സഹജീവിസ്നേഹം നെഞ്ചിലേറ്റാനുള്ള മാസമാണ് റമദാൻ; മലപ്പുറത്ത് വന്ന് ആരും വിശന്നിരിക്കില്ല; വിശദീകരണവുമായി ഡോ ഷിംന അസീസ്

സഹജീവിസ്നേഹം നെഞ്ചിലേറ്റാനുള്ള മാസമാണ് റമദാൻ; മലപ്പുറത്ത് വന്ന് ആരും വിശന്നിരിക്കില്ല; വിശദീകരണവുമായി ഡോ ഷിംന അസീസ്
Published on

റമദാന്‍ മാസത്തിൽ മലപ്പുറം ജില്ലയില്‍ ഹോട്ടലുകള്‍ തുറക്കുന്നില്ലെന്നും ഭക്ഷണം ലഭിക്കുന്നില്ലെന്നുമുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സാഹചര്യത്തിൽ സംഭവത്തെക്കുറിച്ചുള്ള വിശദീകരണവുമായി മലപ്പുറംകാരിയായ ഡോ. ഷിംന അസീസ്. ഹോട്ടലില്‍ ഇരുന്ന് കഴിക്കാന്‍ പറ്റില്ലെന്നത് സര്‍ക്കാര്‍ നിയന്ത്രണമാണെന്നും മലപ്പുറത്തെ നിയന്ത്രണമല്ലെന്നും ഷിംന അസീസ് പറയുന്നു. മലപ്പുറം ജില്ലയില്‍ മാത്രമല്ല, ഒരുവിധം എല്ലാ ജില്ലകളിലും മുസ്ലിങ്ങളുടെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ റമദാനില്‍ തുറക്കാറില്ലെന്നും എന്നാല്‍ മഞ്ചേരി ടൗണിലടക്കം തുറന്ന് വെക്കുന്ന ഹോട്ടലുകള്‍ ഇഷ്ടം പോലെയുണ്ടെന്നും ഷിംന അസീസ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി.

പിഎസ്എസി പരീക്ഷയ്ക്ക് മലപ്പുറത്തെത്തി ഭക്ഷണം കിട്ടാതെ വലഞ്ഞെന്ന ഒരാളുടെ പോസ്റ്റും കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. ഹിന്ദു ഐക്യവേദി നേതാവ് ശശികലയടക്കം ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,

ഇല്ലോളം വൈകിയാണേലും നോമ്പ്കാലത്ത് ഇതര മതസ്ഥര്‍ക്ക് പട്ടിണി കിടക്കേണ്ടി വരുന്ന കദനകഥ പുറത്ത് വന്നല്ലോ. പേരില്‍ ഒരു ‘പള്ളി’ ഉള്ളതോണ്ട് കരുനാഗപ്പള്ളിയാണ് ഇത്തവണത്തെ വേട്ടമൃഗം. മഞ്ചേരിയുടെ പരിസരപ്രദേശത്ത് PSC എഴുതാന്‍ വന്ന വിശന്നുവലഞ്ഞ ചേട്ടനേയും പരിചയപ്പെടാന്‍ സാധിച്ചു. പാഴ്സല്‍ കൊടുത്തു, ഇരുന്ന് കഴിക്കാന്‍ പറ്റൂലാന്ന് പറഞ്ഞൂത്രേ. അത് മലപ്പുറത്തെ നിയമമല്ല, സര്‍ക്കാര്‍ നിയന്ത്രണമാണ് എന്നത് ശ്രദ്ധിക്കുമല്ലോ. കിട്ടിയ ഫുഡ് വാങ്ങീട്ട് ആ പരീക്ഷയുള്ള സ്‌കൂള്‍ പരിസരത്തെങ്ങാന്‍ പോയിരുന്ന് കഴിച്ചൂടായിരുന്നോ? ഇല്ലെങ്കില്‍ ചുറ്റുമുള്ള ആരോടെങ്കിലും എവിടിരുന്ന് കഴിക്കുമെന്ന് ചോദിച്ചൂടായിരുന്നോ? ശരിക്കും എന്താ നിങ്ങടെ പ്രശ്നം?

