‘രാജിവെയ്ക്കില്ല, ശൈലി മാറ്റില്ല’, ഇതുവരെ എത്തിയത് തന്റെ ശൈലി കൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി
ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തില്‍ സര്‍ക്കാര്‍ രാജിവെയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ബാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിലെ തോല്‍വി പ്രതീക്ഷിച്ചില്ലെന്നും ഈ തിരിച്ചടി താത്കാലികമാണെന്നും പിണറായി വിജയന്‍ . ഇടതുമുന്നണിക്കെതിരായ ജനവിധിയുടെ കാരണം ശബരിമല വിഷയമല്ല. ചില ശക്തികള്‍ വിശ്വാസപരമായ കാര്യങ്ങളില്‍ തെറ്റിദ്ധാരണ പരത്തിയിട്ടുണ്ടെന്നും അത് പാര്‍ട്ടി വിശദമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നവിധിയുടെ പശ്ചാത്തലത്തില്‍ തന്റെ ശൈലി മാറ്റില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. രാജി വയ്ക്കുകയുമില്ലെന്ന് പറഞ്ഞ പിണറായി ഇത് സര്‍ക്കാരിനെതിരായ ജനവിധിയല്ലെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.
എന്റെ ശൈലി അത് തന്നെയായിരിക്കും, അതിലൊരു മാറ്റവുമുണ്ടാകില്ല. ഞാന്‍ ഈ നിലയിലെത്തിയത് എന്റെ ശൈലിയിലൂടെയാണ്. അത് മാറില്ല.
പിണറായി വിജയന്‍
ശബരിമല വിഷയം ബാധിക്കുകയാണെങ്കില്‍ ബിജെപിയാണ് നേട്ടമുണ്ടാക്കേണ്ടത്. എന്നാല്‍ പത്തനംതിട്ടയില്‍ ഉള്‍പ്പെടെ ബിജെപി പിന്നിലായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. പത്തനംതിട്ടയില്‍ ജയിക്കുമെന്നായിരുന്നു അവരുടെ അവകാശവാദം എന്നാല്‍ അതുണ്ടായില്ല.
ശബരിമലയില്‍ ഉണ്ടായത് സുപ്രീം കോടതി വിധിയാണെന്നും അതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരു മുഖ്യമന്ത്രിക്കും കഴിയില്ലെന്നും പിണറായി വിശദീകരിച്ചു. ഏത് സര്‍ക്കാരാണെങ്കിലും ചെയ്യേണ്ട കാര്യങ്ങളാണ് സംസ്ഥാന സര്‍ക്കാരും ചെയ്തതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
കേന്ദ്രത്തില്‍ മോദിഭരണം വരരുതെന്ന് ആഗ്രഹിക്കുന്നവര്‍ കോണ്‍ഗ്രസിന് ഭരണത്തിന് നേതൃത്വം നല്‍കാനാകുമെന്ന് ചിന്തിച്ചു. രാജ്യത്തിന്റെ ഭാവിയില്‍ ഉത്കണ്ഠയുള്ളവര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നതാണ് നല്ലതെന്ന് കരുതി. ഇതാണ് യുഡിഎഫിന് അനുകൂലമായത്.
നേരത്തെ സിപിഎം സംസ്ഥാന സമിതിയും ശബരിമല തെരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്ന് പറഞ്ഞിരുന്നു.തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിനെതിരായ വിധിയെഴുത്തല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.