വോട്ടുചെയ്യാതെ മുരളിയും ഉണ്ണിത്താനും സുരേന്ദ്രനും; സുരേഷ് ഗോപിക്ക് കോപ്റ്റര്‍ കിട്ടിയില്ല

വോട്ടുചെയ്യാതെ മുരളിയും ഉണ്ണിത്താനും സുരേന്ദ്രനും; സുരേഷ് ഗോപിക്ക് കോപ്റ്റര്‍ കിട്ടിയില്ല

സ്ഥാനാര്‍ത്ഥികളായ കെ മുരളീധരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍,  സുരേഷ് ഗോപി, കെ സുരേന്ദ്രന്‍ എന്നിവര്‍ വോട്ട് ചെയ്തില്ല.
Published on

നിര്‍ണ്ണായക ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാതെ ചില സ്ഥാനാര്‍ത്ഥികള്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ കെ മുരളീധരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ബിജെപി സ്ഥാനാര്‍ത്ഥികളായ സുരേഷ് ഗോപി, കെ സുരേന്ദ്രന്‍ എന്നിവര്‍ വോട്ട് ചെയ്തില്ല. ഇവരെല്ലാം വോട്ടുള്ള മണ്ഡലങ്ങളില്‍ നിന്ന് മാറി മത്സരിക്കുന്നവരാണ്. തെരഞ്ഞെടുപ്പ് ദിവസം,മത്സരിക്കുന്ന മണ്ഡലത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിനെ തുടര്‍ന്നാണ് ഇവര്‍ വോട്ട് ചെയ്യാതിരുന്നത്.

കെ മുരളീധരന്‍

വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് വോട്ട്. വടകരയില്‍ നിന്ന് തിരുവനന്തപുരത്തെത്തി വോട്ട് ചെയ്ത് തിരികെയെത്തുന്നതിലെ ബുദ്ധിമുട്ട് കാരണമാണ് അദ്ദേഹം വോട്ട് ചെയ്യാതിരുന്നത്. ഭാര്യ ജ്യോതി തിരുവനന്തപുരത്ത് സമ്മതിദാനാവകാശം വിനിയോഗിച്ചു.

സുരേഷ് ഗോപി

തൃശൂരില്‍ നിന്ന് ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തെത്തി വോട്ട് ചെയ്യാന്‍ സുരേഷ് ഗോപി ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ശാസ്തമംഗലം രാജാ കേശവദാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തിലായിരുന്നു സുരേഷ് ഗോപിക്ക് വോട്ട്. ഉച്ചവരെ തൃശൂരില്‍ കേന്ദ്രീകരിച്ചശേഷം വൈകീട്ടോടെ തിരുവനന്തപുരത്തെത്താനായിരുന്നു പദ്ധതി. എന്നാല്‍ ആ സമയം ഫ്‌ളൈറ്റ് ലഭ്യമല്ലാത്തതിനാല്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കാനായി ശ്രമം. എന്നാല്‍ പ്രചരണത്തിനുപയോഗിക്കുന്ന ഹെലികോപ്റ്റര്‍ തെരഞ്ഞെടുപ്പ് ദിവസം ഉപയോഗിക്കാന്‍ അനുമതി ലഭ്യമായില്ല. കല്യാണ്‍ ഗ്രൂപ്പിന്റെ ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചെങ്കിലും എത്തുമ്പോഴേക്കും 5 മണി കഴിഞ്ഞിരുന്നു. തുടര്‍ന്ന് യാത്ര തിരിച്ചാലും പോളിങ് സമയത്തിനുള്ളില്‍ എത്താന്‍ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞ് ഒഴിവാക്കുകയായിരുന്നു.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനും വോട്ട് ചെയ്യാനായില്ല. കൊല്ലം ഇരവിപുരത്തായിരുന്നു അദ്ദേഹത്തിന് വോട്ട്. കാസര്‍ഗോഡ് നിന്ന് കൊല്ലത്ത് എത്തി തിരിച്ചെത്തുന്നതിലെ ബുദ്ധിമുട്ട് കാരണം അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചില്ല.

കെ സുരേന്ദ്രന്‍

പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് കോഴിക്കോട് മൊടക്കല്ലൂരിലാണ് വോട്ട്. പക്ഷേ പത്തനംതിട്ടയില്‍ സാന്നിധ്യം വേണ്ടതിനാല്‍ വോട്ട് ചെയ്യാന്‍ പോയില്ല.

അതേസമയം മണ്ഡലം മാറി മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് കോഴിക്കോട് വന്ന് വോട്ട് രേഖപ്പെടുത്തി ആലത്തൂരേക്ക് മടങ്ങുകയായിരുന്നു.

ആറ്റിങ്ങലില്‍ 3 പേര്‍ക്കും വോട്ടില്ല

ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന് പത്തനംതിട്ടയിലെ അടൂരിലാണ് വോട്ട്. രാവിലെ തന്നെയെത്തി അദ്ദേഹം വോട്ടുരേഖപ്പെടുത്തി ആറ്റിങ്ങലിലെ ബൂത്ത് പര്യടനത്തിനായി മടങ്ങി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ സമ്പത്തിന് തിരുവനന്തപുരം മണ്ഡലത്തിലായിരുന്നു വോട്ട്. അദ്ദേഹം കോട്ടണ്‍ഹില്‍ സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. ബിജെപി സ്ഥാനാര്‍ത്ഥി ശോബ സുരേന്ദ്രന്‍ ഉച്ചവരെ മണ്ഡലത്തില്‍ പര്യടനം നടത്തിയ ശേഷം തൃശൂരില്‍ പോയി വോട്ട് രേഖപ്പെടുത്തി.

logo
The Cue
www.thecue.in