തോട് ചെന്ന് ഓടയില്‍ ലയിക്കും പോലെ, പി.ജെ ജോസഫ്-പി.സി തോമസ് ലയനത്തെ പരിഹസിച്ച് ജോസ് ടോം

തോട് ചെന്ന് ഓടയില്‍ ലയിക്കും പോലെ, പി.ജെ ജോസഫ്-പി.സി തോമസ് ലയനത്തെ പരിഹസിച്ച് ജോസ് ടോം
Published on

തോട് ചെന്ന് ഓടയില്‍ ലയിക്കുന്നതിനു സമാനമാണ് പിജെ ജോസഫിന്റെയും പി.സി തോമസിന്റെയും പാര്‍ട്ടികളുടെ ലയനമെന്ന് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി അഡ്വ.ജോസ് ടോം. കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ പേരും ചിഹ്നവും ഹൈജാക്ക് ചെയ്യാനായിരുന്നു പിജെ ജോസഫിന്റെ ശ്രമം. ഈ ശ്രമവുമായി ഹൈക്കോടതിയില്‍ എത്തിയ ജോസഫിനെ സുപ്രീം കോടതിയും, ഹൈക്കോടതിയും വരെ ഓടിച്ചു വിടുകയായിരുന്നുവെന്നും ജോസ് ടോം.

സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി കിട്ടിയതോടെ കടിച്ചതും പിടിച്ചതും ഇല്ലെന്ന അവസ്ഥയിലാണ് ഇപ്പോള്‍ പി.ജെ ജോസഫ് എന്നും ജോസ് ടോം.

കെ.എം മാണി സാറിന്റെ യഥാര്‍ത്ഥ പിന്‍ഗാമികള്‍ തങ്ങളാണ് എന്നാണ് ജോസഫ് വിഭാഗം പറഞ്ഞു നടന്നിരുന്നതെന്നും ജോസ് ടോം പരിഹസിച്ചു. എന്‍.ഡി.എയില്‍ തുടര്‍ച്ചയായി അവഗണന നേരിടുന്നുവെന്ന് കാട്ടിയാണ് പിസി തോമസ് എന്‍ഡിഎ മുന്നണി വിട്ടത്. പി.സി തോമസിന്റെ പാര്‍ട്ടി പിജെ ജോസഫ് വിഭാഗത്തിന്റെ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ലയിക്കും. പി.ജെ ജോസഫ് പാര്‍ട്ടി ചെയര്‍മാനും പി. സി തോമസ് ഡെപ്യൂട്ടി ചെയര്‍മാനുമാകും. മോന്‍സ് ജോസഫിന് വൈസ് ചെയര്‍മാന്‍ സ്ഥാനവും നല്‍കും. കടത്തുരുത്തിയില്‍ നടക്കുന്ന യോഗത്തിലാണ് ലയന പ്രഖ്യാപനം. എന്‍ഡിഎ മുന്നണിക്കുള്ളില്‍ മാന്യമായ പരിഗണന ലഭിച്ചില്ലെന്ന് പി.സി തോമസ്പറഞ്ഞു. കഴിഞ്ഞ തവണ നാലുസീറ്റില്‍ മത്സരിച്ചിരുന്നിടത്ത് ഇത്തവണ ഒരു സീറ്റ്പോലും തന്നില്ലെന്നും പി.സി തോമസ്.

രണ്ടില ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ച നടപടി ചോദ്യം ചെയ്ത് ജോസഫ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളിയിരുന്നു. ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് അറിയിക്കുകയായിരുന്നു. തെരഞ്ഞടുപ്പ് കമ്മീഷന്‍ രേഖകള്‍ പരിശോധിച്ചില്ലെന്ന ജോസഫ് വിഭാഗത്തിന്റെ വാദം സുപ്രിംകോടതി പരിഗണിച്ചില്ല.

Related Stories

No stories found.
logo
The Cue
www.thecue.in