വട്ടിയൂര്‍ക്കാവും മഞ്ചേശ്വരവും, അക്കൗണ്ട് മോഹം തകര്‍ന്നടിഞ്ഞ ബിജെപി ഇനി ലക്ഷ്യമിടുന്നത് നിയമസഭ

വട്ടിയൂര്‍ക്കാവും മഞ്ചേശ്വരവും, അക്കൗണ്ട് മോഹം തകര്‍ന്നടിഞ്ഞ ബിജെപി ഇനി ലക്ഷ്യമിടുന്നത് നിയമസഭ

Published on
Summary

ഇരുമണ്ഡലങ്ങളിലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്തായിരുന്നുവെന്നത് ഇടത് വലത് മുന്നണികള്‍ക്ക് മത്സരം നിര്‍ണായകമാക്കും.

ഈ തെരഞ്ഞെടുപ്പില്‍ ബിജെപി, വിജയം ഉറപ്പെന്ന് വിശ്വസിച്ചിരുന്ന രണ്ട് മണ്ഡലങ്ങളായിരുന്നു തിരുവനന്തപുരവും പത്തനംതിട്ടയും. വോട്ടെടുപ്പിന് ശേഷമുള്ള സര്‍വേ ഫലങ്ങളും തിരുവനന്തപുരം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ വിജയിക്കുമെന്നാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്ത് വീശിയടിച്ച യുഡിഎഫ് തരംഗത്തില്‍ ശബരിമല യുവതി പ്രവേശനം അനുകൂലമാകുമെന്ന കെ സുരേന്ദ്രന്റെ മോഹവും പത്തനംതിട്ടയില്‍ പൊലിഞ്ഞു. ബിജെപിയുടെ മൂന്നാം പ്രതീക്ഷയായിരുന്ന തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ആറ് മാസത്തിനുള്ളില്‍ ബിജെപി നിര്‍ണായകമാകുന്ന മറ്റൊരു ഏറ്റുമുട്ടലിന് സംസ്ഥാനം സാക്ഷ്യം വഹിക്കും. വടകരയില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനാല്‍ കെ. മുരളീധരന്‍ ഒഴിയുന്ന വട്ടിയൂര്‍കാവ് നിയമസഭ മണ്ഡലത്തിലും എം എല്‍ എ മരിച്ചതിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്തും. ഇരുമണ്ഡലങ്ങളിലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്തായിരുന്നുവെന്നത് ഇടത് വലത് മുന്നണികള്‍ക്ക് മത്സരം നിര്‍ണായകമാക്കും.

കേരളത്തില്‍ ബിജെപിയെ പ്രതിരോധിച്ചുവെന്നതും അക്കൗണ്ട് തുറക്കാന്‍ അനുവദിച്ചില്ലെന്നതുമാണ് ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇടത് വലത് മുന്നണികളുടെ ആശ്വാസം. തിരുവനന്തപുരത്ത് ജയം ഉറപ്പിക്കുകയും പത്തനംതിട്ടയിലും തൃശ്ശൂരിലും ജയസാധ്യതയോ രണ്ടാം സ്ഥാനമോ ബിജെപി നേതൃത്വം പ്രതീക്ഷിച്ചിരുന്നു. വോട്ടെടുപ്പിന് പിന്നാലെ ആത്മവിശ്വാസത്തില്‍ നിന്ന് പിന്നോക്കം പോകുന്ന ബിജെപിയെയാണ് കണ്ടത്.

ക്രോസ് വോട്ടിംഗ് കാര്യമായി നടന്നെന്ന് തിരുവനന്തപുരം സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനും, എന്നാല്‍ ശബരിമലയില്‍ ബിജെപി ഉണ്ടാക്കിയ നേട്ടം തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണമായെന്ന് നേതൃത്വവും പ്രതികരിച്ചിരുന്നു. ശബരിമല വിഷയത്തില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ കെ സുരേന്ദ്രനെ നിര്‍ത്തി പത്തനംതിട്ട പിടിച്ചെടുക്കാനായിരുന്ന ബിജെപിയുടെ ശ്രമം. ആര്‍ എസ് എസിന്റെ ആശിര്‍വാദത്തോടെയാണ് ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട മണ്ഡലത്തില്‍ സുരേന്ദ്രന്‍ മത്സരിക്കാനെത്തിയത്. തിരഞ്ഞെടുപ്പില്‍ വലിയ ഓളമുണ്ടാക്കിയ സുരേന്ദ്രന് പക്ഷേ രണ്ടാം സ്ഥാനത്ത് പോലും എത്താന്‍ കഴിഞ്ഞില്ല.

