'അന്ന് ഇന്ത്യ ചര്‍ച്ച ചെയ്തിരുന്നത് ചാണകത്തെപ്പറിയല്ല, ചന്ദ്രനെപറ്റിയാണ്, വീരവാദങ്ങളില്ലാതിരുന്ന മുന്‍പ്രധാനമന്ത്രി'; കുറിപ്പ്

'അന്ന് ഇന്ത്യ ചര്‍ച്ച ചെയ്തിരുന്നത് ചാണകത്തെപ്പറിയല്ല, ചന്ദ്രനെപറ്റിയാണ്, വീരവാദങ്ങളില്ലാതിരുന്ന മുന്‍പ്രധാനമന്ത്രി'; കുറിപ്പ്
Published on

മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ കുറിച്ച് ഡോക്ടറും സാമൂഹിക നിരീക്ഷകനുമായ നെല്‍സണ്‍ ജോസഫ്. അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു കുറിപ്പ്. ഡിപ്ലോമാറ്റിക് തീരുമാനങ്ങളേക്കാള്‍ തള്ളുകളോ സ്തുതിപാടലോ അല്ല വേണ്ടതെന്ന് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നെല്‍സണ്‍ ജോസഫ് പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'മന്‍മോഹന്‍ സിങ് ഭരിച്ചിരുന്ന 10 വര്‍ഷം ഇന്ത്യക്കാര്‍ക്ക് ഭയം തോന്നിയിരുന്നില്ല. അയാളെ മിണ്ടാപ്പൂച്ചയെന്ന് വിളിക്കാനോ ഒരിന്ത്യക്കാരനും പേടി തോന്നിയിട്ടില്ല. ഇന്ത്യയുടെ പ്രധാനമന്ത്രിയെ അപമാനിക്കരുതെന്ന് പറഞ്ഞ് ഒരു ദേശസ്‌നേഹിയും വന്നിരുന്നില്ല. അതിന്റെ പേരില്‍ പാക്കിസ്ഥാനിലേക്ക് പോവാനും പറഞ്ഞിട്ടില്ല. അന്ന് ഇന്ത്യ ചര്‍ച്ച ചെയ്തിരുന്നത് ചാണകത്തെപ്പറ്റിയല്ല , ചന്ദ്രനെപ്പറ്റിയായിരുന്നു. പ്രതിമ പണിയുന്നതിന്റെ പത്തിലൊന്ന് ചിലവില്‍ ചൊവ്വയിലേക്ക് പര്യവേക്ഷണം നടത്തിയിരുന്നു', നെല്‍സണ്‍ ജോസഫ് കുറിച്ചു.

'അന്ന് ഇന്ത്യ ചര്‍ച്ച ചെയ്തിരുന്നത് ചാണകത്തെപ്പറിയല്ല, ചന്ദ്രനെപറ്റിയാണ്, വീരവാദങ്ങളില്ലാതിരുന്ന മുന്‍പ്രധാനമന്ത്രി'; കുറിപ്പ്
വെടിവെപ്പല്ല, മുഖാമുഖം ഏറ്റുമുട്ടലെന്ന് വിശദീകരണം, ചൈനീസ് അതിര്‍ത്തിയില്‍ സൈനികര്‍ കൊല്ലപ്പെടുന്നത് 45 വര്‍ഷത്തിന് ശേഷം 

പോസ്റ്റിന്റെ പൂര്‍ണരൂപം:

ഡിപ്ലോമാറ്റിക് തീരുമാനങ്ങളെടുക്കാന്‍ തള്ളുകളോ സ്തുതിപാടലോ അല്ല വേണ്ടതെന്ന് ഇനിയെങ്കിലും മിത്രങ്ങള്‍ക്ക് മനസിലാവുമോ എന്ന് അറിയില്ല. അതിര്‍ത്തിയിലെ സംഭവവികാസങ്ങളെക്കുറിച്ച് കേള്‍ക്കുമ്പൊ ഓര്‍മ വരുന്നത് ഇതാണ്. മിണ്ടാപ്രാണിയെന്ന് വിളിച്ച് പരിഹസിച്ചിരുന്ന, സാധാരണ നെഞ്ചളവ് മാത്രം പറയാനുണ്ടായിരുന്ന ഒരു പ്രൈം മിനിസ്റ്ററുടെ കഥയാണ്.

