എതിര്‍ത്തിട്ടും മോദിക്ക് ക്ലീന്‍ ചിറ്റോട് ക്ലീന്‍ ചിറ്റ്, തിരഞ്ഞെടുപ്പ് കമ്മീഷന്റെ മീറ്റിംഗ് ബഹിഷ്‌കരിച്ച് കമ്മീഷണര്‍ ലാവാസ
ഞാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ബന്ധിതനായിരുക്കുകയാണ്. വിയോജന കുറിപ്പ് പോലും രേഖപ്പെടുത്താതെയാണ് തീരുമാനങ്ങള്‍.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അരോറയ്ക്ക് മേയ് നാലിന് എഴുതിയ കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലാവാസ കുറിച്ച വരികളാണിത്. പക്ഷാപാതപരമായ നിലപാടെടുക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെന്ന് കോണ്‍ഗ്രസും മറ്റ് പാര്‍ട്ടികളും ആരോപിക്കുമ്പോഴാണ് പരസ്യമായി വിയോജിപ്പ് ചൂണ്ടിക്കാണിച്ച് മീറ്റിംഗില്‍ നിന്ന് ലാവാസ വിട്ടുനില്‍ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്കും എതിരായ പെരുമാറ്റ ചട്ട ലംഘന പരാതികളില്‍ ഏകപക്ഷീയമായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പാനല്‍ ക്ലീന്‍ ചിറ്റ് നല്‍കിയതെന്ന് അശോക് ലവാസ ആവര്‍ത്തിക്കുന്നു.
പല പരാതികളിലും മോദിക്ക് എതിരെ നടപടി വേണമെന്നും താക്കീത് ചെയ്യണമെന്നും ലാവാസ മുന്നംഗ പാനലിനെ അറിയിച്ചിരുന്നെങ്കിലും സുനില്‍ അരോറ നേതൃത്വം നല്‍കുന്ന കമ്മീഷന്‍ രണ്ട് പേരുടെ ഭൂരിപക്ഷത്തില്‍ ലാവാസയുടെ എതിര്‍പ്പിന് മറികടക്കുകയായിരുന്നു. എന്നാല്‍ തന്റെ വിയോജന കുറിപ്പോടെ വേണം തീരുമാനമെന്ന ലാവാസയുടെ ന്യായമായ ആവശ്യം പോലും പരിഗണിക്കാതെ ഭൂരിപക്ഷ തീരുമാനം എന്ന നിലയിലാണ് കമ്മീഷന്‍ തീരുമാനങ്ങള്‍ അറിയിച്ചത്.
തന്റെ വിയോജനക്കുറിപ്പ് രേഖപ്പെടുത്താതെ തുടര്‍ന്നുള്ള യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന ഉറച്ച നിലപാടില്‍ലാണ് അശോക് ലാവാസ. മോദിക്കെതിരായ ഒന്‍പത് പരാതികളില്‍ നാലെണ്ണത്തിലെങ്കിലും കമ്മീഷനംഗം അശോക് ലവാസ വിയോജിച്ചു. പെരുമാറ്റചട്ടം നടപ്പാക്കുന്നതില്‍ സഹകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതാമെന്ന അദ്ദേഹത്തിന്റെ നിര്‍ദേശം പോലും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അരോറ തള്ളിക്കളയുകയായിരുന്നു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അരോറയും കമ്മീഷനംഗം സുശീല്‍ ചന്ദ്രയും മോദിക്ക് കത്തയക്കാനോ താക്കീത് നല്‍കാനോ തയ്യാറാവാതെ ക്ലീന്‍ചിറ്റ് നല്‍കുന്നത് തുടര്‍ന്നു. തന്റെ വിയോജിപ്പോടു കൂടി തീര്‍പ്പാക്കിയ പരാതികള്‍ വെബ്സൈറ്റില്‍ പ്രസിദ്ദീകരിക്കണമെന്ന ലവാസയുടെ ആവശ്യം പോലും മറ്റ് രണ്ടുപേരും തള്ളി.
മൂന്നംഗ പാനലില്‍ ഒരാള്‍ തുടര്‍ച്ചയായി വിയോജിപ്പ് രേഖപ്പെടുത്തിയിട്ടും അത് പരസ്യപ്പെടുത്താന്‍ പോലും തയ്യാറായിട്ടില്ല തിരഞ്ഞെടുപ്പ് കമ്മീഷന്‍.
പ്രധാനമന്ത്രി മോദിക്കെതിരായും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് എതിരായി നാല്പതില്‍ അധികം പരാതികളാണ് പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ടുള്ളത്. ഇവയൊന്നും കമ്മീഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ പോലും തയ്യാറായിട്ടില്ല.
തന്റെ അഭിപ്രായം രേഖപ്പെടുത്താത്ത യോഗങ്ങളില്‍ പങ്കെടുക്കുന്നത് അര്‍ത്ഥമില്ലാത്ത കാര്യമാണെന്ന് ലാവാസ പറയുന്നു. ലാവാസയടെ കത്ത് കിട്ടിയ ശേഷം തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അരോറ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരുന്നു. ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ പോലുള്ള തിരഞ്ഞെടുപ്പ് ഉത്തരവിനും തീരുമാനങ്ങള്‍ക്കും മാത്രമേ വിയോജിപ്പ് രേഖപ്പെടുത്തേണ്ട കാര്യമുള്ളുവെന്നും അല്ലാത്തവയ്ക്ക് വിയോജിപ്പോടെ പ്രസിദ്ധീകരിക്കേണ്ട കാര്യമില്ലെന്നുമാണ് കമ്മീഷണര്‍ ലാവാസയെ അറിയിച്ചത്.