ജോലിസംബന്ധമായി ഇഷ്ടം പോലെ യാത്ര ചെയ്യുന്നത് കൊണ്ട് വേറൊരു കാര്യം കൂടിയറിയാം. മലപ്പുറം ജില്ലയില്‍ മാത്രമല്ല, ഒരു വിധം എല്ലാ ജില്ലകളിലും മുസ്ലിങ്ങളുടെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ റമദാനില്‍ തുറക്കാത്ത പ്രതിഭാസമുണ്ട്. എന്നാല്‍ നിങ്ങള്‍ ഈ പറഞ്ഞ മഞ്ചേരി ടൗണിലടക്കം തുറന്ന് വെക്കുന്ന ഹോട്ടലുകള്‍ ഇഷ്ടം പോലെയുണ്ട്. ടൗണില്‍ ഒന്നന്വേഷിച്ചാല്‍ പറഞ്ഞ് തരും, വീടുകളില്‍ ചോദിച്ചാല്‍ അവിടെ അന്നേരമുള്ള ഭക്ഷണം എടുത്ത് തന്നെങ്കിലും നിങ്ങളുടെ വിശപ്പും ദാഹവും മാറ്റും. ഞങ്ങളുടെ നാട്ടില്‍ വന്ന് ആരും വിശന്ന് തിരിച്ച് പോകുന്ന സംസ്‌കാരമല്ലിവിടെ. ഇനി അതിനും വയ്യെങ്കില്‍ വളരെ നല്ല സര്‍വ്വീസുള്ള പ്രാദേശിക ഫുഡ് ഡെലിവറി ആപ്പുകളുണ്ട്.

പിന്നെ, ഇത് പോലെ കണ്ണടച്ച് പിടിച്ച് തിരഞ്ഞാല്‍ കിട്ടൂല. ഹലാല്‍ കഴിക്കൂലാന്ന് ശപഥം ചെയ്ത സംഘിച്ചേട്ടന്‍ കൃത്യമായി താടിയുള്ള കാക്കാന്റെ കടയില്‍ പോയി നാരങ്ങവെള്ളം ചോദിച്ചു എന്നൊക്കെ പറഞ്ഞാല്‍ വിശ്വസിക്കാന്‍ വായിക്കുന്നോര്‍ക്ക് തലക്ക് സുഖമില്ലാതിരിക്കുകയല്ല എന്നൂടി ഓര്‍ക്കുമല്ലോ.

ഞങ്ങള്‍ പട്ടിണി കിടക്കുന്നത് കൊണ്ട് ഒരിക്കലും നിങ്ങള്‍ വിശന്നിരിക്കേണ്ടി വരില്ല സുഹൃത്തേ. റമദാന്‍ എന്നാല്‍ ഞങ്ങള്‍ക്ക് ‘സഹജീവിസ്നേഹം’ എന്ന കര്‍മ്മം കൂടി നെഞ്ചിലേറ്റാനുള്ള മാസമാണ്. കൈവശമുള്ള വര്‍ഗീയതയുടെ വിഷം ഇങ്ങോട്ടൊഴിക്കാതെ നിങ്ങള്‍ തന്നെ അണ്ണാക്ക് തൊടാതെ മുഴുവനായും കുടിച്ചോളൂ. നെറുകംതല മുതല്‍ പാദം വരെ ബില്‍ട്ട് ഇന്‍ വെനം ആയതോണ്ട് നിങ്ങള്‍ക്കത് ഏല്‍ക്കാന്‍ ചാന്‍സില്ല.

അപ്പ ശരി, ധ്വജപ്രണാമം ജീ.

സസ്നേഹം,

ഒരു മലപ്രത്തുകാരി.

Related Stories

No stories found.
logo
The Cue
www.thecue.in