9ല്‍ നിന്ന് മൂന്നിലേക്ക് സിപിഎം; തുണച്ചത് തമിഴ്‌നാട്ടിലെ 2 സീറ്റ്, ബംഗാളിലും ത്രിപുരയിലും സംപൂജ്യര്‍
2014ല്‍ 9 സീറ്റുണ്ടായിരുന്ന സിപിഐഎം 2019ല്‍ മൂന്നിലൊന്നായി ചുരുങ്ങി. ഡിഎംകെ- കോണ്‍ഗ്രസ്- മുസ്ലിം ലീഗ് പിന്തുണയില്‍ തമിഴ്‌നാട്ടില്‍ മല്‍സരിച്ച് ജയിച്ച രണ്ട് സീറ്റാണ് സിപിഎമ്മിനെ തുണച്ചത്. കേരളത്തില്‍ ആലപ്പുഴയില്‍ എഎം ആരിഫ് നേടിയ ഒരു സീറ്റും തമിഴ്‌നാട്ടിലെ രണ്ട് സീറ്റുമാണ് സിപിഎമ്മിന്റെ സമ്പാദ്യം.
ഒരു കാലത്ത് തുടര്‍ച്ചയായി ഭരിച്ച ത്രിപുരയിലും പശ്ചിമ ബംഗാളിലും സിപിഎം സംപൂജ്യരായി. കഴിഞ്ഞ തവണ ത്രിപുരയിലേയും ബംഗാളിലേയും രണ്ട് വീതം സീറ്റുകള്‍ സിപിഎമ്മിന് ബലമായിരുന്നു. ബംഗാളില്‍ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിയാത്ത വിധം തകര്‍ന്നു ഇക്കുറി സിപിഎമ്മിന്റെ സംവിധാനം.
മധുരയില്‍ സിപിഎമ്മിന്റെ എസ് വെങ്കടേശനാണ് ഡിഎംകെ- കോണ്‍ഗ്രസ് പിന്തുണയില്‍ ജയിച്ചത്. കോയമ്പത്തൂരില്‍ സിപിഎമ്മിന്റെ പി ആര്‍ നടരാജനും വിജയിച്ചു.
2014 ലോക്‌സഭാ തെരഞ്ഞെടുപ്പ് സിപിഐക്ക് കേരളത്തില്‍ നിന്ന് ഒരു സീറ്റ് മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇക്കുറി കേരളം തള്ളിയപ്പോള്‍ രണ്ട് സീറ്റ് നല്‍കി തമിഴ്‌നാട് തുണച്ചു. നാഗപട്ടണത്ത് സിപിഐയുടെ എം സെല്‍വരാജ് വിജയിച്ചു. തിരിപ്പൂരില്‍ സിപിഐയുടെ കെ സുബ്ബരായനും ജയിച്ചു.
മൂന്നും രണ്ടും ചേര്‍ന്ന് അഞ്ച് പേര്‍ മാത്രമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രതിനിധിയായി ലോക്‌സഭയിലേക്ക് പോകുന്നത്. കാലങ്ങളായി ഭരിച്ച സംസ്ഥാനങ്ങള്‍ കയ്യില്‍ നിന്ന് പോയതിന് ശേഷം അവിടങ്ങളില്‍ തകര്‍ന്നടിയുകയാണ് സിപിഎം. ബംഗാളില്‍ തൃണമൂലിനെ തകര്‍ക്കാന്‍ സിപിഎം അണികള്‍ ബിജെപിക്കൊപ്പം നിന്നത് ബംഗാളിലെ ബിജെപി കടന്നുകയറ്റത്തിനും കാരണമായി. മമതയെ വിറപ്പിച്ച ബിജെപി 19ഓളം സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്.