സഹപ്രവര്‍ത്തകനായ പാര്‍ട്ടി സഖാവിന് കരള്‍ പകുത്തു നല്‍കി ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗവും, കരകുളം മേഖല ജോയിന്റ് സെക്രട്ടറിയുമായ പ്രിയങ്ക. കരള്‍ രോഗബാധിതനായി ചികിത്സയില്‍ കഴിയുന്ന സി.പി.ഐ.എം പേരൂര്‍ക്കട ഏരിയാ സെക്രട്ടറി എസ്.എസ് രാജാലാലിനാണ് പ്രിയങ്ക കരള്‍ പകുത്തുനല്‍കിയത്.
രോഗം മൂര്‍ച്ഛിച്ച രാജാലാലിന് തന്റെ കരള്‍ മാച്ചാകുമെങ്കില്‍ നല്‍കാന്‍ തയ്യാറാണെന്ന് പ്രിയങ്ക അറിയിക്കുകയായിരുന്നു. തീരുമാനം താന്‍ സ്വയം ഏറ്റെടുത്തതാണെന്നും താത്പര്യങ്ങളോ മറ്റുള്ളവരുടെ സ്വാധീനമോ ഒന്നും തന്നെയില്ലെന്നും ഞാന്‍ ആത്മാര്‍ത്ഥമായി തന്നെ പറഞ്ഞു.
രാജാലാലിന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണന്നും എത്രയും പെട്ടന്ന് സര്‍ജറി വേണമെന്നും ആശുപത്രിയില്‍ നിന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ജൂലൈ 12ന് രാവിലെ സര്‍ജറി നടത്തി. ജീവിച്ചിരിക്കുമ്പോള്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യമാണിതെന്നും ആകെയുള്ള ഒരു ജന്‍മം കൊണ്ട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും നന്‍മയാണിതെന്ന് താന്‍ ഉറച്ചു വിശ്വസിക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു.
സര്‍ജറി കഴിയുന്നത് വരെ ആരും താനാണ് ഡോണര്‍ എന്ന വിവരം പുറത്ത് അറിയരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നെന്ന് പ്രിയങ്ക കുറിപ്പില്‍ പറഞ്ഞു. കരള്‍ മാറ്റ ശസ്ത്രക്രിയ നടന്നതിനെക്കുറിച്ച് കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്ക് വെച്ച കുറിപ്പിലൂടെയാണ് പുറംലോകമറിഞ്ഞത്.
രാജാലാല്‍ തിരികെ സാധാരണ ജീവിതത്തിലേക്ക് വന്നു കൊണ്ടിരിക്കുകയാണെന്ന് കടകംപള്ളി സുരേന്ദ്രനും പ്രിയങ്കയും അറിയിച്ചു.
കൂടെപിറപ്പുകള്‍ പോലും അവയവദാനത്തിന് മടിക്കുന്ന ഈ കാലത്ത് ഒരു സഖാവിന് കരള്‍ പകുത്ത് നല്‍കാന്‍ തയ്യാറായ പ്രിയങ്കയോടുള്ള നന്ദി പറഞ്ഞറിയിക്കുവാന്‍ കഴിയുന്നതല്ല. പ്രിയങ്ക ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി തിരുവനന്തപുരത്ത് വീട്ടില്‍ വിശ്രമത്തിലാണ്. ഇന്നും പ്രിയങ്കയെ വിളിച്ചു സുഖവിവരം അന്വേഷിച്ചിരുന്നു. പ്രിയങ്ക പറയുന്നത് സാധാരണ ജീവിതത്തിലേക്ക് മടങ്ങി എത്തി എന്നാണ്. പ്രിയങ്ക വളരെ പെട്ടെന്ന് തന്നെ പൂര്‍ണ ആരോഗ്യവതിയാവട്ടെ എന്ന് ആശംസിക്കുന്നുവെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.