51322 വോട്ടുകള്‍ കെ മുരളീധരന്‍ നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള കുമ്മനം രാജശേഖരന് 43700 വോട്ടുകളാണ് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സിപിഐഎം നേതാവ് ടി എന്‍ സീമക്ക് 40441 വോട്ട് മാത്രമാണ് ലഭിച്ചിരുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നേരിട്ട കനത്ത തിരിച്ചടി വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സ്വാധീനമുള്ള രണ്ട് മണ്ഡലങ്ങള്‍ പിടിച്ചെടുത്തുകൊണ്ട് മറികടക്കാനായിരിക്കും ബിജെപി സംസ്ഥാന നേതൃത്വവും ആലോചിക്കുന്നത്. പ്രധാനമന്ത്രിയും എന്‍ഡിഎയുടെ താരപ്രചാരകനുമായ നരേന്ദ്രമോദി രണ്ട് തവണ പ്രചരണത്തിനെത്തിയിട്ടും ഒരു സീറ്റില്‍ പോലും ജയിക്കാനാകാത്തത് സംസ്ഥാന നേതൃത്വത്തെയും പ്രതിക്കൂട്ടിലാക്കും. വട്ടിയൂര്‍ കാവും മഞ്ചേശ്വരവും യുഡിഎഫിന്റെ സിറ്റിംഗ് മണ്ഡലങ്ങളാണ്. മഞ്ചേശ്വരത്ത് ലീഗ് എംഎല്‍എ അബ്ദുള്‍ റസാഖിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബിജെപിക്ക് സാധ്യത കല്‍പ്പിച്ചിരുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലം കെ മുരളീധരനെ മത്സരിപ്പിച്ചാണ് യുഡിഎഫ് നേടിയിരുന്നത്. ഒ രാജഗോപാല്‍ ജയിച്ച നേമത്തെക്കാള്‍ ബിജെപി ദേശീയ നേതൃത്വവും പ്രതീക്ഷ കല്‍പ്പിച്ചിരുന്നത് അന്ന് സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനത്തെ മത്സരിപ്പിച്ച വട്ടിയൂര്‍ക്കാവിന് ആയിരുന്നു.

വട്ടിയൂര്‍കാവില്‍ കുമ്മനം രാജശേഖരന്‍ ഈ തെരഞ്ഞെടുപ്പിലും സ്വാധീനം ഉറപ്പിച്ചിട്ടുണ്ട്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ ബിജെപിയായിരുന്നു വട്ടിയൂര്‍കാവില്‍ ലീഡ് നേടിയത്. എന്നാല്‍ ബിജെപി പിന്നീട് രണ്ടാം സ്ഥാനത്തേക്ക് പോവുകയായിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിലും കുമ്മനം തന്നെയാണ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത. നിയമസഭയിലേക്ക് ഇവിടെ 51322 വോട്ടുകള്‍ കെ മുരളീധരന്‍ നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള കുമ്മനം രാജശേഖരന് 43700 വോട്ടുകളാണ് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സിപിഐഎം നേതാവ് ടി എന്‍ സീമക്ക് 40441 വോട്ട് മാത്രമാണ് ലഭിച്ചിരുന്നത്.

