‘രസതന്ത്രം കണക്കിനെ തോല്‍പ്പിച്ചു’; ശരിക്കും ജനാധിപത്യപരമായ ഒരു പാര്‍ട്ടിയുണ്ടെങ്കില്‍ അത് ബിജെപിയാണെന്ന് മോദി
രസതന്ത്രം കണക്കിനെ തോല്‍പ്പിച്ചെന്ന് വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. പക്ഷേ കഠിനാധ്വാനത്തിന് പകരംവെയ്ക്കാന്‍ മറ്റൊന്നില്ലെന്നും തെരഞ്ഞെടുപ്പിലെ വന്‍വിജയത്തിന് ശേഷം സ്വന്തം മണ്ഡലത്തിലെത്തിയ മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ തന്റെ മണ്ഡലമായ വാരണാസിയിലെ വോട്ടര്‍മാര്‍ക്ക് നന്ദിയറിയിക്കാനാണ് പ്രധാനമന്ത്രി എത്തിയത്.
പാര്‍ട്ടി പ്രവര്‍ത്തകരുടെ തൃപ്തിയാണ് തന്റെ വിജയത്തിന്റെ മന്ത്രമെന്ന് പറഞ്ഞ പ്രധാനമന്ത്രി ജനാധിപത്യപരമായൊരു പാര്‍ട്ടിയുണ്ടെങ്കില്‍ അത് ബിജെപിയാണെന്ന് പറയാനും മടിച്ചില്ല. വാരണാസിയിലെ ജനങ്ങളില്‍ തനിക്ക് പൂര്‍ണ വിശ്വാസമായിരുന്നെന്ന് പറഞ്ഞ നരേന്ദ്ര മോദി വോട്ടെണ്ണുന്നതിന് മുമ്പ് തന്നെ വിജയം ഉറപ്പായിരുന്നുവെന്നും തുറന്നുപറഞ്ഞു. മോദിയുടെ വിജയമല്ല, മറിച്ച് പാര്‍ട്ടി പ്രവര്‍ത്തകരാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്നും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
എല്ലാ കുടുംബത്തിലേയും ഒരു മോദിയാണ് ഈ തെരഞ്ഞെടുപ്പില്‍ പോരാടിയത്. ഒരു ബിജെപി പ്രവര്‍ത്തകനെന്ന നിലയില്‍ പാര്‍ട്ടിയില്‍ ഏറ്റവും താഴെയാണ് ഞാന്‍. തെരഞ്ഞെടുപ്പ് എന്നത് ജനാധിപത്യത്തിന്റെ ഉത്സവമാണ്.
രാജ്യത്തെ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന ഉത്തര്‍പ്രദേശിന് കാശിയില്‍ നിന്നുകൊണ്ട് താന്‍ നന്ദി പറയുന്നെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. കുറവുകള്‍ തങ്ങള്‍ക്ക് ഉണ്ടെങ്കിലും തങ്ങളുടെ ഉദ്ദേശം നല്ലതാണെന്നും മോദി പറഞ്ഞു.
വിജയിച്ചെത്തിയ നരേന്ദ്രമോദിക്ക് വാരണാസിയില്‍ പ്രവര്‍ത്തകര്‍ ഉജ്ജ്വല വരവേല്‍പ്പാണ് നല്‍കിയത്. രാവിലെ പത്ത് മണിക്ക് വാരാണസി വിമാനത്താവളത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലായിരുന്നു നരേന്ദ്ര മോദിക്ക് വരവേല്‍പ്പ്. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ മോദി ദര്‍ശനവും നടത്തി.