18,000 പിഴയൊടുക്കണമെന്ന് ആര്‍ടിഒ; ജീവനൊടുക്കാന്‍ ഓട്ടോ ഡ്രൈവറുടെ ശ്രമം
വന്‍ തുക പിഴയടക്കാത്തതിനാല്‍ വണ്ടി പിടിച്ചെടുത്തതിനേത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഓട്ടോ ഡ്രൈവര്‍. ഗുജറാത്ത് അഹമ്മദാബാദ് രാജ്പൂര്‍ സ്വദേശി രാജേഷ് സോളങ്കിയാണ് (48) പിഴ അടയ്ക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഫിനൈയ്ല്‍ കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഒന്നരമാസം മുമ്പ് പൊലീസ് സോളങ്കിയുടെ ഓട്ടോ പിടിച്ചെടുത്തിരുന്നു. വണ്ടി പുറത്തിറക്കാനായി ആര്‍ടിഒയെ സമീപിച്ചപ്പോള്‍ പിഴത്തുകയായി 18,000 കെട്ടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പിഴത്തുകയില്‍ ഇളവ് കിട്ടാനും കടം വാങ്ങാനുമെല്ലാമുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് സോളങ്കി ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് മകന്‍ ഉജ്ജാവല്‍ പറഞ്ഞു.
ഞങ്ങളുടെ കുടുംബത്തിന്റെ ഏക ഉപജീവനമാര്‍ഗമാണ് അദ്ദേഹം. ഇത്രയും വലിയ തുക ഒപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു.
ഉജ്ജാവല്‍ സോളങ്കി
പുതുക്കിയ മോട്ടോര്‍വാഹന നിയമപ്രകാരമുള്ള പിഴ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പാണ് ഇത്രയും തുക ഫൈനിട്ടതെന്നും ഉജ്ജാവല്‍ ചൂണ്ടിക്കാട്ടി.
ഫിനൈല്‍ കുടിച്ചതിനേത്തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്ന രാജേഷ് സോളങ്കിയെ ജനറല്‍ വാര്‍ഡിലേക്ക് മാറ്റി. പിഴത്തുക സംബന്ധിച്ചുള്ള വിവരങ്ങള്‍ കേസില്‍ ചേര്‍ക്കുമെന്നും ആത്മഹത്യാശ്രമം നടത്തിയ സോളങ്കിയുടെ മൊഴിയെടുക്കുമെന്നും ഗോംതിപൂര്‍ പൊലീസ് പറഞ്ഞു.