കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിനെ സിപിഎം നേതാവും എംപിയുമായ എ.എം ആരിഫ് ആക്ഷേപിച്ചതായി ആരോപണം. കായംകുളത്തെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിടെയായിരുന്നു എം എം ആരിഫിന്റെ സ്ത്രീ വിരുദ്ധമായ പ്രസംഗം. പ്രസംഗത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇത് പാൽ സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പല്ല, കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പാണ് എന്നായിരുന്നു എ എം ആരിഫിന്റെ പരാമർശം. അരിതയുടെ പ്രാരാബ്ദം ചർച്ച ചെയ്യാനാണോ കേരളത്തിലെ തിരഞ്ഞെടുപ്പെന്ന് പ്രസംഗത്തിൽ എ എം ആരിഫ് ചോദിച്ചിരുന്നു. യു.ഡി.എഫ് സ്ഥാനാർഥിയായ അരിത ബാബു ക്ഷീരകര്‍ഷകയെന്ന നിലയിൽ പ്രദേശത്ത് പ്രവർത്തിച്ച് വരുന്നയാളാണ്. പ്രിയങ്ക ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ അരിതയുടെ പശുവളർത്തൽ കേന്ദ്രം സന്ദർശിച്ചിരുന്നു.
ലോക്സഭാ തിരെഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ എ വിജയരാഘവൻ നടത്തിയ സ്ത്രീ വിരുദ്ധ പരമാർശം യുഡിഎഫ് വലിയ തോതിൽ പ്രചാരണ ആയുധമാക്കിയിരുന്നു. എ എം ആരിഫിന്റെ പ്രസംഗം ഇതിനോടകം തന്നെ സൈബർ ഇടങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.