്ച് വര്‍ഷമായിട്ട് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് ഞാന്‍. കൃത്യമായി പറഞ്ഞാല്‍ സമരരംഗത്ത്. ഒരുപാട് ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സമരങ്ങളാണ് ഞങ്ങള്‍ നടത്തിയിട്ടുള്ളത്. മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനഫലമായി ആദിവാസികള്‍ക്ക് എവിടെയെങ്കിലും ഗുണം ലഭിച്ചത് എന്റെ അറിവിലില്ല. മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഏതെങ്കിലും പോളിസി കൊണ്ടു വരികയോ പദ്ധതി നടപ്പാക്കുകയോ ചെയ്തിട്ടില്ല. ഞങ്ങള്‍ നടത്തുന്ന സമരങ്ങളിലൊക്കെ മാവോയിസ്റ്റുകളുടെ ഇടപെടലുണ്ടെന്ന് പറഞ്ഞ് ഞങ്ങള്‍ക്കെതിരായാണ് വരുന്നത്. മാവോയിസറ്റുകളുടെ പ്രവര്‍ത്തനത്തിലൂടെ, ഇന്ത്യയില്‍ എവിടെയെങ്കിലും ആദിവാസികള്‍ക്ക് പുരോഗതിയുണ്ടായെന്ന് ചൂണ്ടിക്കാണിക്കാന്‍ അവര്‍ക്ക് കഴിയുമോ. ഒരു സ്ഥലത്തും ഇല്ല. ആദിവസികള്‍ക്കിടയില്‍ ഉയര്‍ന്ന് വരുന്ന കൂട്ടായ്മയേയും അവരുടെ മനോവീര്യത്തെയും തകര്‍ക്കുകയാണ് ഇവര്‍ ചെയ്യുന്നത്. വെടിവെച്ച് കൊല്ലുന്നതിനോട് യോജിക്കുന്നില്ല. തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണം. നിയമവും സംവിധാനവും ഇവിടെയുണ്ടല്ലോ . അതിനെ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. തെറ്റുകാരനാണെങ്കില്‍ ശിക്ഷിക്കട്ടെ.

logo
The Cue
www.thecue.in