സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളില്‍ തുടരന്വേഷണത്തിനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇ.ഡി ഉടന്‍ കോടതിയെ സമീപിക്കും. കള്ളപ്പണ കേസില്‍ ഇ.ഡി കുറ്റപത്രം നല്‍കിയെങ്കിലും പുതിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിലേക്ക് നീങ്ങുന്നത്.
മുഖ്യമന്ത്രി, മകള്‍, ഭാര്യ, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, മുന്‍ മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് വിദേശത്തേക്ക് കറന്‍സി കടത്തിയ ഇടപാടില്‍ പങ്കുണ്ടെന്നാണ് സ്വപ്നയുടെ മൊഴി. കള്ളപ്പണ ഇടപാട് സംബന്ധിച്ചുള്ള വെളിപ്പെടുത്തല്‍ ആയതിനാല്‍ മൊഴി പകര്‍പ്പ് പരിശോധിച്ച് പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെങ്കില്‍ തുടരന്വേഷണം ആരംഭിക്കാനാണ് ഇ.ഡിയുടെ നീക്കം. സ്വര്‍ണക്കടത്ത് അന്വേഷണ ഘട്ടത്തില്‍ സ്വപ്ന, സമാനമായ രഹസ്യമൊഴി കസ്റ്റംസിന് നല്‍കിയിരുന്നു. അന്ന് മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് സംഘം അന്വഷണം നടത്തിയിരുന്നെങ്കിലും 2016 ലെ സംഭവത്തിന് തെളിവ് ലഭിച്ചില്ലെന്നും കോണ്‍സുലേറ്റ് ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി ലഭിച്ചില്ലെന്നും ചൂണ്ടികാട്ടി അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് മുഖ്യമന്ത്രി അടക്കമുള്ളവരെ ഒഴിവാക്കിയാണ് കസ്റ്റംസ് കുറ്റപത്രം നല്‍കിയത്. അന്ന് തന്നെ സ്വപ്നയുടെ മൊഴി പകര്‍പ്പ് ആവശ്യപ്പെട്ട് ഇ.ഡി കോടതിയെ സമീപിച്ചിരുന്നെങ്കിലും മൊഴി പകര്‍പ്പ് നകുന്നതിനെ കസ്റ്റംസ് എതിര്‍ക്കുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തിരുന്നു.
ബിരിയാണി ചെമ്പില്‍ ലോഹ വസതുക്കള്‍ കടത്തി എന്നതടക്കമുള്ള പുതിയ ആരോപണങ്ങളും മൊഴിയിലുണ്ട്. സ്വപ്ന സുരേഷ് നേരിട്ട് കോടതിയില്‍ നല്‍കിയ മൊഴി ആയതിനാല്‍ ഇ.ഡിക്ക് എതിര്‍പ്പില്ലാതെ തന്നെ മൊഴി പകര്‍പ്പ് നേടാനാകും. ഇതിനായി ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കാനാണ് ഇ.ഡിയുടെ നീക്കം.