ടീച്ചര്‍ റിക്രൂട്ട്‌മെന്റ് അഴിമതി: അര്‍പ്പിതയില്‍ നിന്ന് 20 കോടി കണ്ടെടുത്തു; ബംഗാള്‍ മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇ.ഡി

ടീച്ചര്‍ റിക്രൂട്ട്‌മെന്റ് അഴിമതി: അര്‍പ്പിതയില്‍ നിന്ന് 20 കോടി കണ്ടെടുത്തു; ബംഗാള്‍ മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇ.ഡി
Published on

പശ്ചിമ ബംഗാള്‍ വ്യവസായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ അറസ്റ്റ് ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ടീച്ചര്‍ റിക്രൂട്ട്‌മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനും റെയ്ഡിനും ശേഷമാണ് അറസ്റ്റ്.

അടുത്ത അനുയായി ആയ അര്‍പ്പിത മുഖര്‍ജിയുടെ വസതിയില്‍ നിന്ന് 20 കോടി രൂപയുടെ നോട്ടുകള്‍ കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ത്ഥ ചാറ്റര്‍ജിയ്ക്കും കുരുക്ക് മുറുകിയത്.

പാര്‍ത്ഥ ചാറ്റര്‍ജിയുടെ പേഴ്‌സണല്‍ സെക്രട്ടറി ശുകാന്ത ആചാര്യയെയും ഇ.ഡി. ശനയാഴ്ച അറസ്റ്റ് ചെയ്തു. മന്ത്രി ചോദ്യം ചെയ്യലിനോട് സഹകിരക്കുന്നില്ലെന്ന് ഇ.ഡി. ഉദ്യോഗസ്ഥന്‍ അറിയിച്ചു.

പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷനിലെയും പശ്ചിമ ബംഗാള്‍ പ്രൈമറി എജുക്കേഷന്‍ ബോര്‍ഡിലെയും റിക്രൂട്ട്‌മെന്റില്‍ നടന്ന അഴിമതിയിലൂടെ കിട്ടിയ പണമാണ് കണ്ടെടുത്ത 20 കോടിയെന്നാണ് ഇ.ഡിയുടെ നിഗമനം. മുന്‍ വിദ്യാഭ്യാസ മന്ത്രികൂടിയായ പാര്‍ത്ഥ ചാറ്റര്‍ജിക്ക് അഴിമതിയില്‍ പങ്കുണ്ടെന്നും ഇ.ഡി. സംശയിക്കുന്നു.

പശ്ചിമ ബംഗാള്‍ പ്രൈമറി എജുക്കേഷന്‍ ബോര്‍ഡ്, പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷന്‍, എന്നിവയിലെ റിക്രൂട്ട്‌മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളില്‍ ഇ.ഡി. റെയ്ഡ് നടത്തിയപ്പോഴാണ് പണം കണ്ടെടുത്തത്. റിക്രൂട്ട്‌മെന്റില്‍ അഴിമതി നടന്നിട്ടുണ്ടോ എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്.

അര്‍പ്പിതയുടെ വീട്ടില്‍ നിന്ന് 2000ത്തിന്റെയും 500ന്റെയും നോട്ടുകളായിട്ടാണ് പണം കണ്ടെടുത്തത്. പാര്‍ത്ഥ ചാറ്റര്‍ജിയുടെ അടുത്ത സുഹൃത്തായ അര്‍പ്പിത സിനിമ നടികൂടിയാണ്. ബംഗാളി, ഒഡിയ, തമിഴ് സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in