ഇത്തവണത്തേത് മാത്രമല്ല, ചന്ദ്രാനി ലോക്‌സഭയിലെ എക്കാലത്തെയും ബേബി അംഗം
ലോക്‌സഭയുടെ ചരിത്രത്തിലെ ഏറ്റവം പ്രായംകുറഞ്ഞ അംഗമായി ഒഡീഷയില്‍ നിന്നുള്ള ചന്ദ്രാനി മുര്‍മു. ബിജു ജനതാദള്‍ ടിക്കറ്റിലാണ് 25 കാരിയായ ചന്ദ്രാനി ലോക്‌സഭാംഗത്വം നേടിയിരിക്കുന്നത്. എഞ്ചിനീയറിംഗ് ബിരുദധാരിയാണ് ഈ യുവതുര്‍ക്കി. 17ാം ലോക്‌സഭയിലേക്ക് ക്യോന്‍ഝറില്‍ നിന്നാണ് ഈ ദളിത് വിഭാഗാംഗം തെരഞ്ഞെടുക്കപ്പെട്ടത്. ഇവരുടെ പ്രായം കണക്കാക്കിയാല്‍ 25 വര്‍ഷവും 11 മാസവും ഒന്‍പത് ദിവസവുമാണ്. വ്യാജ വീഡിയോ വൈറലാക്കി വ്യക്തിഹത്യ നടത്തിയ ബിജെപിക്കുള്ള കനത്ത പ്രഹരമായിരുന്നു ചന്ദ്രാനിയുടെ തകര്‍പ്പന്‍ ഭൂരിപക്ഷത്തിലുള്ള വിജയം. വ്യാജ അശ്ലീല വീഡിയോയാണ് ഇവരുടേതെന്ന പേരില്‍ പ്രചരിപ്പിച്ചത്.
വനിതാ സമൂഹത്തിന്റെയും യുവാക്കളുടെയും ദളിതരുടെയും പിന്‍തുണ വിജയത്തില്‍ നിഴലിച്ചിട്ടുണ്ട്. വന്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നതിനപ്പുറം മണ്ഡലത്തിന്റെ സമഗ്രപുരോഗതിക്കായി എംപിയെന്ന നിലയില്‍ സാധ്യമാകുന്നതെല്ലാം നിര്‍വഹിക്കും. മേഖലയിലെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുന്നതിനാണ് തന്റെ പ്രഥമ പരിഗണന.
ചന്ദ്രാനി മുര്‍മു
തൊഴിലധിഷ്ഠിത സംരംഭങ്ങള്‍ തറക്കല്ലില്‍ അവസാനിക്കില്ലെന്നും അവ സാക്ഷാത്കരിക്കുമെന്നും 25 കാരി സാക്ഷ്യപ്പെടുത്തുന്നു. ധാതുസമ്പന്നമായ ക്യോന്‍ഝറില്‍ തൊഴിലില്ലായ്മ രൂക്ഷമാണെന്നത് ദൗര്‍ഭാഗ്യകരമാണ്. സംസ്ഥാനത്തെ യുവാക്കളുടെയും വനിതകളുടെയും ശബ്ദമായി പാര്‍ലമെന്റില്‍ പ്രവര്‍ത്തിക്കുമെന്ന് അവര്‍ പറഞ്ഞു.
രണ്ടുതവണ എംപിയായ ബിജെപി നതോവ് അനന്ത നായകിനെ 66,203 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു ചന്ദ്രാനിയുടെ വിജയം.
മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയ ശേഷം ജോലിതേടുകയായിരുന്നു ചന്ദ്രാനി. അപ്രതീക്ഷിതമായാണ് ബിജെഡി സ്ഥാനാര്‍ത്ഥിയായത്. ക്യോന്‍ഝറില്‍ 6 തവണ കോണ്‍ഗ്രസ് വിജയിച്ചിട്ടുണ്ട്. ബിജെപി പ്രതിനിധി 3 തവണയും ബിജെഡി സ്ഥാനാര്‍ത്ഥികള്‍ 2 തവണയും ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിയെ നേരിട്ടേറ്റുമുട്ടി തറപറ്റിക്കുകയായിരുന്നു ചന്ദ്രാനി.