ബിനീഷ് കോടിയേരിയുടെ വീട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ പരിശോധന തുടരവെ പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ച് ബന്ധുക്കള്‍. തിരുവനന്തപുരം മരുതംകുഴിയിലെ വീടിന് മുന്നിലാണ് പ്രതിഷേധം. ബിനീഷിന്റെ ഭാര്യയെയടക്കം വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇവരെ വീട്ടിലേക്ക് പ്രവേശിക്കാന്‍ ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയിരുന്നില്ല. അകത്തുള്ളവരെ ഇപ്പോള്‍ കാണാനാകില്ലെന്നാണ് ഉദ്യോഗസ്ഥര്‍ ബന്ധുക്കളെ അറിയിച്ചത്. പ്രവേശിപ്പിക്കുംവരെ കുത്തിയിരിപ്പ് തുടരുമെന്ന് ബന്ധുക്കള്‍ പറയുന്നു.
രണ്ട് സ്ത്രീകളും രണ്ടര വയസ്സുള്ള കുട്ടിയും വീട്ടിലുണ്ട്. അവര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് അറിയണം. വീട്ടിനുള്ളില്‍ എന്താണ് നടക്കുന്നതെന്ന് അറിയണം. വീട്ടുതടങ്കലിലാക്കിയ പോലെയാണ്. ഫോണില്‍ പോലും ബന്ധപ്പെടാനാകുന്നില്ല. മനുഷ്യത്വത്തിന്റെ പേരിലെങ്കിലും ഉള്ളിലുള്ളവരെ കാണാന്‍ അനുവദിക്കണം. മുഹമ്മദ് അനൂപിന്റെ ക്രെഡിറ്റ് കാര്‍ഡ് അന്വേഷണ ഉദ്യോഗസ്ഥര്‍ കൊണ്ടുവന്നുവെച്ചതായിരിക്കുമെന്നും ഇവര്‍ ആരോപിക്കുന്നു. ഇഡിയുടെ ഇത്തരം നടപടികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. അതേസമയം ബന്ധുക്കളെ ഇപ്പോള്‍ കാണേണ്ടെന്നാണ് ബിനീഷിന്റെ ഭാര്യ പറഞ്ഞതെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് ഇക്കാര്യം ബന്ധുക്കളെയും അറിയിച്ചു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഇത് ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാകാമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പൂജപ്പുര പൊലീസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കൊപ്പം കര്‍ണാടക പൊലീസും, സിആര്‍പിഎഫും ബിനീഷിന്റെ വീട്ടിലുണ്ട്. ഇവിടുത്തെ പരിശോധന 23 മണിക്കൂര്‍ പിന്നിട്ടു. രാത്രിയോടെ റെയ്ഡ് അവസാനിച്ചെങ്കിലും കണ്ടെടുത്ത രേഖകളും മറ്റും രേഖപ്പെടുത്തി മഹസറില്‍ ഒപ്പിടാന്‍ ബിനീഷിന്റെ ഭാര്യ വിസമ്മതിച്ചു. വീട്ടില്‍ നിന്ന് കണ്ടെടുത്ത മുഹമ്മദ് അനൂപിന്റേതെന്ന് പറയപ്പെടുന്ന ക്രെഡിറ്റ് കാര്‍ഡ്, ഉദ്യോഗസ്ഥര്‍ കൊണ്ടുവെച്ചതാണെന്നാണ് ബിനീഷിന്റെ ഭാര്യ പറയുന്നത്.