സൈന്യവും സിനിമയും വോട്ടാക്കേണ്ട; റഫാലടക്കം ബിജെപിക്ക് തിരിച്ചടികളുടെ സീസണ്‍
തെരഞ്ഞെടുപ്പ് കാലം നരേന്ദ്രമോദിക്കും ബിജെപിക്കും തുടര്‍ തിരിച്ചടികളുടെ സീസണാവുകയാണ്. സൈന്യവും സിനിമയും ഉള്‍പ്പെടെ വോട്ട് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയനീക്കങ്ങളെല്ലാം അമ്പേ പാളി. ഒന്നാംഘട്ട തെരഞ്ഞെടുപ്പിന്റെ തലേന്നാളാണ് റഫാല്‍ കേസില്‍ സുപ്രീം കോടതിയില്‍ നിന്ന് കേന്ദ്രസര്‍ക്കാരിന് കനത്ത പ്രഹരമേറ്റത്. റഫാല്‍ ഇടപാടിലെ ഔദ്യോഗിക രേഖകളുടെ വിശദാംശങ്ങള്‍ നല്‍കാനാകില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് സുപ്രീം കോടതി തള്ളി. വിമാനങ്ങളുടെ വില, തുക നിശ്ചയിച്ചതിന്റെ അടിസ്ഥാനം, അതുകൊണ്ടുണ്ടായ നേട്ടം പങ്കാളികളുടെ വിവരങ്ങള്‍, ഇടപാടിന്റെ നടപടിക്രമങ്ങള്‍ എന്നിവയുള്‍പ്പെടെ 10 ദിവസത്തിനകം സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്.
അഴിമതിയാരോപണത്തെ രാജ്യസുരക്ഷാവാദമുയര്‍ത്തി ഖണ്ഡിക്കാനുള്ള ബിജെപി നീക്കങ്ങള്‍ കോടതിയില്‍ പൊളിഞ്ഞു. പ്രതിരോധ കരാറുകളെ വേറിട്ട രീതിയില്‍ പരിഗണിക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ആവശ്യം. ദേശീയ സുരക്ഷയെ ബാധിക്കുന്നതാകയാല്‍ പാര്‍ലമെന്റില്‍ പോലും അടിസ്ഥാന വിലയേ വ്യക്തമാക്കിയിട്ടുള്ളൂവെന്ന് അറ്റോര്‍ണി ജനറല്‍ വാദിച്ചു. വിവരാവകാശനിയമപ്രകാരം പോലും മറുപടി നല്‍കേണ്ടാത്തതാണെന്നൊക്കെ വാദിച്ചുനോക്കിയെങ്കിലും ഫലം കണ്ടില്ല. ഇതോടെ, ഔദ്യോഗിക രഹസ്യ നിയമം അനുസരിച്ച് വെളിപ്പെടുത്താനാകാത്ത രേഖകള്‍ സര്‍ക്കാര്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ നല്‍കണം.
പരസ്യപ്പെടുത്താവുന്ന വിവരങ്ങള്‍ ഹര്‍ജിക്കാരനും കൈമാറണം.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റേതാണ് ഉത്തരവ്. പുനപ്പരിശോധനാ ഹര്‍ജികള്‍ തള്ളണമെന്ന അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. പൊതുഹര്‍ജിയില്‍ ചേര്‍ത്തിരുന്ന 3 ഉം രഹസ്യ രേഖകളാണെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ ഇത് പരിശോധനയ്ക്ക് വിധേയമാക്കുന്നതില്‍ പ്രശ്‌നങ്ങളില്ലെന്ന് കോടതി അസന്നിഗ്ധമായി വ്യക്തമാക്കി.
റഫാല്‍ വിമാനങ്ങളുടെ വിലനിലവാര പട്ടിക നല്‍കേണ്ടതില്ലെന്നായിരുന്നു ഡിസംബര്‍ 14 ലെ സുപ്രീം കോടതി വിധി. എന്നാല്‍ പുനപ്പരിശോധനാ ഘട്ടത്തില്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. ഇടപാടില്‍ കോടതി വിശദമായ പരിശോധനയ്ക്ക് മുതിരുന്നുവെന്ന സന്ദേശമാണ് പുറത്തുവരുന്നത്. കരാറില്‍ ക്രമക്കേട് ആരോപിച്ചുള്ള 4 ഹര്‍ജികള്‍ അന്ന് കോടതി തള്ളുകയായിരുന്നു. ഇതിനെതിരെ മുന്‍പ് ബിജെപി മന്ത്രിസഭയിലുണ്ടായിരുന്ന യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി, നിയമവിദഗ്ധന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവരടക്കം 5 പേര്‍ പുനപ്പരിശോധനാ ഹര്‍ജികള്‍ നല്‍കി. ഫലത്തില്‍ സര്‍ക്കാരിന് നല്‍കിയ ക്ലീന്‍ ചിറ്റ് കോടതി തിരിച്ചെടുക്കുകയാണുണ്ടായത്.