2014ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഒ.രാജഗോപാലിലൂടെ കഴക്കൂട്ടം, വട്ടിയൂര്‍കാവ്, തിരുവനന്തപുരം, നേമം എന്നീ നാല് നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഇടതുപക്ഷം ഇവിടെ മൂന്നാം സ്ഥാനത്തായിരുന്നു. പാറശ്ശാല, കോവളം, നെയ്യാറ്റിന്‍കര എന്നിവിടങ്ങളിലാണ് ശശി തരൂരിന് അന്ന് ലീഡ് ലഭിച്ചത്. ഇവിടെ എല്‍.ഡി.എഫ് രണ്ടാം സ്ഥാനത്തും എത്തി. ബി.ജെ.പി ഒന്നാം സ്ഥാനത്തെത്തിയ നാല് മണ്ഡലങ്ങളില്‍ 2016 നിയമസഭ തിരഞ്ഞെടുപ്പില്‍ നേമത്തൊഴികെ ആ നേട്ടം തുടരാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. നേമത്ത് ഒ.രാജഗോപാല്‍ 8671 വോട്ടുകള്‍ക്ക് വിജയിച്ചു. ഈ തിരഞ്ഞെടുപ്പിലും നേമത്താണ് ബിജെപി ലീഡ് നിലനിര്‍ത്തിയത്.

വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്റെ വ്യക്തിപ്രഭാവവും നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഗുണം ചെയ്തിരുന്നു. മുരളീധരന്റെ അഭാവത്തില്‍ കരുത്തനായ മറ്റൊരു സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസിന് കണ്ടെത്തേണ്ടിവരും. ത്രികോണ മത്സര സാധ്യത നില്‍ക്കുന്ന മണ്ഡലത്തില്‍ അട്ടിമറി ആഗ്രഹിക്കുന്ന എല്‍ഡിഎഫിനും മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്തേണ്ടിവരും.

മഞ്ചേശ്വരത്ത് 89 വോട്ടുകള്‍ക്കാണ് കെ സുരേന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടത്. എല്‍.ഡി.എഫിന് വേണ്ടി സി.എച്ച് കുഞ്ഞമ്പുവുവാണ് മത്സരിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ കള്ളവോട്ട് ചെയ്തെന്ന് ആരോപിച്ച് കെ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 265 പേര്‍ കള്ളവോട്ട് ചെയ്തതിന്റെ കണക്ക് ചൂണ്ടിക്കാണിച്ചായിരുന്നു കെ സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്. എം എല്‍ എ മരിച്ചതോടെ സുരേന്ദ്രന്‍ കേസില്‍ നിന്നും പിന്‍മാറി. കേസ് പിന്‍വലിച്ച ബിജെപി ഉപതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ്. മഞ്ചേശ്വരവും വട്ടിയൂര്‍ക്കാവും ജയിച്ചാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രനേതൃത്വത്തിന് മുന്നിലുണ്ടായ നാണക്കേട് പരിഹരിക്കാമെന്ന കണക്കുകൂട്ടലും കേരളാ ബിജെപി നേതൃത്വത്തിനുണ്ട്. ഏത് വിധേനയും ഈ രണ്ട് മണ്ഡലങ്ങള്‍ പിടിച്ചെക്കാനുള്ള പുറപ്പാടിലായിരിക്കും ഇനിയുള്ള ദിനങ്ങളില്‍ ബിജെപി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംപൂജ്യരാക്കി പുറത്തുനിര്‍ത്തിയത് പോലെ നിയമസഭയില്‍ ഒരു സീറ്റില്‍ നിന്ന് മുകളിലേക്ക് ഉയര്‍ത്താതെ ബിജെപി പ്രതിരോധിക്കുന്നത് എങ്ങനെ എന്നതായിരിക്കും ഇടത് വലതുമുന്നണികള്‍ നേരിടുന്ന വെല്ലുവിളി. ബിജെപി ത്രികോണ മത്സര സാധ്യത ഉയര്‍ത്തുന്നതിനാല്‍ സിറ്റിംഗ് സീറ്റുകളല്ലെങ്കിലും ഭരണകക്ഷിയായ സിപിഐഎമ്മിന് ഈ രണ്ട് മണ്ഡലങ്ങളിലേക്കുള്ള മത്സരം ലോക്‌സഭാ തെരഞ്ഞെടുപ്പ് പോലെ നിര്‍ണായകവുമാണ്.

logo
The Cue
www.thecue.in