പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും തോറ്റുവെന്നറിയാം, അതിനാണോ പോരടിക്കുന്നത്; കാത്തുനിര്‍ത്തിയെന്ന കേന്ദ്രത്തിന്റെ പരാതി പൊളിച്ച്‌ മമത

പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും തോറ്റുവെന്നറിയാം, അതിനാണോ പോരടിക്കുന്നത്; കാത്തുനിര്‍ത്തിയെന്ന കേന്ദ്രത്തിന്റെ പരാതി
 പൊളിച്ച്‌ മമത
Published on

ന്യൂദല്‍ഹി: യാസ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട യോഗത്തില്‍ പ്രധാനമന്ത്രിക്ക് മമത ബാനര്‍ജിയെ കാത്തുനില്‍ക്കേണ്ടി വന്നുവെന്ന ആരോപണം കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയതിന് പിന്നാലെ മറുപടിയുമായി മമത ബാനര്‍ജി. പ്രധാനമന്ത്രി പറയുന്നത് തികച്ചും അവാസ്തവമായ കാര്യങ്ങളാണെന്ന് മമത തുറന്നടിച്ചു.

'' ഞങ്ങളെ ഇങ്ങനെ അപമാനിക്കേണ്ട ആവശ്യമില്ല. ഗംഭീര വിജയം ഞങ്ങള്‍ക്ക് ലഭിച്ചതുകൊണ്ടാണോ ഇങ്ങനെ പെരുമാറുന്നത്. നിങ്ങള്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും തോറ്റതാണെന്ന് അറിയാം. എന്തിനാണ് എല്ലാ ദിവസവും ഞങ്ങളോട് പോരടിക്കുന്നത്,'' മമത ചോദിച്ചു.

സ്ഥലത്തുണ്ടായിട്ടും ബംഗാള്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയില്ല. പ്രധാനമന്ത്രി, ഗവര്‍ണര്‍ എന്നിവര്‍ അരമണിക്കൂറോളം മുഖ്യമന്ത്രിയെ കാത്തിരുന്നു എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ആരോപണം ഉന്നയിച്ചത്. പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയെ കേന്ദ്ര സര്‍ക്കാര്‍ വിവാദത്തിന് പിന്നാലെ തിരികെ വിളിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ തനിക്ക് തീരദേശത്തുള്ള ഒരു ജില്ല സന്ദര്‍ശിക്കാനുണ്ടായിരുന്നെന്നും. ഇക്കാര്യം നേരത്തെ നിശ്ചയിച്ചിരുന്നതാണെന്നും മമത ബാനര്‍ജി പറഞ്ഞു. പ്രധാനമന്ത്രിയുടെ അനുവാദം വാങ്ങിയിട്ടാണ് പോയതെന്നും മമത കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയപരമായ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ വേണ്ടി മാത്രമാണ് പ്രധാനമന്ത്രി യോഗം വിളിച്ചതെന്നും മമത കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷത്തെയും യോഗത്തില്‍ ക്ഷണിച്ചിരുന്നെന്നും അവര്‍ പറഞ്ഞു.

പ്രധാനമന്ത്രി തന്നെ കാത്തിരുന്നു എന്നാണ് പ്രചരണം. എന്നാല്‍ തനിക്കാണ് 20 മിനിറ്റ് പ്രധാനമന്ത്രിയെ കാത്തിരിക്കേണ്ടി വന്നതെന്നും മമത കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി മറ്റൊരു യോഗത്തിലാണ് എന്നായിരുന്നു ആദ്യം മറുപടി ലഭിച്ചത്. അടുത്ത ഒരു മണിക്കൂറിനുള്ളില്‍ ആര്‍ക്കും പ്രവേശനം അനുവദിക്കില്ലെന്നും അറിയിപ്പ് ലഭിച്ചു.

പിന്നെ ഒരാള്‍ വന്ന് യോഗം കോണ്‍ഫറന്‍സ് ഹാളിലേക്ക് മാറ്റിയെന്ന് അറിയിച്ചു. അതുകൊണ്ട് ഞാനും ചീഫ് സെക്രട്ടറിയും അങ്ങോട്ട് പോയി.

അവിടെ പ്രധാനമന്ത്രിയും, ഗവര്‍ണറും പ്രതിപക്ഷത്തുള്ള ചില ബിജെപി എം.എല്‍.എമാരും കൂടിയുള്ള യോഗം നടക്കുകയായിരുന്നു. നേരത്തെ നിശ്ചയിച്ച യോഗത്തില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും മാത്രമായിരുന്നു ഉള്ളത്. അതുകൊണ്ട് കൂടിയാണ് റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച് ഞാന്‍ മടങ്ങിയത് മമത കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in