‘ആ വിരട്ടല്‍ വേണ്ട, ശമ്പളം നല്‍കുന്ന സര്‍ക്കാരിന് വാടക ബുദ്ധിമുട്ടല്ല’ ;സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകളോട് മുഖ്യമന്ത്രി
വിരട്ടല്‍ വേണ്ടെന്ന് സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകളോട് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂള്‍ നടത്താനാകില്ല, എറ്റെടുത്തോളൂവെന്ന് ചില മാനേജ്‌മെന്റുകള്‍ സര്‍ക്കാരിനെ വിരട്ടുകയാണ്. ആ വിരട്ടല്‍ വേണ്ട. ആവശ്യമെങ്കില്‍ എയ്ഡഡ് സ്‌കൂളുകള്‍ വാകയ്കയ്‌ക്കെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. ശമ്പളം നല്‍കുന്ന സര്‍ക്കാരിന് വാടക നല്‍കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തെറ്റായ രീതിയില്‍ പോകുന്നവരെ നേരെയാക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. കച്ചവട താല്‍പ്പര്യം മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെയാണ് ബജറ്റ് നിര്‍ദേശം. എയ്ഡഡ് മാനേജ്‌മെന്റുകളെ സര്‍ക്കാര്‍ അവിശ്വസിക്കുന്നില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
ഇനിയുള്ള അധ്യാപക നിയമനങ്ങള്‍ക്കാണ് സര്‍ക്കാര്‍ അനുമതി തേടേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അദ്ധ്യാപക നിയമനത്തിന് സര്‍ക്കാര്‍ അനുമതി വേണമെന്നാണ് ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞദിവസം അവതരിപ്പിച്ച ബജറ്റിലെ നിര്‍ദേശം. ഇതിനെതിരെ എയ്ഡഡ് മാനേജ്‌മെന്റ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. ലോവര്‍ പ്രൈമറി സ്‌കൂളുകളില്‍ 30 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്നതാണ് അനുപാതം.
അപ്പര്‍ പ്രൈമറിയില്‍ 35 വിദ്യാര്‍ത്ഥികല്‍ക്ക് ഒരു അധ്യാപകന്‍ എന്നതുമാണ് ചട്ടം. എന്നാല്‍ ഈ അനുപാതത്തേക്കാള്‍ ഒരു കുട്ടി കൂടിയാല്‍ പുതിയ അധ്യാപക തസ്തിക സൃഷ്ടിക്കാമെന്ന് വ്യാഖ്യാനിച്ച് മാനേജ്‌മെന്റുകള്‍ നിയമനം നടത്തിപ്പോരുകയാണ്. എഇഒമാരുടെ അനുവാദത്തോടെ നിയമനമാകാം എന്ന പഴുത് ഉപയോഗിച്ചാണിത്. ഇതിന് തടയിടാനാണ് സര്‍ക്കാര്‍ നീക്കം. മതിയായ പരിശോധനയോ ആലോചനയോ ഇല്ലാതെ 18,119 തസ്തികകള്‍ സൃഷ്ടിക്കപ്പെട്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 13255 പേര്‍ പ്രൊട്ടക്ടഡ് അധ്യാപകരായി തുടരുമ്പോഴാണ് ഈ നിയമനങ്ങള്‍ നടന്നത്.