2005 ജൂലൈ 18, അന്നായിരുന്നു ഇന്ത്യയും അമേരിക്കയും തമ്മിലെ ആണവക്കരാര്‍ ഒപ്പു വച്ചുവെന്ന പ്രഖ്യാപനം വരേണ്ടിയിരുന്നത്. തൊട്ടുതലേന്ന് പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് പറയുന്നു നമുക്ക് അത് വേണ്ട എന്ന്. സംഭവിച്ചതെന്തായിരുന്നു?

അമേരിക്കയിലേക്ക് പോവുന്നതിനു മുന്‍പേ ആറുതൊട്ട് എട്ട് ആണവറിയാക്ടറുകളുടെ കാര്യം വരെ തീരുമാനമായിരുന്നു. എന്നാല്‍ ഇന്ത്യയ്ക്ക് ഒരു പണി കൊടുക്കാനാണോ എന്നറിയില്ല, അവിടെച്ചെല്ലുമ്പോള്‍ രണ്ട് റിയാക്ടറിന്റെ കാര്യമേ നടക്കൂ എന്ന് പറയുന്നു. സിംഗ് ഇടപെട്ടത് അങ്ങനെയാണ്.

അറ്റോമിക് എനര്‍ജി കമ്മീഷന്റെ ചെയര്‍മാനും നാഷണല്‍ സെക്യൂരിറ്റി അഡൈ്വസറും ഈ സംഖ്യയുമായി ഒത്തുപോവുന്നില്ലെങ്കില്‍ നമുക്ക് ഈ ഡീല്‍ വേണ്ടെന്ന് വയ്ക്കാമെന്ന് അന്ന് തീരുമാനിച്ചു. വിവരം വൈറ്റ് ഹൗസില്‍ അറിഞ്ഞു. കിട്ടുന്നതും വാങ്ങി ഇന്ത്യ പോവുമെന്ന് കരുതിയവര്‍ ഒന്ന് ഇളകി. യു.എസ്. സെക്രട്ടറി ഓഫ് സ്റ്റേറ്റ് കോണ്ടലീസ റൈസിനെ മന്മോഹന്‍ സിങ്ങിനെ കണ്ട് സംസാരിക്കാന്‍ പ്രസിഡന്റ് അയച്ചു.

മന്മോഹന്‍ സിംഗ് റൈസിനെ കാണാന്‍ കൂട്ടാക്കിയില്ല. പകരം എക്‌സ്റ്റേണല്‍ അഫയേഴ്‌സ് മിനിസ്റ്ററെ അവര്‍ കാണുന്നു. ഇന്ത്യയുടെ നിലപാടില്‍ യാതൊരു മാറ്റവുമില്ല എന്ന് വ്യക്തമായി അറിയിക്കുന്നു. ഇന്ത്യയ്ക്ക് സമ്മതമുള്ള ഒരു ഡീലിലെത്തിയാണു മന്മോഹന്‍ സിംഗ് ഡീലിനു സമ്മതം നല്‍കിയത്.

