ഫെഡറല്‍ മുന്നണി നീക്കം ശക്തമാക്കി കെസിആര്‍, പിണറായിയേയും സ്റ്റാലിനേയും കാണും, ഇടതിനെ ഒപ്പം കൂട്ടാനുള്ള ശ്രമം ഇതാദ്യം
ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് നീങ്ങവെ കോണ്‍ഗ്രസ്- ബിജെപി ഇതര മുന്നണിക്കുള്ള നീക്കം ശക്തമാക്കി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. കോണ്‍ഗ്രസിനേയും ബിജെപിയേയും ഒഴിവാക്കി മുന്നണിയെന്ന ആശയം രണ്ട് വര്‍ഷം മുമ്പ് മുന്നോട്ടുവെച്ച കെസിആര്‍ അത് പ്രാബല്യത്തിലാക്കാന്‍ മറ്റ് പാര്‍ട്ടികളെ ഒപ്പം ചേര്‍ക്കാനുള്ള ശ്രമത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായും തമിഴ്‌നാട്ടിലെ ഡിഎംകെ തലവന്‍ എംകെ സ്റ്റാലിനുമായും കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുമായും സന്ദര്‍ശനത്തിന് സമയം കുറിച്ചു കെസിആര്‍.
രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിന് തെലങ്കാന മുഖ്യമന്ത്രിയെത്തുമെന്ന് വ്യക്തമാക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയനുമായി രാഷ്ട്രീയ ചര്‍ച്ചയുണ്ടാവില്ലെന്നാണ് പാര്‍ട്ടീവൃത്തങ്ങള്‍ പറയുന്നത്. സ്റ്റാലിനെ മേയ് 13ന് ആണ് സന്ദര്‍ശിക്കുക.
ബിജെപി അനുകൂല നിലപാട് പലപ്പോഴും കൈക്കൊള്ളുകയും ബിജെപിയെ പരസ്യമായി പിന്തുണയ്ക്കുകയും ചെയ്തിട്ടുള്ള ക ചന്ദ്രശേഖര്‍ റാവുവിനെ ഇടതുപക്ഷത്തിന് അത്ര പഥ്യമല്ല. ഇടത് നേതാക്കളെ ഫെഡറല്‍ മുന്നണിയിലെത്തിക്കാന്‍ പ്രത്യക്ഷത്തില്‍ കെസിആര്‍ കച്ചകെട്ടിയിറങ്ങുന്നതും അതിനാല്‍ ഇതാദ്യമാണ്.
നേരത്തെ കരുണാനിധിയുമായി ഫെഡറല്‍ മുന്നണിയെന്ന ആശയം കെസിആര്‍ പങ്കുവെച്ചിട്ടുണ്ടെങ്കിലും രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനേയും എല്ലാ കാര്യത്തിലും പിന്തുണയ്ക്കുന്ന നിലപാടാണ് സ്റ്റാലിന്‍ സ്വീകരിക്കുന്നത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയുടെ പേര് ആദ്യം എടുത്തുപറഞ്ഞത് പോലും സ്റ്റാലിനാണ്. അതിനാല്‍ സ്റ്റാലിന്റെ ഭാഗത്ത് നിന്ന് ഉടന്‍ കോണ്‍ഗ്രസിനെതിരായൊരു സമീപനം ഉണ്ടാകാന്‍ സാധ്യത കുറവാണ്.
കഴിഞ്ഞ വര്‍ഷം ഫെഡറല്‍ മുന്നണിയെന്ന ആശയം ഉറപ്പിക്കാന്‍ കെസിആര്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയേയും ഒഡീഷ മുഖ്യമന്തിര നവീന്‍ പട്‌നായിക്കിനേയും കണ്ടിരുന്നു. സമാജ്‌വാദി പാര്‍ട്ടിയുടെ അഖിലേഷ് യാദവും ബിഎസ്പിയുടെ മായാവതിയുമെല്ലാം കെസിആര്‍നെ കേട്ടിരുന്നു. എന്നാല്‍ ഈ ചര്‍ച്ചയൊന്നും ഒരു വഴിക്കെത്താത്തതിനെ തുടര്‍ന്നാണ് ദക്ഷിണേന്ത്യയില്‍ മുന്നണിയുണ്ടാക്കാനുള്ള ശ്രമം.