റഫാല്‍ വിഷയത്തില്‍ സിഎജി റിപ്പോര്‍ട്ട് ഉണ്ടെന്നും അത് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിച്ചതാണെന്നുമുള്ള വസ്തുതാപരമായ പിഴവ് പരമോന്നത കോടതിക്ക് സംഭവിച്ചിരുന്നു. ഫലത്തില്‍, സര്‍ക്കാര്‍ നടപടികള്‍ ശരിവെച്ചുകൊണ്ടുള്ള ഡിസംബര്‍ 14 ലെ 28 പേജ് വിധിന്യായം കോടതി തിരിച്ചെടുക്കുകയാണുണ്ടായത്. ഇടപാടില്‍ സമഗ്ര പരിശോധനയാവശ്യമാണെന്ന് 56 പേജ് വിധിന്യായത്തിലൂടെ കോടതി പറഞ്ഞുവെയ്ക്കുന്നു. റഫാലിലെ രഹസ്യ രേഖകളെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ച 3 എണ്ണം പ്രമുഖ മാധ്യമങ്ങളായ ദ ഹിന്ദുവും ദ വയറും പുറത്തുവിട്ടിരുന്നു.
രേഖകള്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതാണെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം. തുടര്‍ന്ന് പ്രസ്തുത മാധ്യമങ്ങള്‍ക്കെതിര ഔദ്യോഗിക രഹസ്യ നിയമപ്രകാരം നടപടിയെടുക്കാനുള്ള നീക്കങ്ങളും നടന്നിരുന്നു. എന്നാല്‍ കോടതി മാധ്യമനടപടി ശരിവെയ്ക്കുകയാണുണ്ടായത്. ഭരണഘടന ഉറപ്പുവരുത്തുന്ന അഭിപ്രായ സ്വാതന്ത്ര്യവുമായി ഒത്തുപോകുന്നതാണെന്ന് മാധ്യമനടപടിയെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ സിബിഐ അന്വേഷണം വേണമന്ന് അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടപ്പോള്‍ അക്കാര്യം പിന്നീട് പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ മറുപടി.
പ്രധാനമന്ത്രിയുടെ ജീവിതം പ്രമേയമാക്കിയ പിഎം നരേന്ദ്രമോദി എന്ന ചിത്രത്തിന്റെ റിലീസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞതും അന്നേ ദിവസം തന്നെ. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയും വരെ ചിത്രം റിലീസ് ചെയ്യരുതെന്നാണ് നിര്‍ദേശം. വ്യാഴാഴ്ച ചിത്രം തിയേറ്ററുകളിലെത്താനിരിക്കെയാണ് വിലക്കുണ്ടായത്. നിര്‍ണ്ണായക പൊതുതെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ ജനം വിധിയെഴുതുന്ന വേളയില്‍ ചിത്രം തിയേറ്ററുകളിലെത്തിക്കാനുള്ള രാഷ്ട്രീയനീക്കമാണ് തകര്‍ന്നടിഞ്ഞത്. വിവേക് ഒബ്രോയിയാണ് ചിത്രത്തില്‍ നരേന്ദ്രമോദിയായെത്തുന്നത്. ഇലക്ഷന്‍ കഴിയുന്നതുവരെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ജീവചരിത്രംപറുയുന്ന സിനിമകളെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാവ് അമന്‍ പന്‍വറും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ പ്രസിഡന്റ് സതീഷ് ഗെയ്ക്ക്‌വാദും റിലീസിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ നിര്‍ദേശിച്ച് ഹര്‍ജി തീര്‍പ്പാക്കുകയാണുണ്ടായത്. തെരഞ്ഞെടുപ്പിന് മുന്‍പ് വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ചിത്രമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഇതുസംബന്ധിച്ച പരാതിയില്‍ നേരത്തെ അണിയറ പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തേ നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.
