മോദീ റാലിക്കായി ഇടിച്ചുനിരത്തിയത് 300 വീടുകള്‍; കുടിയൊഴിപ്പിച്ച് ക്രൂരമര്‍ദ്ദനം 

മോദീ റാലിക്കായി ഇടിച്ചുനിരത്തിയത് 300 വീടുകള്‍; കുടിയൊഴിപ്പിച്ച് ക്രൂരമര്‍ദ്ദനം 

Published on

ജയ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റാലിക്ക് മൈതാനിയൊരുക്കാന്‍ തകര്‍ത്തത് മുന്നൂറോളം വീടുകള്‍. മാനസസരോവറിന് സമീപം വിടി റോഡിലെ ഒരുചേരി ഒന്നടങ്കം ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഇടച്ചുനിരത്തുകയായിരുന്നു. മെയ് ഒന്ന് ബുധനാഴ്ചയായിരുന്നു നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റാലി. മുന്നോടിയായി ഞായറാഴ്ച രാവിലെ പൊലീസ് സ്ഥലത്തെത്തി ചേരി നിവാസികളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. സാധനസാമഗ്രികളുമായി വീടൊഴിയാന്‍ വളരെ കുറച്ച് സമയം മാത്രമാണ് ഇവര്‍ക്ക് നല്‍കിയത്. കുറച്ചുപേര്‍ക്ക് മാത്രമേ തങ്ങളുടെ സാധനങ്ങള്‍ സുരക്ഷിതമായി മാറ്റാന്‍ സമയം ലഭിച്ചുള്ളൂ. തുടര്‍ന്ന് അധികൃതര്‍ വീടുകള്‍ ഇടിച്ചുനിരത്തുകയും ചെയ്തു. ഇതോടെ കയറിക്കിടക്കാനിടമില്ലാതെ ഉഴലുകയാണ് ഇവിടത്തെ താമസക്കാര്‍. ദ വയറാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

മോദിയുടെ പരിപാടിക്കായി ഞങ്ങളുടെ വീടുകള്‍ മുഴുവന്‍ തകര്‍ത്തു. അങ്ങിനെയൊരു വീട് കെട്ടിപ്പൊക്കുന്നതിന് എത്ര കഷ്ടപ്പാടുണ്ടെന്നറിയാമോ? 500 രൂപ ചെലവുവരുന്ന കുടിലുണ്ടാക്കുക പോലും ഞങ്ങളെ സംബന്ധിച്ച് കടുത്ത പ്രതിസന്ധിയാണ്. 

ലളിത, വീട് നഷ്ടപ്പെട്ട യുവതി  

ദിവസക്കൂലിക്ക് തൊഴിലെടുക്കുന്നവരാണ് ഇവരിലേറെയും. ഞായറാഴ്ച മുതല്‍ ഇവര്‍ക്ക് ജോലിക്ക് പോകാന്‍ കഴിയുന്നില്ല. വീടുകള്‍ പൊളിച്ചുനീക്കിയതോടെ വസ്തു വകകളെല്ലാം റോഡരികിലാണ്. അതുപേക്ഷിച്ച് ജോലിക്കുപോയാല്‍ നഷ്ടപ്പെടുമോയെന്ന ഭീതിയും ഇവരെ അലട്ടുന്നു. ഏതുസമയവും പൊലീസെത്തി സാധനങ്ങള്‍ നീക്കം ചെയ്യാനുള്ള സാധ്യതയുണ്ട്. ഫലത്തില്‍ ഭക്ഷണം പോലുമുണ്ടാക്കി കഴിയാന്‍ സാധിക്കാതെ തെരുവിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുകയാണവര്‍. കുട്ടികളും സ്ത്രീകളും പ്രായമേറിയവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്.

ഞാന്‍ ഇവിടെയടുത്ത് ഒരു വീട്ടിലാണ് ജോലിക്ക് പോയിരുന്നത്. എന്നാല്‍ ഞായറാഴ്ച മുതല്‍ ലീവാണ്. റാലി നടക്കുന്നതിന്റെ പരിസരത്തുപോലുമുണ്ടാകരുതെന്നും മറിച്ച് സംഭവിച്ചാല്‍ വീട് തകര്‍ത്തത് പോലെ സാധനങ്ങളും നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഞങ്ങളുടെ കയ്യില്‍ ചില്ലി കാശില്ല, നാലു ദിവസമായി ഞങ്ങളില്‍ പലരും എന്തെങ്കിലും ഉണ്ടാക്കിയിട്ട്. പട്ടിണിയില്‍ കഴിയുകയാണ്.

