‘പകരക്കാരനെ കണ്ടെത്തൂ’, തുടരാനില്ലെന്ന് ഉറച്ച് രാഹുല്‍ ഗാന്ധി; ഒടുവില്‍ പ്രിയങ്കയും സോണിയയും സമ്മതം മൂളിയെന്ന് റിപ്പോര്‍ട്ട്
കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് ഇനി തുടരാനില്ലെന്ന ഉറച്ച തീരുമാനത്തിലാണ് രാഹുല്‍ ഗാന്ധിയെന്നും കടുംപിടുത്തത്തിനൊടുവില്‍ സഹോദരി പ്രിയങ്ക ഗാന്ധിയും അമ്മ സോണിയ ഗാന്ധിയും രാഹുലിന്റെ തീരുമാനം അംഗീകരിച്ചതായും സൂചനയുണ്ട്. പിന്തിരിപ്പിക്കാന്‍ ഏവരും ശ്രമിച്ചിട്ടും രാഹുല്‍ ഗാന്ധി തീരുമാനം മാറ്റാന്‍ തയ്യാറല്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
കോണ്‍ഗ്രസ് നേതൃസ്ഥാനത്ത് താന്‍ ഇനി ഉണ്ടാവില്ലെന്നും പകരക്കാരനെ കണ്ടെത്താനും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ അഹമ്മദ് പട്ടേലിനോടും പാര്‍ട്ടി ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനോടും പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ലോക്‌സഭയിലേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് രാജിവെക്കാന്‍ തീരുമാനമെടുത്ത രാഹുല്‍ ഗാന്ധി വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനം അറിയിച്ചിരുന്നു. എന്നാല്‍ ഏവരും ഐകകണ്‌ഠേനെ അത് തള്ളിയതോടെ രാഹുല്‍ ഗാന്ധി തീരുമാനം മാറ്റുമെന്ന് കരുതി.
എന്നാല്‍ താന്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന സൂചന നല്‍കി അനുനയിപ്പിക്കാനെത്തിയ നേതാക്കളില്‍ നിന്നെല്ലാം രാഹുല്‍ ഗാന്ധി ഒഴിഞ്ഞുനിന്നു. ലോക്‌സഭയിലേക്ക് വിജയിച്ച കോണ്‍ഗ്രസ് അംഗങ്ങള്‍ അധ്യക്ഷനെ കാണാന്‍ ശ്രമിച്ചിട്ടും രാഹുല്‍ തയ്യാറായില്ല. ഒടുവിലാണ് അഹമ്മദ് പട്ടേലും കെസി വേണുഗോപാലും രാഹുല്‍ ഗാന്ധിയെ കണ്ടത്. അവരോട് പകരക്കാരനെ കണ്ടെത്താനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ആവശ്യപ്പെട്ടത്. പകരക്കാരനെ കണ്ടെത്തും വരെ താന്‍ അധ്യക്ഷ സ്ഥാനത്ത് തുടരാമെന്നും രാഹുല്‍ നേതാക്കളെ അറിയിച്ചു.
തീരുമാനം മാറ്റാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചെങ്കിലും രാഹുല്‍ വഴങ്ങിയില്ല. പങ്കെടുക്കാനിരുന്ന യോഗങ്ങളെല്ലാം രാഹുല്‍ ഗാന്ധി റദ്ദാക്കിയതായാണ് കോണ്‍ഗ്രസിനുള്ളില്‍ നിന്ന് പുറത്തുവരുന്ന വിവരം. പ്രിയങ്കയുടെ പേര് ആദ്യഘട്ടത്തില്‍ നേതൃസ്ഥാനത്തേക്ക് ചൂണ്ടിക്കാണിച്ചപ്പോള്‍ ഗാന്ധി കുടുംബത്തില്‍ നിന്ന് തന്നെ ഒരാള്‍ വേണമെന്ന് നിര്‍ബന്ധമില്ലെന്നാണ് രാഹുല്‍ ക്ഷുഭിതനായി പ്രതികരിച്ചത്.
മുതിര്‍ന്ന നേതാക്കളുടെ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള കടുംപിടുത്തവും മക്കളെ മല്‍സരിപ്പിക്കാനുള്ള ശ്രമങ്ങളെയെല്ലാം കടുത്ത ഭാഷയില്‍ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശിച്ച രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അടിമുടി മാറണമെന്ന ഉറച്ച നിലപാടിലാണ്.