അമേരിക്കയോട് പോയി പണി നോക്കിക്കൊള്ളാന്‍ പറയാന്‍ അയാള്‍ക്ക് യാതൊരു മടിയുമില്ലായിരുന്നു. അത് പാടിനടക്കാന്‍ അധികമാരും ഒന്നും ഉണ്ടായിരുന്നില്ല എന്ന് മാത്രം. തീര്‍ന്നില്ല., 2005 ല്‍ ജെ.എന്‍.യുവില്‍ അന്നത്തെ പ്രധാനമന്ത്രി മന്മോഹന്‍ സിങ്ങിനു കരിങ്കൊടി കാണിച്ചു. സംഭവം വലിയ വാര്‍ത്തയായി. ജെ.എന്‍.യു അഡ്മിനിസ്‌റ്റ്രേഷന്‍ ഇടപെട്ടു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയാരംഭിച്ചു. അപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടിടപെട്ട് നടപടികള്‍ നിര്‍ത്തിവെയ്പിച്ചുവത്രെ.

ഞാന്‍ പറഞ്ഞതല്ല,ജെ.എന്‍.യുവില്‍ നിന്നുതന്നെയുള്ള വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന്റെ വാക്കുകളാണവ. അന്ന് അദ്ദേഹം കരിങ്കൊടി കാണിച്ച വിദ്യാര്‍ത്ഥികളുടെ മുന്നില്‍ പ്രസംഗമാരംഭിച്ചത് വോള്‍ട്ടയറുടെ വാക്കുകള്‍ കടമെടുത്തുകൊണ്ടായിരുന്നു. 'നിങ്ങള്‍ പറയുന്നതിനെ ഞാന്‍ അനുകൂലിക്കണമെന്നില്ല. പക്ഷേ നിങ്ങള്‍ക്ക് അത് പറയാനുള്ള അവകാശത്തിനായി അവസാനം വരെ ഞാന്‍ പോരാടും' എന്ന്.

അയാള്‍ ഭരണത്തിലുണ്ടായിരുന്ന പത്ത് കൊല്ലം ഇന്ത്യക്കാര്‍ക്ക് ഭയം തോന്നിയിരുന്നില്ല. അയാളെ മിണ്ടാപ്പൂച്ചയെന്ന് വിളിക്കാനോ ഒരിന്ത്യക്കാരനും പേടി തോന്നിയിട്ടില്ല. ഇന്ത്യയുടെ പ്രധാനമന്ത്രിയെ അപമാനിക്കരുതെന്ന് പറഞ്ഞ് ഒരു ദേശസ്‌നേഹിയും വന്നിരുന്നില്ല. അതിന്റെ പേരില്‍ പാക്കിസ്ഥാനിലേക്ക് പോവാനും പറഞ്ഞിട്ടില്ല. അയാള്‍ മിണ്ടാതിരിക്കുന്നെന്ന് കളിയാക്കല്‍ കേട്ടിട്ടും അന്ന് എല്ലാ ഇന്ത്യക്കാര്‍ക്കും ഭയമൊന്നുമില്ലാതെ മിണ്ടാന്‍ കഴിഞ്ഞിരുന്നു.

അന്ന് ഇന്ത്യ ചര്‍ച്ച ചെയ്തിരുന്നത് ചാണകത്തെപ്പറ്റിയല്ല , ചന്ദ്രനെപ്പറ്റിയായിരുന്നു. പ്രതിമ പണിയുന്നതിന്റെ പത്തിലൊന്ന് ചിലവില്‍ ചൊവ്വയിലേക്ക് പര്യവേക്ഷണം നടത്തിയിരുന്നു. അന്‍പത്താറിഞ്ചിന്റെ വീരവാദങ്ങളില്ലായിരുന്നു.മണ്ടത്തരങ്ങള്‍ പറയാറില്ലായിരുന്നു. ചെയ്തത് വച്ച് പരസ്യമടിക്കാനോ പുകഴ്ത്തിപ്പാടാനോ ആളുമില്ലായിരുന്നു. ചരിത്രത്തിനു തന്നോട് ദയ കാണിക്കാനാവും എന്ന് ഉറപ്പുണ്ടായിരുന്ന പ്രധാനമന്ത്രി.

Related Stories

No stories found.
logo
The Cue
www.thecue.in