പൂജ, വീട്ടമ്മ 

ചൂട് 45 ഡിഗ്രിവരെ എത്തുമ്പോഴാണ് ഇത്തരത്തില്‍ ഇവര്‍ കുടിയൊഴിപ്പിക്കപ്പെട്ടത്. ഇവര്‍ തങ്ങളുടെ മേഖലയില്‍ പ്രവേശിക്കുമോയെന്ന ആശങ്കയെത്തുടര്‍ന്ന് സമീപത്തെ താമസക്കാര്‍ ഇവര്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. അവര്‍ പൊലീസിലും പരാതിപ്പെടുന്നുണ്ട്. അതിനാല്‍ സാധനങ്ങളുമായി അലയേണ്ട ഗതികേടിലുമാണ് ഇവര്‍.

അമ്മമാര്‍ സാധനങ്ങള്‍ക്ക് കാവലിരുന്നപ്പോള്‍ ഞങ്ങള്‍ അപ്പുറത്തെ പാര്‍ക്കില്‍ തണലത്തിരിക്കാന്‍ പോയി, ആളുകള്‍ ഞങ്ങള്‍ക്കെതിരെ തിരിയുകയാണ്.   

ഗോവിന്ദ്, മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി 

റാലിക്ക് മുന്‍പത്തെ രാത്രിയില്‍ ചേരിനിവാസികളെ പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. പത്തിരുപത് വര്‍ഷമായി ഞങ്ങളിവിടെയാണ് കിടക്കാറാണ്. നല്ല രീതിയില്‍ കാറ്റുള്ളതിനാല്‍ കൊതുകുശല്യം കുറവാണ്. പൊലീസുകാര്‍ അതനുവദിച്ചില്ലെന്നുമാത്രമല്ല മര്‍ദ്ദിക്കുകയും ചെയ്തു.  മോദി പറയുന്നത് അദ്ദേഹം ഒരു സാധാരണ വീട്ടില്‍ നിന്ന് വന്നയാളെന്നാണ്. എന്നാല്‍ കുടിയിറക്കപ്പെട്ട ഞങ്ങളെപോലുള്ള പാവങ്ങളുടെ കാര്യത്തില്‍ അദ്ദേഹത്തിന് യാതൊരു താല്‍പ്പര്യവുമില്ല. 

കാളു, വീട് നഷ്ടപ്പെട്ടയാള്‍ 

സുരക്ഷാപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ചേരിഒഴിപ്പിച്ചതാണെന്നാണ് അധികൃതരുടെ വാദം. ഇവിടെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും കോളനി അതിന് പറ്റിയ ഇടമാണെന്നും അധികൃതര്‍ കുറ്റപ്പെടുത്തുന്നു.

ഞങ്ങള്‍ക്ക് വിദ്യാഭ്യാസമോ നല്ല ജോലിയോ ഇല്ലാത്തതിനാല്‍ ഭീകരവാദത്തിന് ഒത്താശ ചെയ്യുന്നുവെന്ന് വരുത്തുകയാണ്. പഠിപ്പും ജോലിയുമില്ലെന്ന് കരുതി രാജ്യത്തെ ഞങ്ങള്‍ ഉറ്റുകൊടുക്കില്ല. ഞങ്ങളുടെ വീട് നിന്നിടത്ത് സംഘടിപ്പിച്ച റാലിയില്‍ നിന്ന് പോലും ഞങ്ങളെ അകറ്റുകയായിരുന്നു. 

രാജു, കോളനി നിവാസി 

പൊലീസ് ഒരു വീടുപോലും തകര്‍ത്തിട്ടില്ലെന്നാണ് ജയ്പൂര്‍ സൗത്ത് എസ്പി യോഗേഷ് ഡാധിച്ചിന്റെ വിശദീകരണം. കുറച്ചു പേരെ ഞങ്ങളുടെ സംഘം പരിശോധിച്ചിരുന്നു. അവിടെ ഏതെങ്കിലും വീട് തകര്‍ക്കുകയെന്നത് സാധ്യവുമല്ലെന്ന് പറഞ്ഞ് പൊലീസ് കൈ കഴുകുകയാണ്. അതേസമയം ജയ്പൂരിലെ മോദിയുടെ റാലി പാര്‍ട്ടിയെ സംബന്ധിച്ച് നിരാശാജനകമായിരുന്നു. പ്രതീക്ഷിച്ച ജനാവലി പരിപാടിക്കെത്തിയില്ല.

logo
The Cue
www.thecue.in