ഫാക്ട് ചെക്കിംഗ് വെബ്‌സൈറ്റ് ആയ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനും മുഹമ്മദ് സുബൈറിന്റെ അറസ്റ്റിനെ അപലപിച്ച് എഡിറ്റേഴ്‌സ് ഗില്‍ഡ്. സുബൈറിനെ ഉടന്‍ വിട്ടയക്കണമെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അറസ്റ്റ് അസ്വസ്ഥപ്പെടുത്തുന്നതാണെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് പറഞ്ഞു.
'ഇന്ത്യന്‍ പീനല്‍ കോഡിലെ 153, 295 എന്നീ വകുപ്പ് പ്രകാരമാണ് സുബൈറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സുബൈറും അദ്ദേഹത്തിന്റെ ആള്‍ട്ട് ന്യൂസും നടത്തിയത് വളരെ ശ്രേഷ്ഠമായ മാധ്യമ പ്രവര്‍ത്തനമാണ് എന്നതുകൊണ്ട് തന്നെ ഈ അറസ്റ്റ് അസ്വസ്ഥപ്പെടുത്തുന്നതാണ്,' എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.
സുബൈറിന്റെ അറസ്റ്റിനെ അപലപിച്ച് സി.പി.ഐ.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തി. സത്യം പറയാനുള്ള അവകാശത്തെ ഇല്ലാതാക്കുകയാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. സുബൈറിന് എതിരായ കേസ് പിന്‍വലിച്ച് അദ്ദേഹത്തെ മോചിപ്പിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
മതവികാരം വ്രണപ്പെടുത്തി, വിദ്വേഷം പ്രോത്സാഹിപ്പിച്ചു എന്നീ കുറ്റങ്ങളാണ് സുബൈറിന് മേല്‍ ചുമത്തിയത്. ജൂണ്‍ 19ന് രാത്രി 11 മണിക്കായിരുന്നു സുബൈര്‍ ട്വീറ്റ് ചെയ്തത്. ഇത് കഴിഞ്ഞ് മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ അദ്ദേഹത്തിനെതിരെ കേസെടുത്തുവെന്നാണ് എഫ്.ഐ.ആര്‍ രേഖകള്‍ സൂചിപ്പിക്കുന്നത്.
ട്വീറ്റ് കണ്ട് മൂന്ന് മണിക്കൂറിനുള്ളില്‍ പുലര്‍ച്ചെ രണ്ട് മണിയോടെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥന്‍ അരുണ്‍ കുമാര്‍ എഫ്.ഐ.ആറിന്റെ ഉള്ളടക്കത്തില്‍ പറയുന്നു.
ഹനുമാന്‍ ഭക്ത് എന്ന ട്വിറ്റര്‍ പേരിലുള്ള ഒരാളുടെ പരാതിയിലാണ് കേസ്. എന്നാല്‍ പരാതിക്ക് കാരണമായ ട്വീറ്റില്‍ പ്രശ്നമൊന്നുമില്ലെന്ന് കണ്ടെത്തിയെന്നും പൊലീസ് പറയുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മറ്റൊരു ട്വീറ്റില്‍ മതവിദ്വേഷം വ്രണപ്പെടുത്തുന്ന ഉള്ളടക്കം കണ്ടതിനാലാണ് അറസ്റ്റെന്നാണ് പൊലീസ് വാദം.