ഡി.വൈ.എഫ്.ഐ അഗ്നിപഥ് പ്രതിഷേധത്തില്‍ സംഘര്‍ഷം; എ.എ റഹിമിനെയും പ്രതിഷേധക്കാരെയും അറസ്റ്റ് ചെയ്തു

ഡി.വൈ.എഫ്.ഐ അഗ്നിപഥ് പ്രതിഷേധത്തില്‍ സംഘര്‍ഷം; എ.എ റഹിമിനെയും പ്രതിഷേധക്കാരെയും അറസ്റ്റ് ചെയ്തു
Published on

അഗ്നിപഥ് പദ്ധതിക്കെതിരെ ഡി.വൈ.എഫ്.ഐ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം. എ.എ. റഹിം എം.പിയുള്‍പ്പെടെയുള്ളവരെ വലിച്ചിഴച്ച് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

വളരെ ക്രൂരമായാണ് പ്രതിഷേധിച്ചവരോട് പൊലീസ് പെരുമാറിയതെന്ന് എഎ റഹിം എം.പി പറഞ്ഞു. ജനാധിപത്യപരമായി, നിരായുധരായി പ്രകടനം നടത്തിയ ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ പ്രവര്‍ത്തകരെയാണ് ക്രൂരമായി അക്രമിച്ചത്. ഇന്നുണ്ടായ ജനാധിപത്യവിരുദ്ധമായ ആക്രമണത്തില്‍ ശക്തമായി അപലപിക്കുന്നുവെന്നും എം.പി പറഞ്ഞു.

എം.പിയാണെന്നറിഞ്ഞിട്ടും തനിക്കെതിരെ ക്രൂരമായ കായിക ആക്രമണം ഉണ്ടായി. പിടിച്ചു കൊണ്ട് പോയിക്കൊണ്ടിരിക്കുന്ന വാഹനത്തിനകത്ത് ഇപ്പോഴും സംഘര്‍ഷഭരിതമായ അവസ്ഥയാണ്. ഒരു വനിതാ എസ്.എഫ്.ഐ പ്രവര്‍ത്തകയുടെ വസ്ത്രം തന്നെ വലിച്ച് കീറുന്ന സ്ഥിതിയുണ്ടായെന്നും റഹിം എം.പി പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു റഹിമിന്റെ പ്രതികരണം.

എ എ റഹിം പറഞ്ഞത്

വളരെ ക്രൂരമായാണ് പൊലീസ് പെരുമാറിയത്. ജനാധിപത്യവിരുദ്ധമായാണ് പൊലീസ് പെരുമാറിയത്. ജനാധിപത്യപരമായി, നിരായുധരായി പ്രകടനം നടത്തിയ ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ പ്രവര്‍ത്തകരെയാണ് ക്രൂരമായി അക്രമിച്ചത്. ഞങ്ങളെ പിടിച്ചു കൊണ്ട് പോയിക്കൊണ്ടിരിക്കുന്ന വാഹനത്തിനകത്ത് ഇപ്പോഴും സംഘര്‍ഷഭരിതമായ അവസ്ഥയാണ്. ഒരു വനിതാ എസ്.എഫ്.ഐ പ്രവര്‍ത്തകയുടെ വസ്ത്രം തന്നെ വലിച്ച് കീറി. എം.പിയാണെന്നറിഞ്ഞിട്ടും ക്രൂരമായ കായിക ആക്രമണം ഉണ്ടായി. വളരെ രൂക്ഷമായി എന്തിനാണ് പൊലീസ് പെരുമാറുന്നത്?

ജനാധിപത്യപരമായ സമരങ്ങളെ അടിച്ചമര്‍ത്തി എത്രകാലമാണ് നരേന്ദ്രമോദി സര്‍ക്കാരിന് ഇവിടെ ഭരിക്കാന്‍ കഴിയുക? ഇനിയും ഈ തെരുവിലേക്ക് ഞങ്ങള്‍ മടങ്ങി വരിക തന്നെ ചെയ്യും. അതില്‍ ഒരു സംശയവും വേണ്ട. ശക്തമായ പ്രതിഷേധവുമായി രാജ്യത്തെ വിദ്യാര്‍ത്ഥികളും യുവതീ യുവാക്കളും എത്തും. അതിന് നരേന്ദ്ര മോദിയുടെ പൊലീസിന് ഞങ്ങളെ തടയാന്‍ ആകില്ല. ശക്തമായി തിരിച്ചുവരും. വിദ്യാര്‍ത്ഥിനികളെ പൊലീസ് ആണ് ക്രൂരമായി ആക്രമിച്ചത്. തോറ്റ് പിന്‍മടങ്ങാന്‍ ഉദ്ദേശമില്ല. കൂടുതല്‍ ആയുധങ്ങളുമായി വന്നാലും വരും മണിക്കൂറുകളില്‍ ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും ഇടതുപക്ഷ യുവജന സംഘടനകളെ ആകെ ഏകോപിപ്പിച്ചുകൊണ്ട് ശക്തമായ പ്രതിഷേധത്തിന് ഡി .വൈ.എഫ്.ഐ നേതൃത്വം നല്‍കും. ഇന്നുണ്ടായ ജനാധിപത്യവിരുദ്ധമായ ആക്രമണത്തില്‍ ശക്തമായി അപലപിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in