അതേസമയം പിഎം മോദി ചിത്രത്തിനേര്‍പ്പെടുത്തിയ വിലക്ക് നമോ ടിവിക്കും ബാധകമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യം പറഞ്ഞെങ്കിലും പിന്നീട് തിരുത്തി രംഗത്തെത്തിതല# ദുരൂഹതയുണ്ട്. ചിത്രത്തിനെതിരായ ഉത്തരവ് നമോ ടിവിക്ക് ബാധകമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്നീട് വ്യക്തമാക്കി. ഇത് മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നാണ് വിശദീകരണം. പ്രമുഖ ഡിടിഎച്ചുകളിലെല്ലാം ചാനല്‍ കഴിഞ്ഞമാസം 31 മുതല്‍ ലഭ്യമായിരുന്നു. നരേന്ദ്രമോദിയുടെ പ്രസംഗങ്ങളും അഭിമുഖങ്ങളുമടക്കം ബിജെപി അനുകൂല വാര്‍ത്തകള്‍ മാത്രമാണ് സംപ്രേഷണം ചെയ്യുന്നത്.
മോദിയുടെ ചിത്രം ചാനല്‍ ലോഗോയായി ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ചാനല്‍ സംപ്രേഷണം ആരംഭിച്ചതിനെതിരെ ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ട്വിറ്റര്‍ പ്രഖ്യാപനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചാനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ചിത്രത്തിനെതിരായ നടപടി നമോ ടിവിക്കും ബാധകമാണെന്ന് ആദ്യം പറഞ്ഞ കമ്മീഷന്റെ മലക്കം മറിച്ചിലിന് പിന്നിലെ കാരണം വ്യക്തമല്ല.
സൈന്യത്തെ മുന്‍നിര്‍ത്തി വോട്ടുപിടിക്കാനുള്ള നരേന്ദ്രമോദിയുടെ നീക്കത്തിനും തിരിച്ചടിയേറ്റു. മഹാരാഷ്ട്രയിലെ ലാത്തൂരിലാണ് സൈന്യത്തെ ബന്ധപ്പെടുത്തി പ്രധാനമന്ത്രി പ്രസംഗിച്ചത്. കന്നി വോട്ടര്‍മാര്‍, ബാലാകോട്ടില്‍ പാകിസ്താന് തിരിച്ചടി നല്‍കിയ സൈന്യത്തിനും പുല്‍വാമ ഭീകരാക്രണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്കും വേണ്ടി സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നായിരുന്നു മോദിയുടെ പ്രസ്താവന. മോദിയുടെ പരാമര്‍ശം പ്രഥമദൃഷ്ട്യാ ചട്ടലംഘനമാണെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ വിലയിരുത്തി.
വിഷയത്തില്‍ മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് ഒസ്മാനാബാദ് തെരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. സംഭവത്തില്‍ മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഓഫീസറോട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയിട്ടുമുണ്ട്. സൈനികരുടെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചരണം പാടില്ലെന്ന കമ്മീഷന്‍ ഉത്തരവിന്റെ നഗ്നമായ ലംഘനമാണുണ്ടായത്.
സൈന്യത്തെ മോദി സേനയാക്കിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നേരത്തേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശാസിച്ചിരുന്നു. ഗാസിയാ ബാദിലും ഗ്രേറ്റര്‍ നോയിഡയിലുമായിരുന്നു യോഗി ഇന്ത്യന്‍ സൈനത്തെ മോദി സേന എന്ന് വിശേഷിപ്പിച്ചത്.
വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ചിത്രം പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചതും ബിജെപി തിരിച്ചടിയായിരുന്നു. നരേന്ദ്രമോദിയുടെയും അഭിനന്ദന്റെയും ചിത്രം ചേര്‍ത്തുവെച്ച് ബിജെപി പലയിടങ്ങളിലും പ്രചരണ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പാക് യുദ്ധവിമാനങ്ങളെ തുരത്തുന്നതിനിടയില്‍ ആ സൈന്യത്തിന്റെ പിടിയിലകപ്പെടുകയും, സധൈര്യം അതിജീവിച്ച് രാജ്യാഭിമാനമുയര്‍ത്തി തിരിച്ചെത്തുകയും ചെയ്ത വ്യോമ സേനാ ഉദ്യോഗസ്ഥനാണ് അഭിനന്ദന്‍ വര്‍ധമാന്‍.