വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പൊലീസ് പിടികൂടിയതില്‍ സന്തോഷമെന്ന് ഡോ. ജോ ജോസഫ്. സ്ഥാനാര്‍ത്ഥിയെ അവഹേളിക്കുക മാത്രമല്ല കുടുംബത്തെയും ബന്ധുക്കളെയുമെല്ലാം വിഷമിപ്പിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ ചെയ്തപ്പോഴാണ് പ്രതികരിക്കേണ്ടി വന്നതെന്നും ജോ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
യു.ഡി.എഫ് എപ്പോഴും പറഞ്ഞിരുന്നത് പ്രചരിപ്പിച്ചവരെ മാത്രമാണ് അപ്‌ലോഡ് ചെയ്തവരെ പിടികൂടിയില്ല എന്നായിരുന്നു. പൊലീസ് കൃത്യമായ അന്വേഷണം നടത്തിയെന്നും ജോ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
ഡോ. ജോ ജോസഫിന്റെ വാക്കുകള്‍
പ്രതിപക്ഷം എപ്പോഴും ആരോപിച്ച് കൊണ്ടിരുന്നത് ആരാണോ അപ്‌ലോഡ് ചെയ്തത് അവരെ പിടിച്ചിട്ടില്ല, പ്രചരിപ്പിച്ചവരെ മാത്രം പിടിച്ചുവെന്നായിരുന്നു. കൃത്യമായ അന്വേഷണം നടക്കുന്നുണ്ടായിരുന്നു. ആ അന്വേഷണത്തിന് ഒടുവില്‍ വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചിരിക്കുകയാണ്. അത് യു.ഡി.എഫിന്റെ പ്രവര്‍ത്തകനാണ് എന്നാണ് മനസിലാക്കിയിരിക്കുന്നത്.
സത്യം പുറത്ത് വരണം. ഞാന്‍ തെറ്റ് ചെയ്യാത്തിടത്തോളം ശിക്ഷിക്കപ്പെടുകയോ സംശയത്തിന്റെ മുനപോലും ഉണ്ടാകാനോ പാടില്ല. വളരെ സന്തോഷമുണ്ട്. കുടുംബത്തെയും ബന്ധുക്കളെയുമൊക്കെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ അവര്‍ക്ക് വിഷമം ഉണ്ടാക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ ചെയ്തപ്പോള്‍ മാത്രമാണ് പ്രതികരിക്കേണ്ടി വന്നത്.